ബലാൽസംഗക്കേസ്: സഹകരിക്കുന്നില്ല; സിദ്ദിഖിന്റെ ചോദ്യംചെയ്യൽ അവസാനിപ്പിച്ചു
Mail This Article
തിരുവനന്തപുരം ∙ ബലാൽസംഗക്കേസിലെ അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി നടൻ സിദ്ദിഖിന്റെ ചോദ്യംചെയ്യൽ അവസാനിപ്പിച്ച് അന്വേഷണസംഘം. മൊബൈൽ ഫോൺ ഉൾപ്പെടെ പൊലീസ് ആവശ്യപ്പെട്ട തെളിവുകൾ സിദ്ദിഖ് ചോദ്യംചെയ്യൽ സമയത്ത് ഹാജരാക്കിയതുമില്ല.
അതേസമയം, ഷാഡോ പൊലീസ് നിരന്തരം പിന്തുടർന്ന് വിവരങ്ങൾ എടുക്കുന്നുവെന്നും ഇത് മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നുവെന്നും ചൂണ്ടിക്കാട്ടി സിദ്ദിഖ് ഡിജിപിക്ക് പരാതി നൽകി. പരാതി ഡിജിപി കൊച്ചി സെൻട്രൽ പൊലീസിനു കൈമാറി. ചോദ്യംചെയ്യലിൽ സഹകരിക്കുന്നില്ലെന്ന കാര്യം സുപ്രീം കോടതിയിൽ അറിയിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞ സുപ്രീം കോടതി, വേണമെങ്കിൽ അന്വേഷണസംഘത്തിന് സിദ്ദിഖിനെ ചോദ്യംചെയ്യാമെന്നായിരുന്നു നിർദേശിച്ചത്.
ശനിയാഴ്ച മകനൊപ്പമെത്തിയ സിദ്ദിഖിനെ ക്രൈംബ്രാഞ്ച് എസ്പിമാരായ മെറിൻ ജോസഫും എസ്.മധുസൂദനനും അടങ്ങിയ പ്രത്യേകസംഘം കഷ്ടിച്ച് 2 മണിക്കൂറാണ് ചോദ്യംചെയ്തത്. ബലാൽസംഗം നടന്ന സമയത്തും അതിനു മുൻപും ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും ഐപാഡും അടക്കമുള്ള തെളിവുകളുമായി എത്താനായിരുന്നു നിർദേശം. അവ സിദ്ദിഖ് കൊണ്ടുവന്നില്ല.