ADVERTISEMENT

കണ്ണൂർ ∙ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പരസ്യമായി അഴിമതി ആരോപണം ഉന്നയിച്ചതിനു പിന്നാലെ എഡിഎം കെ.നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഎം കടുത്ത പ്രതിസന്ധിയിലായി. സ്വകാര്യ വ്യക്തിയുടെ പെട്രോൾ പമ്പിനു നിരാക്ഷേപ പത്രം (എൻഒസി) അനുവദിക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്തിന് ഇടപെട്ടെന്ന ചോദ്യവും ഉയരുന്നു. എഡിഎമ്മിനെതിരെ പരാതിയുണ്ടെങ്കിൽ ഇങ്ങനെയാണോ കൈകാര്യം ചെയ്യേണ്ടതെന്ന ചോദ്യത്തിനും ഉത്തരമില്ല.

ആരോപണ വിധേയയായ ദിവ്യയെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിന്റേതെങ്കിൽ വിരുദ്ധ നിലപാടാണ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടേത്. അഴിമതിക്കെതിരെ സദുദ്ദേശ്യപരമായ വിമർശനമാണു നടത്തിയതെന്നും യാത്രയയപ്പു യോഗത്തിൽ ഇത് ഒഴിവാക്കണമായിരുന്നുവെന്നുമാണ് കണ്ണൂരിലെ പാർട്ടി നേതൃത്വത്തിന്റെ പ്രതികരണം. എന്നാൽ, സംഭവത്തെക്കുറിച്ചു പാർട്ടിതലത്തിൽ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം നവീൻ ബാബുവിന്റെ നാടായ പത്തനംതിട്ടയിൽ ഉയർന്നിട്ടുണ്ട്. ക്ഷണിക്കാത്ത പരിപാടിക്കു പോകണമെങ്കിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് എന്തോ ഗൂഢലക്ഷ്യമുണ്ടെന്നാണ് പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം മലയാലപ്പുഴ മോഹനൻ ആരോപിച്ചത്. ഈ അവസ്ഥയിൽ വിവാദം സിപിഎം സംസ്ഥാന കമ്മിറ്റി പരിശോധിക്കേണ്ടി വരും. എഡിഎം മികച്ച ഉദ്യോഗസ്ഥനായിരുന്നുവെന്നും ഒരു പരാതിയും അദ്ദേഹത്തിനെതിരെ ഇല്ലെന്നും റവന്യു മന്ത്രി കെ.രാജൻ വ്യക്തമാക്കിയിട്ടുണ്ട്.

കൺവൻഷൻ സെന്ററിന് അനുമതി ലഭിക്കാത്തതിനെത്തുടർന്ന് ആന്തൂരിൽ പ്രവാസി സംരംഭകൻ സാജൻ ജീവനൊടുക്കിയ സമയത്തും സിപിഎം വിവാദത്തിലായിരുന്നു. അന്ന് അനുമതി നൽകുന്നതിൽനിന്ന് ഉദ്യോഗസ്ഥരെ പിന്തിരിപ്പിച്ചതാണു വിവാദമായതെങ്കിൽ പെട്രോൾ പമ്പിന്റെ അനുമതിക്കായി ഉദ്യോഗസ്ഥനിൽ സമ്മർദം ചെലുത്തിയതാണ് ഇപ്പോൾ സിപിഎമ്മിനു വിനയായത്.

നാലു വശത്തും സിപിഎം

ആരോപണ വിധേയായ പി.പി.ദിവ്യ സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്. പെട്രോൾ പമ്പ് തുടങ്ങാൻ നിരാക്ഷേപ പത്രത്തിന് അപേക്ഷ നൽകിയ ശ്രീകണ്ഠാപുരം നിടുവാലൂർ കെ.ആർ.ഹൗസിൽ ടി.വി.പ്രശാന്തൻ, സിപിഎം സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാവും എകെജി സെന്റർ ഓഫിസ് സെക്രട്ടറിയുമായ ബിജു കണ്ടക്കൈയുടെ അച്ഛന്റെ ജ്യേഷ്ഠന്റെ മകനാണ്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.വി.ഗോപിനാഥിന്റെ അമ്മാവന്റെ മകൻ കൂടിയായ പ്രശാന്തൻ പരിയാരം മെഡിക്കൽ കോളജിൽ ഇലക്ട്രിഷ്യനാണ്. പരിയാരം മെഡിക്കൽ കോളജിൽ തന്നെയാണ് ദിവ്യയുടെ ഭർത്താവ് വി.പി.അജിത് ഓഫിസ് അസിസ്റ്റന്റായി ജോലി ചെയ്യുന്നത്. പ്രശാന്തനും അജിത്തും സിപിഎമ്മിന്റെ സർവീസ് സംഘടനയിൽ അംഗങ്ങളാണ്. ബിജുവിന്റെ സമ്മർദം കാരണമാണ് ദിവ്യ ഇടപെട്ടതെന്നു സംശയമുണ്ട്.

സിപിഎം അനുഭാവികളുടെ കുടുംബമാണ് നവീൻ ബാബുവിന്റേത്. അമ്മ രത്നമ്മ സിപിഎം പ്രതിനിധിയായി മലയാലപ്പുഴ പഞ്ചായത്ത് അംഗമായിരുന്നു. നവീ‍ൻ ബാബുവും ഭാര്യ മഞ്ജുഷയും ഇടതുപക്ഷ സംഘടനയായ കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ അംഗങ്ങളാണ്.

ആരാണ് എഡിഎം?

ജില്ലാ ഭരണകൂടത്തിലെ രണ്ടാമനാണ് അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് (എഡിഎം). ജില്ലാ ഭരണകൂടത്തിൽ ഐഎഎസുകാർ അല്ലാത്തവരിലെ ഏറ്റവും ഉയർന്ന തസ്തികയാണിത്. കലക്ടറാണ് ജില്ലാ എക്സിക്യൂട്ടീവ് മജിസ്ട്രേട്ട്. അതിനു തൊട്ടുതാഴെയുള്ള ഉദ്യോഗസ്ഥനാണ് എഡിഎം.

ജില്ലാ കലക്ടറുടെ അഭാവത്തിൽ അദ്ദേഹത്തിന്റെ ചുമതല നിർവഹിക്കേണ്ടത് എഡിഎം ആണ്. കലക്ടർ അവധിയിൽ പോകുകയോ ഔദ്യോഗിക യോഗങ്ങളിൽ പങ്കെടുക്കാൻ പോകുകയോ ചെയ്താൽ എഡിഎമ്മിനു ചുമതല കൈമാറും. കലക്ടർ തിരിച്ചെത്തുന്നതുവരെ ജില്ലയുടെ ചുമതല എഡിഎം നിർവഹിക്കണം.

English Summary:

ADM Naveen Babu Suicide: Corruption Allegations Rock CPM in Kannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com