നിയമസഭ വിളിച്ച ശേഷം ഓർഡിനൻസ്; ചോദ്യംചെയ്ത് സതീശൻ
Mail This Article
തിരുവനന്തപുരം ∙ നിയമസഭാ സമ്മേളനം ചേരുന്നതു സംബന്ധിച്ച് എംഎൽഎമാർക്ക് അറിയിപ്പ് ലഭിച്ച ശേഷം ഓർഡിനൻസ് പുറപ്പെടുവിച്ച സർക്കാർ നടപടി ചോദ്യംചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. നിയമസഭ വിളിച്ച ശേഷം നികുതി നിയമവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 27നു സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നത് സഭയോടുള്ള അവഹേളനമാണെന്ന് ക്രമപ്രശ്നമുന്നയിച്ച് അദ്ദേഹം ആരോപിച്ചു.
സഭ ചേരാനിരിക്കെ ഓർഡിനൻസ് കൊണ്ടുവരാനുള്ള എന്ത് അടിയന്തര സാഹചര്യമാണുണ്ടായത്? ഓർഡിനൻസിനു പകരമുള്ള ബിൽ നടപ്പുസമ്മേളനത്തിൽ സർക്കാർ കൊണ്ടുവന്നില്ലെന്നും ഇന്നു സഭ പിരിയുന്നതിനാൽ ഓർഡിനൻസ് വീണ്ടും പുറപ്പെടുവിക്കേണ്ട സ്ഥിതിയാണെന്നും സതീശൻ കുറ്റപ്പെടുത്തി.
ജിഎസ്ടി നിയമത്തിലെ വ്യവസ്ഥകൾ ഈ മാസം 1 മുതൽ പ്രാബല്യത്തിൽ വരത്തക്ക രീതിയിൽ കേന്ദ്രം വിജ്ഞാപനമിറക്കിയ സാഹചര്യത്തിൽ അതിന് അനുസൃതമായി അന്നു മുതൽ സംസ്ഥാനത്തിനും നിയമത്തിൽ ഭേദഗതി വരുത്തേണ്ടതുണ്ടെന്നും അതിനാലാണ് ഓർഡിനൻസ് കൊണ്ടുവന്നതെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ വിശദീകരിച്ചു.
സഭ ചേരുന്നത് ഈ മാസം നാലിനായതിനാൽ, ഓർഡിനൻസ് പുറപ്പെടുവിക്കേണ്ട അസാധാരണ സാഹചര്യമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. ഓർഡിനൻസുകൾ പരമാവധി ഒഴിവാക്കണമെന്നതാണു സർക്കാരിന്റെ നയമെന്നും എന്നാൽ, അടിയന്തര സാഹചര്യങ്ങളിൽ ആവശ്യമെങ്കിൽ അതു കൊണ്ടുവരേണ്ടി വരുമെന്നും നിയമമന്ത്രി പി.രാജീവ് പറഞ്ഞു. ഭാവിയിൽ ഓർഡിനൻസ് കൊണ്ടുവന്നാൽ തൊട്ടടുത്ത സമ്മേളനത്തിൽ തന്നെ ബിൽ പാസാക്കാൻ ശ്രമം വേണമെന്നു സ്പീക്കർ നിർദേശിച്ചു.
ഓർഡിനൻസിനു പകരമുള്ള ബിൽ എംഎൽഎമാർക്ക് ഇന്നലെ ലഭ്യമാക്കിയെന്നും പ്രതിപക്ഷം അനുവദിച്ചാൽ ഇന്നു ചർച്ചയ്ക്കെടുത്ത് പാസാക്കാമെന്നും ബാലഗോപാൽ ചൂണ്ടിക്കാട്ടി.