ആരോപണം: എഡിഎം നവീൻ ബാബുവിനെതിരെ പരാതി കിട്ടിയിട്ടില്ലെന്നു മുഖ്യമന്ത്രിയുടെ ഒാഫിസ്
Mail This Article
തിരുവനന്തപുരം ∙ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പരസ്യമായി അഴിമതിയാരോപണം ഉന്നയിച്ചതിനെത്തുടർന്നു ജീവനൊടുക്കിയ എഡിഎം നവീൻ ബാബു കൈക്കൂലി കൈപ്പറ്റിയെന്ന പരാതി ലഭിച്ചിട്ടില്ലെന്നു മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ വ്യക്തമാക്കി.
നവീൻ ബാബുവിനെതിരെ പെട്രോൾ പമ്പുടമ ടി.വി.പ്രശാന്തൻ നൽകിയെന്നു പറയപ്പെടുന്ന പരാതി മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നു വിജിലൻസിനും ലഭിച്ചിട്ടില്ല. ഇതോടെ, പരാതി നൽകിയിരുന്നെന്ന വാദം കെട്ടിച്ചമച്ചതാണെന്ന സൂചന ശക്തമായി.
ഇതിനിടെ, ഇന്നലെ ഇ മെയിൽ മുഖേന ലഭിച്ച മറ്റൊരു പരാതിയുടെ അടിസ്ഥാനത്തിൽ നവീൻ ബാബുവിനും ടി.വി.പ്രശാന്തനുമെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.
98,500 രൂപ കൈക്കൂലിയായി നൽകിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പ്രശാന്തനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി ലഭിച്ചത്. ഇൗ പരാതിക്കൊപ്പം പ്രശാന്തൻ മുഖ്യമന്ത്രിക്കു നൽകിയെന്നു പറയപ്പെടുന്ന പരാതിയും വച്ചിട്ടുണ്ട്.
കൈക്കൂലി നൽകൽ, വാങ്ങൽ, സർക്കാർ ജീവനക്കാരനായ പ്രശാന്തൻ ചട്ടവിരുദ്ധമായി പെട്രോൾ പമ്പ് ആരംഭിക്കാൻ ശ്രമിച്ചത്, കൈക്കൂലി വാങ്ങിയെങ്കിൽ എന്തുകൊണ്ടു വിജിലൻസിനെ അറിയിച്ചില്ല തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കും.
പൊലീസിന്റെ എതിർപ്പു മറികടന്നാണു പമ്പിന് അനുമതി നൽകിയതെന്ന വിവരവും വിജിലൻസിനു ലഭിച്ചിട്ടുണ്ട്. നിയമാനുസൃതം അന്വേഷിച്ചാൽ പമ്പിനായി സമ്മർദം ചെലുത്തിയ ജനപ്രതിനിധികളും അന്വേഷണ പരിധിയിൽ വരും.
ഇ മെയിലായും ലഭിച്ചില്ല
മുഖ്യമന്ത്രിക്കുള്ള പരാതികൾ നേരിട്ടു കണ്ടോ പരാതി പരിഹാര സെല്ലിലേക്കു നേരിട്ടോ ഓൺലൈനായോ നൽകാം. മുഖ്യമന്ത്രിക്കുള്ള കത്തുകൾ അയയ്ക്കാൻ ഇ മെയിൽ വിലാസം വെബ്സൈറ്റിൽ നൽകിയിട്ടുണ്ടെങ്കിലും ഇതിലേക്കു പരാതികൾ അയയ്ക്കരുതെന്ന പ്രത്യേക നിർദേശം ഒപ്പം രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതു ശ്രദ്ധിക്കാതെ ആരെങ്കിലും അയച്ചാലും അതു പരാതി പരിഹാര സെല്ലിനോ വിജിലൻസിനോ കൈമാറും. നവീൻ ബാബുവിനെതിരെ പരാതി കിട്ടിയിട്ടില്ലെന്നും കിട്ടിയിരുന്നെങ്കിൽ അതിനുള്ള ഡോക്കറ്റ് നമ്പർ അപ്പോൾ തന്നെ എസ്എംഎസ്, ഇ മെയിൽ എന്നിവ മുഖേന പരാതിക്കാരനു കൈമാറുമായിരുന്നെന്നും മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ അധികൃതർ ‘മനോരമ’യോടു പ്രതികരിച്ചു.