തിരുവില്വാമല ബാങ്ക് പണം തട്ടിപ്പ്: ഡയറക്ടർമാർക്കും ജീവനക്കാർക്കും എതിരെ കേസ്
Mail This Article
തിരുവില്വാമല∙കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് 8 പേർക്കെതിരെ കേസ്. ബാങ്ക് സെക്രട്ടറി വിനോദ് കുമാർ, പ്രസിഡന്റ് എം.അരവിന്ദാക്ഷൻ നായർ, ഡയറക്ടർ വി.രാമചന്ദ്രൻ, അസിസ്റ്റന്റ് സെക്രട്ടറി എ. മുരളി, അക്കൗണ്ടന്റ് കെ.എൻ.ബാബു, ഹെഡ് ക്ലാർക്ക് വി.എൻ.സുമേഷ്, ജൂനിയർ ക്ലാർക്ക് ഷീജ, ഓഫിസ് അറ്റൻഡർ വി.ബാബു എന്നിവർക്കെതിരെയാണു പൊലീസ് കേസ്.
ഇടപാടുകാരുടെ സ്ഥിര നിക്ഷേപങ്ങൾ വ്യാജരേഖ ചമച്ചു പിൻവലിച്ച് തട്ടിപ്പു നടത്തിയ കേസിൽ മാസങ്ങൾക്കു മുൻപ് അറസ്റ്റിലായ ഹെഡ് ക്ലാർക്ക് മലേശമംഗലം കോട്ടാട്ടിൽ സുനീഷ് (38) കോടതിയിൽ നൽകിയ പരാതിയെ തുടർന്നു കോടതി നിർദേശ പ്രകാരമാണു കേസ്.
സുനീഷിന്റെ ബന്ധുക്കളും പരിചയക്കാരും അടക്കം പതിനഞ്ചോളം പേരുടെ സ്ഥിര നിക്ഷേപങ്ങൾ വ്യാജഒപ്പും രേഖകളും ഉണ്ടാക്കി 2021 മുതൽ 24 വരെ കാലയളവിൽ പല തവണകളിലായി 2.43 കോടി രൂപ പിൻവലിച്ചെന്ന ബാങ്കിന്റെ പരാതിയിലാണു സുനീഷിനെ അറസ്റ്റ് ചെയ്തത്. പിന്നീട് സുനീഷിനെ പിരിച്ചുവിടുകയും ഇയാളുടെ വസ്തുവകകൾ കണ്ടു കെട്ടുകയും ചെയ്തെന്നും ബാങ്ക് അധികൃതർ അറിയിച്ചിരുന്നു.