മദ്രസകൾക്കെതിരായ നിലപാട് ഭരണഘടനാവിരുദ്ധം: ഗോവിന്ദൻ
Mail This Article
തളിപ്പറമ്പ് ∙ മദ്രസകൾക്കെതിരായ കേന്ദ്ര ബാലാവകാശ കമ്മിഷന്റെ നിലപാട് ഭരണഘടനാവിരുദ്ധവും മതനിരപേക്ഷതയ്ക്കു യോജിക്കാത്തതുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
ഇതു കേരളത്തിൽ എന്തെങ്കിലും പ്രധാനപ്പെട്ട പ്രശ്നം ഉണ്ടാക്കുമെന്നു തോന്നുന്നില്ല. കാരണം കേരളത്തിലെ മദ്രസകൾ മറ്റു സംസ്ഥാനങ്ങളിലേതു പോലെയല്ല. ഇവിടെ മദ്രസകൾക്കു സർക്കാർ ധനസഹായം നൽകുന്നില്ല. അധ്യാപകർക്കു നൽകുന്ന ക്ഷേമനിധി മറ്റു മേഖലകളിലും ഉള്ളതാണ്.
എന്നാൽ, ഇതരസംസ്ഥാനങ്ങളിൽ ന്യൂനപക്ഷത്തിന് അവരാഗ്രഹിക്കുന്ന വിദ്യാഭ്യാസം മുന്നോട്ടു കൊണ്ടുപോകുന്നതിനു വിലങ്ങുകൾ വരാൻ പോകുന്നു എന്നതാണ് കാര്യം. അതാണു പ്രതിഷേധത്തിന് ഇടയാക്കുന്നതും. മതധ്രുവീകരണം തന്നെയാണ് ഇതിനുപിന്നിൽ. വെറുതേ കൊല്ലുന്നതിനു പകരം എന്തെങ്കിലും കാര്യം പറഞ്ഞ് കൊല്ലുന്നുവെന്നു മാത്രം – ഗോവിന്ദൻ പറഞ്ഞു.
കമ്മിഷൻ നിർദേശം കേരളത്തിലെ
മദ്രസകളെക്കുറിച്ചല്ല: കെ.സുരേന്ദ്രൻ
കോഴിക്കോട് ∙ വിദ്യാഭ്യാസ അവകാശ നിയമം പാലിക്കാതെ പ്രവർത്തിക്കുന്ന മദ്രസകൾക്കു ഫണ്ട് നൽകരുതെന്ന ബാലാവകാശ കമ്മിഷന്റെ നിർദേശം കേരളത്തിലെ മദ്രസകളെക്കുറിച്ചല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ.
സ്വമേധയാ, സ്വകാര്യമായി മതപഠനം നടത്താൻ സ്വാതന്ത്ര്യമുള്ള നാടാണ് നമ്മുടേതെന്നും സുരേന്ദ്രൻ പറഞ്ഞു. വടക്കേ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കുട്ടികളെ മദ്രസകളിൽ മാത്രമാണ് അയയ്‌ക്കുന്നത്.
അതുകൊണ്ടു തന്നെ സാധാരണ പാഠ്യപദ്ധതി പഠിക്കാൻ അവർക്ക് അവസരം ലഭിക്കുന്നില്ല. മദ്രസകളെ അവിടെ എയ്ഡഡ് സ്‌കൂളുകളായിട്ടാണ് കാണുന്നത്. അത് അവസാനിപ്പിക്കണമെന്നേ പറഞ്ഞിട്ടുള്ളൂവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.