എഡിഎം കെ. നവീൻ ബാബുവിന് ക്ലീൻചിറ്റ് നൽകുന്ന ഫോൺ സംഭാഷണം പുറത്ത്
Mail This Article
കണ്ണൂർ ∙ എഡിഎം കെ. നവീൻബാബു കൈക്കൂലിയുടെ സൂചനപോലും നൽകിയില്ലെന്ന് പെട്രോൾ പമ്പ് ഉടമ ടി.വി. പ്രശാന്തൻ പറയുന്ന ഫോൺ സംഭാഷണം പുറത്ത്. ഈ മാസം 6നു (ഞായറാഴ്ച) ക്വാർട്ടേഴ്സിലെത്തി 98,500 രൂപ കൈക്കൂലി നൽകിയെന്നായിരുന്നു പ്രശാന്തൻ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പെട്രോൾ പമ്പിന് അനുമതി തേടിയ മറ്റൊരു സംരംഭകനുമായി 7ന് നടത്തിയ ഫോൺ സംഭാഷണമാണ് പുറത്ത് വന്നത്.
പ്രസക്തഭാഗം:
പ്രശാന്തൻ: ആദ്യമെല്ലാം പോകുമ്പോൾ മൈൻഡ് ചെയ്യാത്ത ആളായിരുന്നു.
രണ്ടാമൻ: പൈസയ്ക്കാണെങ്കിൽ വേറെ ഏതെങ്കിലും രീതിയിൽ പറയേണ്ടേ? അങ്ങനെ ഒരാളാണെന്നു തോന്നുന്നില്ല.
പ്രശാന്തൻ: അങ്ങനെയാണെങ്കിൽ സൂചന തരേണ്ടേ? ഞാൻ അങ്ങനെ കരുതിയാണ് പോയത്. പൊലീസുകാരന്റെ പ്രശ്നം കൊണ്ടാണ് വൈകിയത്. പറ്റില്ലെന്ന് ഉറപ്പിച്ചു പറഞ്ഞാൽ പിന്നെ പിറകെ നടക്കേണ്ടല്ലോ.
രണ്ടാമൻ: വളക്കൈയിൽ വലിയ വളവുള്ള സ്ഥലത്ത് പമ്പ് വന്നിട്ടുണ്ട്. അതിന് അന്നത്തെ എഡിഎം എൻഒസി നൽകിയതിനെതിരെ ടൗൺ പ്ലാനിങ് എൻജിനീയർ ഹൈക്കോടതി വരെ കേസിനു പോയിരുന്നു.
ബെനാമി ആരോപണം
പ്രശാന്തൻ പി.പി.ദിവ്യയുടെ ഭർത്താവായ അജിത്തിന്റെ ബെനാമിയാണെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജും ബിജെപി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ.പി. അബ്ദുല്ലക്കുട്ടിയും ആരോപിച്ചു. അജിത് പരിയാരം മെഡിക്കൽ കോളജിലെ ഓഫിസ് അസിസ്റ്റന്റാണ്. അവിടെ ഇലക്ട്രിഷ്യനായ ജോലി ചെയ്യുകയാണ് പ്രശാന്തൻ. പ്രശാന്തന്റെയും ഭാര്യയുടെയും വരുമാനം കൂടി ചേർത്താലും പെട്രോൾ പമ്പിനായി ഇത്ര വലിയ തുക മുതൽമുടക്കാൻ കഴിയില്ലെന്ന് ഇവർ ആരോപിച്ചു.
സഹോദരന്റെ പരാതിയിൽ പ്രത്യേക കേസെടുത്തില്ല
കണ്ണൂർ∙ നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു നൽകിയ പരാതിയിൽ പ്രത്യേകം കേസെടുത്തിട്ടില്ലെന്നും ഡ്രൈവർ എം.ഷംസുദ്ദീന്റെ പരാതിയിലെടുത്ത കേസിനൊപ്പം അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. നടപടി വൈകുകയാണെന്ന് പ്രവീൺ ബാബു ആരോപിച്ചു. ഇതിനിടെ, ദിവ്യയ്ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. കണ്ണൂർ ടൗൺ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ പ്രഥമ വിവര റിപ്പോർട്ടിൽ, ഏതോ മാനസിക വിഷമത്തിൽ ആത്മഹത്യ ചെയ്തുവെന്നും മരണത്തിൽ മറ്റു സംശയങ്ങളില്ലെന്നുമാണുള്ളത്.