ADVERTISEMENT

തിരുവനന്തപുരം∙ വയനാട് ലോക്സഭാ മണ്ഡലത്തിലെ സിപിഐ സ്ഥാനാർഥിയെ ഇന്നു പ്രഖ്യാപിക്കും. സംസ്ഥാന നിർവാഹക സമിതിയും കൗൺസിലും അതിനായി ചേരും. വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലാ കൗൺസിലുകളുടെ നിർദേശങ്ങൾ പരിഗണിച്ചാകും തീരുമാനം. മുൻ എംഎൽഎമാരായ സത്യൻ മൊകേരി, ഇ.എസ്.ബിജിമോൾ എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ട്. സിപിഎമ്മിനു കൂടി താൽപര്യമുള്ള പൊതുസ്ഥാനാർഥി എന്ന ആശയവും ഉണ്ട്.

പാലക്കാട്ടെ സിപിഎം സ്ഥാനാർഥിയെ 2 ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കും. കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ രംഗത്തെത്തിയ പി.സരിനെ പരിഗണിക്കാനുള്ള സാധ്യത നേതാക്കൾ തള്ളിക്കളയുന്നില്ല. ചേലക്കരയിൽ മുൻ എംഎൽഎ യു.ആർ.പ്രദീപിന്റെ കാര്യം ധാരണയായി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ശനിയാഴ്ച ചേരും.

ശോഭ സുരേന്ദ്രനോ സി.കൃഷ്ണകുമാറോ?

തിരുവനന്തപുരം ∙ ബിജെപിയിൽ പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർഥിത്വത്തെച്ചൊല്ലി തർക്കം നിലനിൽക്കുമ്പോൾ, ശോഭ സുരേന്ദ്രനാണോ അതോ സി.കൃഷ്ണകുമാറിനാകുമോ നറുക്കു വീഴുക എന്നതിൽ ആകാംക്ഷ. ബിജെപി പാർലമെന്ററി ബോർഡ് യോഗം ന്യൂഡൽഹിയിൽ ചേർന്നാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തുക. സംസ്ഥാന നേതൃത്വം സി. കൃഷ്ണകുമാറിന്റെയും ശോഭ സുരേന്ദ്രന്റെയും പേര് ഡൽഹിക്ക് നൽകിയെന്നാണു വിവരം. ദേശീയ നേതൃത്വത്തിന്റെ പരിഗണനയിൽ സന്ദീപ് വാരിയരുമുണ്ട്. ‌

ശോഭ സുരേന്ദ്രനെ സ്ഥാനാർഥിയാക്കണമെന്നാണ് പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ ആവശ്യം. കഴിഞ്ഞ തവണ ഇ.ശ്രീധരനെ രംഗത്തിറക്കി ഇഞ്ചോടിഞ്ച് പോരാടി 4000 വോട്ടിനുമാത്രം തോറ്റ പാലക്കാട്ട് ഇത്തവണ ശക്തമായി രംഗത്തുവരണമെന്നാണ് ശോഭയെ അനുകൂലിക്കുന്നവരുടെ വാദം. എന്നാൽ, സംസ്ഥാന നേതൃത്വത്തിന് അത്ര ഉത്സാഹമില്ലെന്നാണ് വിവരം. ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാറിനെയാണ് അവർ അനുകൂലിക്കുന്നത്.

ചേലക്കരയിൽ മുൻ അധ്യാപികയായ ടി. സരസുവിനെയാണ് പരിഗണിക്കുന്നതെങ്കിലും അവർ മത്സരിക്കാൻ വൈമനസ്യം പ്രകടിപ്പിച്ചാൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് ആർ.രാധാകൃഷ്ണനെയാകും പരിഗണിക്കുക. വയനാട്ടിലേക്കുള്ള പട്ടികയിലും ശോഭ സുരേന്ദ്രൻ, എ.പി.അബ്ദുല്ലക്കുട്ടി എന്നിവരാണ് പരിഗണനയിൽ. 

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കാൻ സംസ്ഥാന നേതൃത്വം അയച്ച പേരുകൾ വെട്ടി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനോടു തന്നെ മത്സരിക്കാൻ നിർദേശിക്കുകയായിരുന്നു.

English Summary:

Wayanad CPI candidate announcement; Chances for Sathyan Mokeri and ES Bijimol

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com