സ്ത്രീകൾക്കുള്ള ധൈര്യം പുരുഷന്മാർക്ക് ഇല്ല: പി.എഫ്.മാത്യൂസ്
Mail This Article
കൊച്ചി∙ കഥകളിൽ മാത്രമല്ല ജീവിതത്തിലും സ്ത്രീകൾക്കുള്ള ധൈര്യവും കരുത്തും പുരുഷന്മാർക്കില്ലെന്ന വെളിപ്പെടുത്തലോടെ എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി.എഫ്. മാത്യൂസ് തുടങ്ങിയ സാഹിത്യ സല്ലാപം കാക്കനാട് ജെയിൻ യൂണിവേഴ്സിറ്റി വിദ്യാർഥികൾക്കു കഥയും സിനിമയും കടന്നുള്ള അനുഭവമായി. വീട്ടിലെ സംവിധായിക ഭാര്യയാണെന്ന കൂട്ടിച്ചേർക്കലോടെ ഡയറക്ടറും നടനുമായ ജോണി ആന്റണിയും പിഎഫിനോടു ചേർന്നു.
തണ്ടാശേരിപറമ്പിലെ കുഞ്ഞമ്മത്താത്തി ചീത്ത പറയുമ്പോൾ അതു സംഗീതം പോലെ കേൾക്കുകയും സംഗീതം പോലെ ആസ്വദിക്കുകയും ചെയ്തിരുന്ന ഒരുകാലത്തെ കുറിച്ചു പറഞ്ഞു കൊണ്ടാണു പി.എഫ്.മാത്യൂസ് തീവ്രമായ ഭാഷാ സങ്കേതമാണു ‘തെറി’യെന്നു പ്രഖ്യാപിച്ചു കുട്ടികളെ ഞെട്ടിച്ചത്. ആദ്യത്തെ നിശബ്ദതയ്ക്കു ശേഷം കുട്ടികൾ പിഎഫിനെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. അതോടെ ജോണിയും വിട്ടില്ല ‘പാൽതു ജാൻവർ’ സിനിമയിൽ തന്റെ കഥാപാത്രം തെറി പറയുന്നതു കേട്ടിട്ട് ഇഷ്ടമായെന്നു പലരും പറഞ്ഞിട്ടുണ്ടെന്നായി ജോണി ആന്റണി. സാഹിത്യസല്ലാപത്തിലെ ‘തെറി’ കൈവിട്ടുപോവാതിരിക്കാൻ മോഡറേറ്ററായ മനോരമ ന്യൂസ് ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് ഇടപെട്ട് ഇതൊരു ശക്തമായ ഭാഷാ സങ്കേതമാണെന്നു പറഞ്ഞു നിർത്തി.
നവംബർ 1 മുതൽ 3 വരെ കോഴിക്കോട്ടു നടക്കുന്ന മനോരമ ഹോർത്തൂസ് മഹാസംഗമത്തിനു മുന്നോടിയായി തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന മനോരമ വായനാസംഗമമാണു ഇന്നലെ ജെയിൻ യൂണിവേഴ്സിറ്റിയുടെ കാക്കനാട് ക്യാംപസിൽ നടന്നത്.ചർച്ചയ്ക്കു ശേഷം വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് വിശിഷ്ടാതിഥികൾ മറുപടി പറഞ്ഞു.
ചർച്ച സിനിമയിലെത്തിയപ്പോൾ തിരക്കഥയാണോ സിനിമയെ മികച്ചതാക്കുന്നതെന്ന ചോദ്യം ഉയർന്നു. തിരക്കഥയേക്കാൾ പ്രധാനം സംവിധായകന്റെ കാഴ്ചയും ഉൾക്കാഴ്ചയുമാണെന്നു പി.എഫ്. മാത്യൂസ് പറഞ്ഞപ്പോൾ അതു മാത്യൂച്ചേട്ടൻ വിനയം കൊണ്ടു പറയുന്നതാണെന്നായിരുന്നു ജോണി ആന്റണിയുടെ പ്രതികരണം. മനോരമ ബുക്സ് എഡിറ്റർ ഇൻ ചാർജ് തോമസ് ഡൊമിനിക്, ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ടോം എം.ജോസഫ് എന്നിവർ പ്രസംഗിച്ചു.