ADVERTISEMENT

പാലക്കാട് ∙ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ജയിക്കാതിരിക്കാൻ പാലക്കാട്ടെ സിപിഎമ്മുകാർ കോൺഗ്രസിനെ സഹായിച്ചെന്ന ഡോ.പി.സരിന്റെ അഭിപ്രായം അദ്ദേഹം ഇടതുപക്ഷം ചേർന്ന ആദ്യദിനം തന്നെ സിപിഎമ്മിനു കല്ലുകടിയായി.

ഇത്തവണ സിപിഎമ്മിൽനിന്നു കോൺഗ്രസിനു സഹായം കിട്ടില്ലെന്നും സരിൻ കൂട്ടിച്ചേർത്തു. കോൺഗ്രസിന് അനുകൂലമായി ക്രോസ് വോട്ടിങ് നടന്നുവെന്ന പരാമർശം എന്തടിസ്ഥാനത്തിലാണെന്നു ചോദിച്ചപ്പോൾ ആ സമയത്തു സഖാക്കൾ പലരും പോസ്റ്റിട്ടിരുന്നു എന്നായിരുന്നു മറുപടി. 

കോൺഗ്രസിന്റെ ഡിജിറ്റൽ മീഡിയ സെൽ കൺവീനറായിരുന്ന സരിൻ സിപിഎമ്മിനെ രൂക്ഷമായ ഭാഷയിൽ കടന്നാക്രമിച്ചാണു സമൂഹമാധ്യമങ്ങളിൽ എഴുതാറുള്ളത്. അതൊന്നും നീക്കം ചെയ്യുന്നില്ലെന്ന് അദ്ദേഹംതന്നെ പ്രഖ്യാപിച്ച സാഹചര്യത്തിൽ അവ സിപിഎമ്മിനെ തിരിഞ്ഞുകൊത്തും. 

യുഡിവൈഎഫിന്റെ നിയമസഭാ മാർച്ചിൽ പങ്കെടുത്ത് അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനും പി.കെ.ഫിറോസിനും ജാമ്യം ലഭിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചു പോസ്റ്റിട്ടതു 2 ദിവസം മുൻപാണ്. ഏതാനും ദിവസം മുൻപ് ഒറ്റപ്പാലം എൻഎസ്എസ് കോളജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം – ഡിവൈഎഫ്ഐ – എസ്എഫ്ഐ പ്രവർത്തകരെ ഗുണ്ടകൾ എന്നാണു വിശേഷിപ്പിച്ചത്.

എസ്എഫ്ഐ ജയിക്കുന്നതു ജനാധിപത്യം ചവിട്ടിയരച്ചാണെന്നും അഭിപ്രായപ്പെട്ടു. റിട്ടേണിങ് ഓഫിസറായ വനിതയുടെ ചിത്രം സഹിതം സരിൻ സമൂഹമാധ്യമങ്ങളിലിട്ട പോസ്റ്റ് വിവാദമായിരുന്നു. ‘ഒറ്റപ്പാലം കുഞ്ഞച്ചന്റെ ഭീഷണി സ്ത്രീകളോടു വേണ്ട’ എന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് മറുപടി കൊടുത്തിരുന്നു. 

കോഴിക്കോട് മെഡിക്കൽ കോളജിൽ പഠിക്കുമ്പോൾ എസ്എഫ്ഐക്കെതിരെ ഇൻഡിപെൻഡൻസ് എന്ന പേരിൽ സംഘടന രൂപീകരിച്ച സരിനെതിരെ പഴയകാല എസ്എഫ്ഐ നേതാക്കളും രംഗത്തെത്തി.

ഇദ്ദേഹമാണു സ്ഥാനാർഥിയെങ്കിൽ പ്രായോഗിക കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിൽനിന്നു വിടവാങ്ങുമെന്ന് അന്നു ജനറൽ സെക്രട്ടറിയായി മത്സരിച്ചു പരാജയപ്പെട്ട പഴയ എസ്എഫ്ഐ നേതാവ് സമൂഹമാധ്യമത്തിൽ കുറിച്ചു. 

English Summary:

Sarin's Past comments on CPM cross-voting park controversy after joining left front

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com