ചൊക്രമുടി: ഉടുമ്പൻചോല താലൂക്ക് മുൻ സർവേയർക്ക് സസ്പെൻഷൻ
Mail This Article
രാജകുമാരി ∙ ഇടുക്കി ചൊക്രമുടിയിലെ ഭൂമികയ്യേറ്റം, അനധികൃത നിർമാണം എന്നിവയ്ക്കു കൂട്ടുനിന്നെന്ന അന്വേഷണ റിപ്പോർട്ടിനെത്തുടർന്ന് ഉടുമ്പൻചോല താലൂക്ക് മുൻ സർവേയർ ആർ.ബി.വിപിൻരാജിനെ സസ്പെൻഡ് ചെയ്തു.
നിലവിൽ ഉടുമ്പൻചോല താലൂക്കിലെ നെടുങ്കണ്ടം സർവേ ഓഫിസിലാണു വിപിൻരാജ് ജോലി ചെയ്യുന്നത്.
വിപിൻരാജ് ഉടുമ്പൻചോല താലൂക്ക് സർവേയർ ആയിരുന്നപ്പോഴാണു ചൊക്രമുടിയിലെ സർക്കാർ പാറ പുറമ്പോക്ക് ഉൾപ്പെടുത്തി 14.69 ഏക്കർ പട്ടയഭൂമിയുടെ സർവേ സ്കെച്ച് തയാറാക്കിയത്.
ഇല്ലാത്ത അതിർത്തി കാണിച്ചാണ് ഇദ്ദേഹം സർവേ സ്കെച്ച് തയാറാക്കിയതെന്നു ദേവികുളം സബ് കലക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ലാൻഡ് റജിസ്റ്റർ സ്ഥലപരിശോധനയ്ക്ക് ഉപയോഗിച്ചില്ലെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. തുടർന്നാണു നടപടിയെടുത്തത്.
അന്വേഷണ സംഘം കലക്ടർക്കു സമർപ്പിച്ച റിപ്പോർട്ടിൽ ബൈസൺവാലി വില്ലേജ് ഓഫിസർ, ദേവികുളം മുൻ തഹസിൽദാർ, ചാർജ് ഓഫിസറായ അഡിഷനൽ തഹസിൽദാർ എന്നിവരും ചൊക്രമുടി വിഷയത്തിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
ഉത്തരവിൽ പിശക്
സർവേ ഡയറക്ടർ പുറത്തിറക്കിയ സസ്പെൻഷൻ ഉത്തരവിൽ ദേവികുളം താലൂക്ക് സർവേയർ എന്നാണു വിപിൻരാജിന്റെ തസ്തിക രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, വിപിൻരാജ് ദേവികുളത്തു ജോലി ചെയ്തിട്ടില്ല. ഉത്തരവിൽ തെറ്റു സംഭവിച്ചതിനാൽ പുതിയത് ഇറക്കിയേക്കും.