ADVERTISEMENT

തിരുവനന്തപുരം∙ ഗവർണർ തനിക്കെതിരെ ബോധപൂർവം വ്യക്തിപരമായ അധിക്ഷേപം നടത്തുകയാണെന്നു രൂക്ഷമായ ഭാഷയിൽ കുറ്റപ്പെടുത്തി മുഖ്യമന്ത്രി കത്തയച്ചു. ഗവർണറുടെ നീക്കങ്ങൾക്കു പിന്നിൽ മറ്റെന്തോ ഗൂഢലക്ഷ്യമുണ്ടെന്നു സംശയിക്കുന്നു. പറഞ്ഞ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിച്ച് പൊതുസമൂഹത്തിൽ ആവർത്തിച്ച് ആരോപണങ്ങളുന്നയിക്കുന്നത് സംസ്ഥാനത്തെയും ജനങ്ങളെയും അവഹേളിക്കാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണെന്നു ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, ഗവർണറുടെ നടപടികൾ സംസ്ഥാന വിരുദ്ധമാണെന്ന പരോക്ഷ സൂചനയും നൽകി. 

ഈ മാസം 11ന് ആണു ഗവർണർ അയച്ച കത്ത് ലഭിച്ചതെന്നും 75 വർഷം മുൻപ്, മറ്റൊരു ഒക്ടോബർ 11ന് ആണു ഗവർണർമാരുടെ അധികാരത്തെക്കുറിച്ച് ഭരണഘടനാ അസംബ്ലി ചർച്ച ചെയ്തതെന്നുമുള്ള ആമുഖത്തോടെയാണു മുഖ്യമന്ത്രിയുടെ കത്ത്. 

മുഖ്യമന്ത്രിക്കു വിശ്വാസ്യതയില്ല, സ്വർണക്കടത്തിൽ നിന്നുള്ള പണം നിരോധിത സംഘടനകൾ ഉപയോഗിക്കുന്നുവെന്നു കേരള പൊലീസ് വെബ്സൈറ്റിൽ ചൂണ്ടിക്കാട്ടി എന്നിങ്ങനെ ഗവർണർ ഉന്നയിച്ച ആരോപണങ്ങൾക്കാണു മുഖ്യമന്ത്രി മറുപടി നൽകിയത്. സർക്കാരിന് ഒന്നും ഒളിക്കാനില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. പൊലീസിനെക്കുറിച്ച് ഗവർണർ നടത്തിയ പരാമർശം വസ്തുതകൾക്കു നിരക്കുന്നതല്ല. 

സമ്പദ്ഘടനയെ തകിടംമറിക്കുകയും നികുതിവരുമാനം നഷ്ടപ്പെടുത്തുകയും ചെയ്യുന്നുവെന്ന കാരണത്താലാണു സ്വർണക്കടത്ത് രാജ്യത്തിനെതിരായ കുറ്റമാണെന്നു താൻ ചൂണ്ടിക്കാട്ടിയത്. ഉദ്ദേശിച്ചതിലും കൂടുതൽ വ്യാഖ്യാനം അതിനു നൽകുന്നതിൽനിന്നു ഗവർണർ പിൻമാറണം. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് വിമാനത്താവളത്തിനു പുറത്തെത്തിക്കുന്ന സ്വർണവും പണവും പിടിച്ചെടുത്തതിന്റെ കണക്കുകളാണു പൊലീസിന്റെ വെബ്സൈറ്റിൽ നൽകിയത്. തന്റെ വാക്കുകളെ ബോധപൂർവം വളച്ചൊടിക്കുകയാണ്. 

ദേശവിരുദ്ധ പ്രവർത്തനം നടക്കുന്നുവെന്ന് ‘ദ് ഹിന്ദു’വിനു നൽകിയ അഭിമുഖത്തിലോ വാർത്താ സമ്മേളനത്തിലോ പറഞ്ഞിട്ടില്ല. താൻ പറയാത്ത കാര്യങ്ങൾ അഭിമുഖത്തിൽ ചേർത്തതിനു പത്രം ക്ഷമാപണം നടത്തിയിട്ടുണ്ട്. പി.വി.അൻവർ ഉന്നയിച്ച ആരോപണങ്ങൾ സംബന്ധിച്ച് ഗവർണർ ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടി ബോധപൂർവം വൈകിച്ചിട്ടില്ല. 

English Summary:

'Ulterior motive behind Governor's action': Chief Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com