ADVERTISEMENT

കൊല്ലം ∙ ചവറ കെഎംഎംഎലിൽ വിവിധ ഇടപാടുകളിൽ നടന്ന ക്രമക്കേടുകളെക്കുറിച്ചു വിജിലൻസ്– വകുപ്പു തല അന്വേഷണങ്ങൾക്കു സർക്കാർ തീരുമാനം. പി.കെ.ബഷീർ, ടി.വി.ഇബ്രാഹിം, മഞ്ഞളാംകുഴി അലി, എൻ.എ.നെല്ലിക്കുന്ന് എന്നിവരുടെ നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾക്കു  മന്ത്രി പി.രാജീവ് നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ക്രമക്കേടുകൾ ‘മലയാള മനോരമ’ പുറത്തു കൊണ്ടുവന്നതിനെത്തുടർന്നാണ് അന്വേഷണത്തിനു തീരുമാനം.

കമ്പനിയുടെ പ്രധാന ഉൽപന്നമായ ടൈറ്റാനിയം ഡയോക്സൈഡ് നിറയ്ക്കുന്ന ബാഗുകൾ (പ്രോഡക്ട് ബാഗ്) ഒഡീഷ ആസ്ഥാനമായ സ്വകാര്യ കമ്പനിയിൽ നിന്നു വാങ്ങിക്കൂട്ടിയതിൽ കോടികൾ നഷ്ടമുണ്ടായതിനെക്കുറിച്ചു വകുപ്പുതല അന്വേഷണവും വിജിലൻസ് അന്വേഷണവും നടന്നു വരികയാണ്. അടുത്തിടെ കമ്പനിയിൽ വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തിയിരുന്നു. ഇതിന്റെ റിപ്പോർട്ട് വൈകാതെ ലഭിക്കും. വകുപ്പുതല അന്വേഷണത്തിന്റെ റിപ്പോർട്ടും തയാറായി വരികയാണ്.

നേരത്തേ ജർമൻ കമ്പനി ഉൾപ്പെടെ വില കുറച്ചു നൽകിക്കൊണ്ടിരുന്നതു നിർത്തലാക്കിയാണ് ഒഡീഷയിലെ സ്വകാര്യ കമ്പനിക്കു പ്രോഡക്ട് ബാഗിനു വഴിവിട്ടു കരാർ നൽകിയത്. വർഷം 10 മുതൽ 15 ലക്ഷത്തോളം ബാഗുകളാണ് കെഎംഎംഎലിനു വേണ്ടത്. 2020ൽ ഒരെണ്ണത്തിന് 30.80 രൂപയ്ക്ക് ഒഡീഷ കമ്പനിയിൽ നിന്നു വാങ്ങിയിരുന്ന കെഎംഎംഎൽ അതേ സാധനം 2021–22 ൽ 36 രൂപയ്ക്കും തൊട്ടടുത്ത വർഷങ്ങളിൽ 65 രൂപയ്ക്കും വാങ്ങി. 2023 നവംബറിൽ ജർമൻ കമ്പനിയിൽ നിന്ന് 10 ലക്ഷത്തിലേറെ ബാഗുകൾ വാങ്ങിയപ്പോൾ വില 46 രൂപയിലേക്കു താഴ്ന്നു. നേരത്തേ വാങ്ങിയിരുന്ന 30 രൂപയിലേക്ക് എത്തിക്കാനായില്ലെങ്കിലും നഷ്ടം ഗണ്യമായി കുറഞ്ഞു. ഇതോടെയാണ് ഒഡീഷ കമ്പനിയുമായുള്ള ഇടപാടിൽ വൻ ക്രമക്കേട് നടന്നുവെന്ന വിവരം പുറത്തായത്.

എക്സാലോജിക് ഇടപാടുകളിൽ കൈമലർത്തി സർക്കാർ

കരിമണൽ കമ്പനിയായ സിഎംആർഎലും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡുമായി നടന്ന ഇടപാടുകളുടെ വിവരങ്ങളെക്കുറിച്ചു കൈമലർത്തി സർക്കാർ. എക്സാലോജിക് എന്തു സേവനം നൽകിയതിനാണ് സിഎംആർഎൽ പണം നൽകിയത്, എക്സാലോജിക്കിനെ തിരഞ്ഞെടുത്തതിന്റെ മാനദണ്ഡം എന്തായിരുന്നു,

എക്സാലോജിക്കുമായി സിഎംആർഎൽ കരാറിൽ ഏർപ്പെട്ടിരുന്നോ എന്നീ ചോദ്യങ്ങൾക്ക്, സിഎംആർഎൽ നടപ്പാക്കിയ കരാറുകളുടെ വിവരങ്ങൾ ലഭ്യമല്ലെന്നാണ് മന്ത്രി പി.രാജീവിന്റെ മറുപടി. മാത്യു കുഴൽനാടൻ, കെ.ബാബു, എൽദോസ് കുന്നപ്പിള്ളി, കെ.കെ.രമ എന്നിവരുടെ നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾക്കായിരുന്നു മറുപടി.

English Summary:

Vigilance will investigate irregularities in KMML transactions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com