സുഗന്ധഗിരി മരം കൊള്ളക്കേസ്: ഡിഎഫ്ഒയ്ക്ക് ‘താക്കീത്’ മാത്രം
Mail This Article
കോഴിക്കോട് ∙ വനം വകുപ്പിന്റെ ഉന്നതതലത്തിൽ വ്യാപക പ്രതിഷേധത്തിനു വഴിവച്ചുകൊണ്ട് വയനാട് സുഗന്ധഗിരി മരം കൊള്ള കേസിൽ ഡിഎഫ്ഒ എ.ഷജ്നയ്ക്കെതിരായ നടപടി ‘താക്കീത്’ നൽകി സർക്കാർ അവസാനിപ്പിച്ചു.
മേൽനോട്ടച്ചുമതലയുള്ള ഉദ്യോഗസ്ഥയ്ക്കെതിരെ ഗൗരവമായ നടപടി വേണമെന്ന വിജിലൻസ് റിപ്പോർട്ടുകൾ അവഗണിച്ചു കൊണ്ടാണ് അഡിഷനൽ സെക്രട്ടറി തലത്തിൽ ഡിഎഫ്ഒയുടെ മൊഴി രേഖപ്പെടുത്തി നടപടികൾ അവസാനിപ്പിച്ചത്. കേസിൽ സസ്പെൻഷനും മറ്റു നടപടികളും നേരിട്ട ശേഷിക്കുന്ന 17 വനം ഉദ്യോഗസ്ഥരും ഇതേ മാതൃകയിൽ തങ്ങളെയും ഒഴിവാക്കണമെന്ന ആവശ്യവുമായി സമീപിച്ചാൽ വനം വകുപ്പ് വെട്ടിലാകും.
സുഗന്ധഗിരി മരം കൊള്ളയെ തുടർന്ന് 18 വനം ഉദ്യോഗസ്ഥർക്കെതിരെയാണു നടപടി എടുത്തിരുന്നത്. ഒറ്റ ഫയലായാണ് സർക്കാർ ഇത് ഒരു ഘട്ടത്തിൽ പരിഗണിച്ചിരുന്നത്. പിന്നീട് ആറു പാർട്ട് ഫയലുകളാക്കി മാറ്റി ഡിഎഫ്ഒയ്ക്കെതിരെയുള്ള നടപടി മാത്രം ഒഴിവാക്കുകയായിരുന്നു എന്നാണു സൂചന.
മേൽനോട്ടപ്പിഴവുകൾ വരുത്തിയ ഡിഎഫ്ഒയ്ക്കെതിരെ അന്വേഷണം വേണമെന്നായിരുന്നു വനം വിജിലൻസിന്റെ നിലപാട്. ഗുരുതരമായ മേൽനോട്ടപ്പിഴവ് ഡിഎഫ്ഒയുടെ ഭാഗത്തു നിന്നുണ്ടായി എന്നു റിപ്പോർട്ട് നൽകി. അവരുടെ ഭാഗം കേട്ട് നടപടി തുടരാവുന്നതാണെന്നാണു വനം വകുപ്പ് അന്തിമ ശുപാർശ നൽകിയത്.
ഇതു മറികടന്നാണ് സർക്കാർ തന്നെ നേരിട്ട് ഫയൽ പരിശോധിച്ച് നടപടികൾ അവസാനിപ്പിച്ചത്. മുറിച്ച മരങ്ങളെല്ലാം പിടിച്ചെടുത്തതിനാൽ സർക്കാരിനു നഷ്ടം സംഭവിച്ചിട്ടില്ലെന്നും അതിനാൽ നടപടികൾ അവസാനിപ്പിക്കാമെന്നുമാണു തീരുമാനം.
സുഗന്ധഗിരിയിൽ ജീവനു ഭീഷണിയായ 20 മരങ്ങൾ മുറിക്കാനുള്ള അനുമതിയുടെ മറവിൽ 106 മരങ്ങൾ അനധികൃതമായി വെട്ടി കടത്തിയതാണ് കേസിന് ആധാരം. കേസിൽ മഹസർ തയാറാക്കുന്നതിനായി മില്ലുകളിൽ നിന്നു തൊണ്ടിമുതലായ മരങ്ങൾ പിടിച്ചെടുക്കുന്നതിനു പകരം സ്വകാര്യ എസ്റ്റേറ്റിലെ മരങ്ങൾ മുറിച്ചു എത്തിച്ചിരിക്കുകയാണെന്നാണു സൂചന.
വനത്തിൽ ശേഷിക്കുന്ന യഥാർഥ മരത്തിന്റെ കുറ്റിയും പിടിച്ചെടുത്ത കഷണവും യോജിക്കാതാവുന്നതോടെ കേസ് തന്നെ കോടതി തള്ളുന്ന സ്ഥിതിയാകുമെന്നു വനം ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഇതിനിടയിലാണു മറ്റു ഉദ്യോഗസ്ഥരെയെല്ലാം ഇരുട്ടിൽ നിർത്തി ഒരാൾക്കെതിരായ നടപടി മാത്രം സർക്കാർ അവസാനിപ്പിച്ചത്.