സർക്കാർ ഉദ്യോഗസ്ഥന് സിഎംഒ പോർട്ടലിനെക്കുറിച്ച് അറിയില്ലേ? എങ്ങനെ ബിസിനസ് തുടങ്ങുമെന്നും ചോദ്യം
Mail This Article
കണ്ണൂർ ∙ പെട്രോൾ പമ്പിന് എൻഒസി ലഭിക്കാൻ എഡിഎം കെ.നവീൻ ബാബുവിനു കൈക്കൂലി നൽകണ്ടിവന്നുവെന്ന സൂചനയാണു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ പ്രസംഗത്തിൽ ഉണ്ടായിരുന്നത്.
മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് ഈ മാസം 10ന് അയച്ചതായി പറയുന്ന പരാതിയുടെ പകർപ്പ് പരാതിക്കാരനായ ടി.വി.പ്രശാന്തൻ മാധ്യമങ്ങൾക്ക് ഇന്നലെ കൈമാറി. പരാതി അയച്ചതിന്റെ നമ്പറോ പരാതി സ്വീകരിച്ചതായുള്ള രേഖകളോ കയ്യിലുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി.
മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു പരാതി അയയ്ക്കുന്നവർ സിഎംഒ പോർട്ടലിലേക്കാണ് വിവരങ്ങൾ നൽകാറുള്ളത്. അയച്ച ഉടൻ പരാതി ലഭിച്ചതായി കാണിച്ച് ഡോക്കറ്റ് നമ്പർ ഉൾപ്പെടെയുള്ള മറുപടി ഇ–മെയിലിൽ ലഭിക്കും.
പരിയാരം ഗവ. മെഡിക്കൽ കോളജ് ജീവനക്കാരനും സിപിഎം സർവീസ് സംഘടന അംഗവുമായ പ്രശാന്തന് സിഎംഒ പോർട്ടലിനെക്കുറിച്ച് അറിയില്ലേ എന്നതും സംശയകരമാണ്. എഡിഎമ്മിന്റെ മരണവിവരം അറിഞ്ഞ ശേഷം തട്ടിക്കൂട്ടി പരാതി തയാറാക്കി മാധ്യമങ്ങൾക്ക് നൽകുകയായിരുന്നുവെന്നു പ്രതിപക്ഷ സംഘടനകൾ ആരോപിക്കുന്നതിന്റെ കാരണവും ഇതുതന്നെ.
പരിയാരം മെഡിക്കൽ കോളജിലെ ഇലക്ട്രിഷ്യനായ ഒരാൾക്ക് എങ്ങനെ ഇത്രയേറെ തുക മുടക്കി പെട്രോൾ പമ്പ് തുടങ്ങാൻ കഴിയുമെന്ന കാര്യത്തിലും എഡിഎം വിളിച്ചപ്പോൾ 6ന് ക്വാർട്ടേഴ്സിലെത്തി 98,500 രൂപ കൈക്കൂലി നൽകിയെന്നു പറയുന്നതിലും ദുരൂഹത ആരോപിക്കുന്നുണ്ട്.
സർക്കാർ ജീവനക്കാരനായ ഒരാൾക്ക് എങ്ങനെ സംരംഭം തുടങ്ങാൻ സാധിക്കുമെന്നാണു മറ്റൊരു ചോദ്യം. കൈക്കൂലി നൽകിയെന്നു സ്വയം പ്രഖ്യാപിച്ച സാഹചര്യത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും എൻജിഒ അസോസിയേഷൻ ആവശ്യപ്പെടുന്നു.