ശബരിമല ദർശനത്തിന് വരുന്ന ആരെയും തിരിച്ചു വിടില്ല: പി.എസ്.പ്രശാന്ത്
Mail This Article
ശബരിമല ∙ ദർശനത്തിനുള്ള വെർച്വൽ ക്യു ബുക്കിങ് 70,000 ആയി കുറച്ചെങ്കിലും ബാക്കിവരുന്ന 10,000 എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ അവ്യക്തത. സ്പോട് ബുക്കിങ് വേണമെന്ന് സിപിഎം ഉൾപ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെടുന്നുണ്ടെങ്കിലും അതേ പേരിൽ അനുവദിക്കണോ, വേണ്ടയോ എന്നാണ് ഇപ്പോഴത്തെ ആലോചന. സ്പോട് ബുക്കിങ് വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ദർശനത്തിനു വരുന്ന ആരെയും തിരിച്ചു വിടില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു. സ്പോട് ബുക്കിങ് എവിടെ എല്ലാം വേണമെന്ന കാര്യത്തിലും ദേവസ്വം ബോർഡ് തീരുമാനം ഉണ്ടായില്ല.
മണ്ഡല മകരവിളക്കു കാലത്ത് നിലയ്ക്കൽ പാർക്കിങ് സൗകര്യം കൂട്ടും, പാർക്കിങ് ഗ്രൗണ്ട് ഒരുക്കുന്ന ജോലികൾ തുടങ്ങി, സന്നിധാനത്തെ തിരക്കിനനുസരിച്ചു തീർഥാടകരെ തടഞ്ഞു നിർത്തുന്ന പമ്പയിൽ 4 നടപ്പന്തൽ കൂടി നിർമിക്കും, പ്രളയത്തിൽ ഒലിച്ചു പോയ രാമമൂർത്തി മണ്ഡപത്തിന്റെ സ്ഥാനത്ത് താൽക്കാലിക ഷെഡും നിർമിക്കും.
പതിനെട്ടാംപടി കയറാൻ കാത്തുനിൽക്കുന്ന തീർഥാടകർക്ക് ചുക്കുവെള്ള വിതരണത്തിനു ജിഎംആർ ഗ്രൂപ്പിന്റെ സഹായത്തോടെ വിപുലമായ സംവിധാനം ഏർപ്പെടുത്തും. 3000 ലീറ്റർ വെള്ളം തിളപ്പിക്കാൻ കഴിയുന്ന ബോയ്‌ലർ ശരംകുത്തിയിൽ സ്ഥാപിക്കും. അതിൽ നിന്നു പൈപ്പ് ലൈൻ വഴി ചുക്കുവെള്ളം വിതരണത്തിന് എത്തിക്കും. 50 മീറ്റർ ഇടവിട്ട് കിയോസ്കുകൾ സ്ഥാപിച്ചാണു വിതരണം നടത്തുന്നത്. മരക്കൂട്ടം മുതൽ സന്നിധാനം വലിയ നടപ്പന്തൽ വരെയുള്ള ഭാഗത്ത് ക്യു നിൽക്കുന്നവർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.