പ്രകാശമായെത്തി ദേവീ മൂകാംബിക; വർഷങ്ങൾക്കുശേഷം രാത്രിയിൽ പുഷ്പരഥോത്സവം
Mail This Article
കൊല്ലൂർ ∙ മൂകാംബികയെ പൊതിഞ്ഞുനിന്ന അവസാന ഇരുൾത്തരിയും മാഞ്ഞു. ഞാനെന്ന ഭാവം അലിഞ്ഞില്ലാതായ ഭക്തരെക്കാണാൻ അമ്മ പ്രകാശമായെത്തി. വർഷങ്ങൾക്കുശേഷം മൂകാംബിക മണ്ണിൽ രാത്രിയിൽ ഒരു പുഷ്പരഥോത്സവം.
പ്രധാനചടങ്ങായ ചണ്ഡികാ യാഗത്തോടെയാണു കൊല്ലൂർ ഇന്നലെ തിരക്കിലമർന്നത്. വൈകിട്ട് 4ന് തുടങ്ങിയ പ്രദോഷപൂജ പൂർത്തിയായതോടെ നവരാത്രി പൂജ തുടങ്ങി. തുടർന്ന് ശീവേലി.
2 തവണ ക്ഷേത്രം വലംവച്ചശേഷം രാത്രി മുഖ്യ അർച്ചകൻ സുബ്രഹ്മണ്യ അഡിഗയുടെ കാർമികത്വത്തിൽ പുഷ്പരഥംവലി ചടങ്ങുകൾക്ക് തുടക്കമിട്ട് രഥാരോഹണം നടത്തി. തുടർന്ന് രഥത്തിലേറി അമ്മ മക്കൾക്കിടയിലേക്ക്.
മുഖ്യതന്ത്രി നിത്യാനന്ദ അഡിഗയും മറ്റ് അർച്ചകരും അനുഗമിച്ചു. തുടർന്ന്, കാണിക്കയായി ലഭിച്ച നാണയത്തുട്ടുകൾ ഭക്തജനങ്ങൾക്കായി വായുവിലുയർന്നു. പ്രാർഥനകളോടെ ഉയർത്തിയ കൈകളിലേക്ക്, സമ്പത്തിന്റെ പ്രതീകമായ, അമ്മയുടെ സമ്മാനമായ ആ തുട്ടുകൾ വീണു. പിന്നാലെ രഥംവലി പൂർത്തിയാക്കി സരസ്വതീ മണ്ഡപത്തിൽ പൂജയ്ക്കുശേഷം ദേവിയെ തിരികെ ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചു. തുടർന്നു പൂർണ കുംഭാഭിഷേകം, കഷായ ദീപാരാധന എന്നിവയോടെ രഥോത്സവത്തിന് സമാപനം.
വിജയദശമിദിനമായ ഇന്നു പുലർച്ചെ 3നു നടതുറക്കും. അതോടെ വിദ്യാരംഭച്ചടങ്ങുകൾക്കു തുടക്കമാകും. രാവിലെ 6ന് വിജയദശമി പൂജകൾ ആരംഭിക്കും. ആയിരക്കണക്കിന് കുരുന്നുകൾ വിദ്യാരംഭത്തിനെത്തും. ഉച്ചയ്ക്ക് 12.30ന് പുത്തരി നിവേദ്യ സമർപ്പണമായ നവാന്ന പ്രശാനം നടക്കും. വൈകിട്ട് 4.30ന് നടക്കുന്ന വിജയോത്സവത്തിനും രാത്രിപൂജയ്ക്കും ശേഷം 9.30ന് നട അടയ്ക്കും.