കണ്ണൂരിലെ വിവാദ പെട്രോൾ പമ്പ്: പിന്നിൽ പി. ശശിയെന്ന് അൻവർ
Mail This Article
പാലക്കാട് ∙ കണ്ണൂർ എഡിഎമ്മായിരുന്ന കെ.നവീൻ ബാബുവിന്റെ ജീവനെടുത്ത പെട്രോൾ പമ്പ് വിവാദത്തിനു പിന്നിലെ യഥാർഥ ആൾ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയാണെന്നു പി.വി.അൻവർ എംഎൽഎ ആരോപിച്ചു.
ഈ മേഖലയിൽ വിവിധ ജില്ലകളിലായി പി.ശശിക്കു ബെനാമി നിക്ഷേപം ഉണ്ട്. അതിലൊരു ബെനാമിയാണു കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ്.
എഡിഎമ്മിന്റെ കുടുംബത്തിനുണ്ടായ നഷ്ടം നികത്താൻ സർക്കാരിന് എന്തു ചെയ്യാൻ കഴിയും എന്നതു ചോദ്യചിഹ്നമാണ്. എഡിഎമ്മിനെതിരെ കള്ളപ്പരാതിയുണ്ടാക്കി അതിനു രേഖയുണ്ടാക്കാൻ ശ്രമിക്കുകയാണു മുഖ്യമന്ത്രിയുടെ ഓഫിസും പി.ശശിയും.
ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തിയാൽ തെളിവുകൾ ഹാജരാക്കാം. എഡിഎമ്മിന്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം അറിയണം.
ഇന്ത്യാ മുന്നണി നേതാവ് എന്ന നിലയിൽ വയനാട്ടിൽ പ്രിയങ്കാ ഗാന്ധിയെ പിന്തുണയ്ക്കും, പ്രചാരണത്തിനിറങ്ങും. യുഡിഎഫിന്റെയും സിപിഎമ്മിന്റെയും ബിജെപി വിരോധം യഥാർഥമാണെങ്കിൽ പാലക്കാട്ടും ചേലക്കരയിലും ഇന്ത്യാ മുന്നണിയുടെ പേരിൽ പൊതുസ്ഥാനാർഥിയെ നിർത്തിയാൽ പിന്തുണയ്ക്കും.
എവിടെനിന്നോ വലിഞ്ഞുകേറി വന്നൊരു കോൺഗ്രസുകാരൻ എന്നാണു മുഖ്യമന്ത്രി തന്നെക്കുറിച്ചു പറഞ്ഞത്. ഇപ്പോൾ ഇവിടെ അലഞ്ഞു നടക്കുന്ന വേറൊരു കോൺഗ്രസുകാരനെ സിപിഎം തിരഞ്ഞു നടക്കുന്നതു ഗതികേടാണ്.
ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥികളായി ചേലക്കരയിൽ മുൻ കെപിസിസി സെക്രട്ടറി എൻ.കെ.സുധീറും പാലക്കാട്ട് വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ മിൻഹാജ് മെദാറും മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു.