ADVERTISEMENT

കൊച്ചി ∙ മുഖ്യമന്ത്രിയുടെ മകൾ വീണയിൽ നിന്നു എസ്എഫ്ഐഒ തെളിവെടുത്തതു പ്രഹസനമാണെന്നും കേന്ദ്ര ഏജൻസികളൊന്നും പിണറായിക്കെതിരെ അന്വേഷിക്കാൻ പോകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.

ചോദ്യം ചെയ്യൽ സ്വാഭാവിക നടപടി മാത്രം. അതിനപ്പുറത്തേക്കു ഒന്നുമില്ല. തിരഞ്ഞെടുപ്പു കഴിഞ്ഞ ശേഷം കരുവന്നൂർ എന്ന വാക്ക് ഇ.ഡിയിൽ നിന്നു കേട്ടിട്ടില്ല.

സിപിഎമ്മും ബിജെപിയും നേർക്കുനേർ എന്നു വരുത്തി തീർക്കാനുള്ള ശ്രമമാണിത്. കരുവന്നൂരിലും ഇങ്ങനെ ചെയ്തിട്ടാണു തൃശൂർ സീറ്റിൽ അഡ്ജസ്റ്റ്‌മെന്റ് നടത്തിയത്. 3 ഉപതിരഞ്ഞെടുപ്പുകൾ പ്രഖ്യാപിക്കുന്നതിന്റെ മറവിലാണ് ഇത്.

കുഴൽപണ കേസിൽ സഹായിച്ചതിനു പിന്നാലെയാണു സുരേന്ദ്രനെ മഞ്ചേശ്വരം കോഴക്കേസിൽ സഹായിച്ചത്. കേസിൽ ഒരു വർഷം കഴിഞ്ഞിട്ടും പ്രോസിക്യൂഷൻ കുറ്റപത്രം നൽകിയില്ല. ഇക്കാര്യം ജഡ്ജി ഉത്തരവിൽ എഴുതി വച്ചിട്ടുണ്ട്.

കരുവന്നൂരിൽ സിപിഎം ജില്ലാ സെക്രട്ടറിയും എ.സി മൊയ്തീനും ഉൾപ്പെടെയുള്ള നേതാക്കളെ ഇ.ഡി. വിളിപ്പിച്ചു. ഇപ്പോൾ അറസ്റ്റ് ചെയ്യുമെന്ന തോന്നലുണ്ടാക്കി. അതു തന്നെയാണ് ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നത്.

മഞ്ചേശ്വരം കോഴ കേസിൽ ചാർജ് ഷീറ്റ് വൈകിപ്പിച്ചു സുരേന്ദ്രനെ വിട്ടയച്ചതിനെ കുറിച്ച് മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. മൂന്നു സീറ്റുകളിലും തിരഞ്ഞെടുപ്പ് നേരിടാൻ കോൺഗ്രസും യുഡിഎഫും സജ്ജമാണ്– സതീശൻ പറഞ്ഞു.

വീണയുടെ മൊഴിയെടുപ്പ് വെറുതേ: കുഴൽനാടൻ

മൂവാറ്റുപുഴ ∙ അന്വേഷണ കാലാവധി കഴിഞ്ഞിട്ടും എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ട് പുറത്തുവരാത്തത് ദുരൂഹമാണെന്നു മാത്യു കുഴൽനാടൻ എംഎൽഎ. എസ്എഫ്ഐഒയുടെ അന്വേഷണ കാലാവധി വർധിപ്പിക്കാതെ മുഖ്യമന്ത്രിയുടെ മകളുടെ മൊഴി എടുത്തതിനു നിയമ സാധുത ഉണ്ടോയെന്നു പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. 

എസ്എഫ്ഐഒ അന്വേഷണ കാലാവധി 2024 സെപ്റ്റംബർ 31ന് വരെ ആയിരുന്നു. കാലാവധി കഴിഞ്ഞിട്ടും ബന്ധപ്പെട്ട കക്ഷികളിൽ നിന്നു മൊഴി എടുത്തിരുന്നില്ല എന്നത് കോടതിയിൽ അന്വേഷണ ഏജൻസിക്കു തിരിച്ചടിയാകും.

ഇതൊഴിവാക്കാൻ വേണ്ടിയാണു ഇപ്പോൾ നടക്കുന്ന മൊഴി എടുക്കൽ നാടകം എന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. അതുകൊണ്ടു തന്നെ എസ്എഫ്ഐഒ വീണയുടെ മൊഴി എടുത്തതിലോ അന്വേഷണത്തിലോ വലിയ പ്രതീക്ഷ വച്ചു പുലർത്തുന്നില്ല.

English Summary:

V.D. Satishan about Veena's statement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com