ADVERTISEMENT

ആലപ്പുഴ ∙ മുൻ എംപി ടി.ജെ.ആഞ്ചലോസിനെ 26 വർഷം മുൻപ് സിപിഎമ്മിൽനിന്നു പുറത്താക്കിയതു കള്ളറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലെന്ന് മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി.സുധാകരൻ. 1996ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ സി.എസ്.സുജാതയുടെ തോൽവിയെ തുടർന്ന് 1998ലെ പാർട്ടി നടപടിയെക്കുറിച്ചാണു കഴിഞ്ഞ ദിവസം സുധാകരൻ സൂചിപ്പിച്ചത്. ‘പതിവില്ലാതെ എന്നെ ജില്ലാ കമ്മിറ്റി യോഗത്തിൽ അധ്യക്ഷനാക്കി. അജൻഡ വച്ചാണ് ആഞ്ചലോസിനെ പുറത്താക്കിയത്. ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല. എന്നെയും ചതിച്ചു’; സിപിഐ നേതാവ് എ.ശിവരാജ‌ൻ പുരസ്കാരം സ്വീകരിച്ചുകൊണ്ടുള്ള പ്രസംഗത്തിൽ, ആഞ്ചലോസിന്റെ സാന്നിധ്യത്തിൽ സുധാകരൻ ‌വെളിപ്പെടുത്തി.  

‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഇരുട്ടടിയായിരുന്നു അത്. ചതിച്ചതാണ്. ചതിച്ചയാൾ നല്ല തരത്തിലല്ല മരിച്ചത്. തിരഞ്ഞെടുപ്പു ദിവസം ആഞ്ചലോസ് കടപ്പുറത്തുകൂടി നടന്നെന്നൊക്കെ പറഞ്ഞ് ഒരു കള്ളറിപ്പോർ‍ട്ട് കൊണ്ടുവന്നു. ഞാൻ ഇതൊന്നും അറിയുന്നില്ല. പതിവില്ലാതെ എന്നെ അധ്യക്ഷനാക്കിയപ്പോൾ സംശയം തോന്നിയില്ല. എന്നോടു പറയാതെ ഈ അജൻഡ കൊണ്ടുവന്നു പുറത്താക്കി.

ജി.സുധാകരന്റെ അധ്യക്ഷതയിൽ പുറത്താക്കിയെന്നു വാർത്ത വന്നു. അതു വലിയ ഹൃദയവേദനയുണ്ടാക്കി. ഞാൻ ഏറ്റവുമധികം സ്നേഹിക്കുന്ന, അന്നുമിന്നും സ്വന്തം അനുജനെപ്പോലെ കരുതുന്നയാളാണ് ആഞ്ചലോസ്’– സുധാകരൻ പറഞ്ഞു. 

സിപിഎമ്മിൽ വിഎസ്, സിഐടിയു പക്ഷങ്ങളുടെ വടംവലി ശക്തമായിരുന്ന കാലത്താണു സിഐടിയു പക്ഷത്തായിരുന്ന ആഞ്ചലോസിനെ പുറത്താക്കിയത്. കലവൂർ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ആഞ്ചലോസ് തിരഞ്ഞെടുപ്പിൽ പാർട്ടി ഏൽപിച്ച ഉത്തരവാദിത്തം നിറവേറ്റിയില്ലെന്ന് ആരോപിച്ചു മാരാരിക്കുളം ഏരിയ കമ്മിറ്റി വിശദീകരണം തേടി. അദ്ദേഹം നൽകിയ മറുപടിയിൽ തൃപ്തിപ്പെടാതെ പിന്നീടു പുറത്താക്കി. ആഞ്ചലോസ് ഇപ്പോൾ സിപിഐ ജില്ലാ സെക്രട്ടറിയും എഐടിയുസി സംസ്ഥാന പ്രസിഡന്റുമാണ്.

English Summary:

Anchalose's Expulsion: G Sudhakaran Breaks Silence After 26 Years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com