വന്യജീവി ആക്രമണം: നഷ്ടപരിഹാരം കിട്ടാതെ ഇനിയും 3611 പേർ
Mail This Article
തൊടുപുഴ ∙ 2016നു ശേഷം സംസ്ഥാനത്തു വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്തവരിൽ 3611 പേർക്കു നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നു വനംവകുപ്പിന്റെ കണക്ക്. സാമ്പത്തിക പ്രതിസന്ധി, സമർപ്പിക്കുന്ന രേഖകളിലെ തെറ്റ് എന്നിവയാണു നഷ്ടപരിഹാരം വൈകുന്നതിനു കാരണമായി വകുപ്പ് പറയുന്നത്.
കഴിഞ്ഞ 5 വർഷത്തിനിടെ മനുഷ്യ–വന്യമൃഗ സംഘർഷങ്ങളുടെ എണ്ണം വർധിച്ചെന്നും കണക്കുകൾ പറയുന്നു. 2019-20ൽ വന്യജീവി ആക്രമണങ്ങളുടെ എണ്ണം 6341 ആയിരുന്നെങ്കിൽ 2023–24ൽ 9838 ആയി ഉയർന്നു. 2019ൽ 699 പേർക്കു വന്യമൃഗ ആക്രമണത്തിൽ പരുക്കേറ്റപ്പോൾ 2023–24ൽ എണ്ണം 1603 ആയി.
2016 മുതൽ ഇതുവരെ സംസ്ഥാനത്തു 915 പേർക്കു വന്യമൃഗ ആക്രമണത്തിൽ ജീവൻ നഷ്ടമായി. 7917 പേർക്കു പരുക്കേറ്റു. 4796 കാലികളെയും ഇക്കാലയളവിൽ നഷ്ടമായി.
വന്യമൃഗ ആക്രമണത്തിൽ മരിക്കുന്നവരുടെ അവകാശികൾക്കു 10 ലക്ഷം രൂപയും പരുക്കേൽക്കുന്നവർക്ക് ഒരു ലക്ഷം രൂപയുമാണു നഷ്ടപരിഹാരം.
അപേക്ഷകർ കൂടുതൽ വയനാട്ടിൽ
∙ വന്യജീവിമൂലമുണ്ടായ നാശനഷ്ടങ്ങൾക്കായി രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയശേഷം സംസ്ഥാനത്താകെ 26,796 അപേക്ഷയാണു ലഭിച്ചത്.
42.71 കോടി രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്തു. ഏറ്റവും കൂടുതൽ അപേക്ഷകർ വയനാട്ടിലാണ്: 8580. ഈ വർഷം ഇതുവരെ വന്യജീവികളുണ്ടാക്കിയ കൃഷിനാശത്തിനു നഷ്ടപരിഹാരമായി ഒരു കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്.