ദിവ്യയുടെ ജാമ്യാപേക്ഷ: ആരോപണമുന ശക്തമാകുന്നു; കലക്ടർ കൂടുതൽ പ്രതിരോധത്തിൽ
Mail This Article
കണ്ണൂർ ∙ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ശക്തമായ വിമർശനം നേരിടുന്ന കലക്ടർ അരുൺ കെ.വിജയനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതാണു ജാമ്യാപേക്ഷയിൽ പി.പി.ദിവ്യ ഉന്നയിച്ച വാദങ്ങൾ.
രാവിലെ ഇരുവരും ഒരേ യോഗത്തിൽ പങ്കെടുത്തു എന്നതു വസ്തുതയാണ്. ‘വഴിയേ പോകുമ്പോഴാണു കയറിയത്’ എന്ന് അന്നു പ്രസംഗത്തിൽ പറഞ്ഞത് കലക്ടറെ രക്ഷിക്കാനാണോ എന്ന സംശയവും ഉയരാം.
യാത്രയയപ്പു യോഗത്തിലേക്കു ദിവ്യ വരുന്ന കാര്യം കലക്ടർക്ക് അറിയാമായിരുന്നുവെന്ന ആരോപണം ജീവനക്കാർ കഴിഞ്ഞദിവസം തന്നെ ഉന്നയിച്ചിരുന്നു. ഇന്നലെ കലക്ടറെ ഓഫിസിൽ ജീവനക്കാർ തടയുമെന്ന സൂചനയുമുണ്ടായിരുന്നു. ഇതു മുൻകൂട്ടി അറിഞ്ഞതിനാലാവാം കലക്ടർ ഓഫിസിൽ എത്തിയില്ല.
യാത്രയയപ്പു യോഗത്തിലേക്കു ദിവ്യ കടന്നുവരുമ്പോൾ നിറഞ്ഞ പുഞ്ചിരിയോടെ എഡിഎം എഴുന്നേറ്റു നിൽക്കുന്നുണ്ടായിരുന്നു. ദിവ്യയും കലക്ടറും എഡിഎമ്മും ചിരിക്കുന്ന രംഗത്തോടെയാണ് വിഡിയോ തുടങ്ങുന്നത്. ആ ഒരു നിമിഷം മാത്രമാണ് നവീൻ ബാബു ചിരിച്ചത്. ദിവ്യയുടെ പ്രസംഗം തുടങ്ങിയതോടെ ചിരി മാഞ്ഞു. പിന്നീട് ദിവ്യ പറഞ്ഞ തമാശ കേട്ടപ്പോൾ പോലും ചിരിച്ചില്ല.
എഡിഎമ്മിനെ രൂക്ഷമായി വിമർശിച്ചും അഴിമതിയുടെ നിഴലിലാക്കിയും ദിവ്യ സംസാരിക്കുമ്പോൾ കലക്ടർ കൈകൊണ്ടു മുഖം മറച്ചിരിക്കുന്നതും ഇടയ്ക്കു വെള്ളം കുടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വേദി വിട്ടശേഷവും സഹപ്രവർത്തകർക്കു മുന്നിൽ എഡിഎമ്മിനെ ആശ്വസിപ്പിക്കാൻ കലക്ടർ തുനിഞ്ഞില്ല.
എഡിഎമ്മിന്റെ കുടുംബത്തിന് എഴുതിയ കത്തിൽ ‘ഇന്നലെ വരെ എന്റെ തോളോടുതോൾ നിന്നു പ്രവർത്തിച്ചയാളാണ് നവീൻ. കാര്യക്ഷമതയോടും സഹാനൂഭൂതിയോടും തന്റെ ഉത്തരവാദിത്തം നിർവഹിച്ച വ്യക്തിയായിരുന്നു എട്ടു മാസത്തോളമായി എനിക്കറിയാവുന്ന നവീൻ’ എന്നു കലക്ടർ പറയുന്നതിലെ ആത്മാർഥതയും ഇതിലൂടെ ചോദ്യം ചെയ്യപ്പെടുകയാണ്. കണ്ണൂർ കലക്ടറായി അരുൺ കെ.വിജയൻ ചുമതലയേറ്റിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാവുകയാണ്. ഇതേദിവസം തന്നെ അദ്ദേഹം പടിയിറങ്ങുമോയെന്ന ചോദ്യവും ഉയരുന്നു.
‘എന്റെ ചുറ്റും ഇരുട്ടാണ്’: ഒപ്പോ സീലോ ഇല്ലാതെ കലക്ടറുടെ അനുശോചനസന്ദേശം
∙ നവീൻ ബാബുവിന്റെ മരണത്തിൽ ഭാര്യ മഞ്ജുഷയെയും മക്കളെയും അഭിസംബോധന ചെയ്ത് കലക്ടർ അരുൺ കെ. വിജയന്റെ അനുശോചനസന്ദേശം. കത്തിൽ ഒപ്പോ സീലോ ഇല്ല. പത്തനംതിട്ട സബ് കലക്ടർ വഴി ഇന്നലെ രാ വിലെയാണു കത്ത് കൈമാറിയത്. നവീൻ ബാബുവിന്റെ മികവിനെ പുകഴ്ത്തുന്ന ഒട്ടേറെ കാര്യങ്ങൾ ഇതിലുണ്ട്.
‘കഴിഞ്ഞദിവസം അന്ത്യകർമങ്ങൾ കഴിയുംവരെ പത്തനംതിട്ടയിലുണ്ടായിരുന്നു. നേരിൽ വന്നു ചേർന്നുനിൽക്കണമെന്നു കരുതിയെങ്കിലും സാധിച്ചില്ല. നവീന്റെ മരണം നൽകിയ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. എന്റെ ചുറ്റും ഇരുട്ടു മാത്രമാണിപ്പോൾ. പിന്നീട് ഒരവസരത്തിൽ നിങ്ങളുടെ അനുവാദത്തോടെ വീട്ടിൽ വരാം’ – കത്തിൽ പറയുന്നു.
സംസ്കാരദിവസം കലക്ടറെ കാണാൻ കുടുംബാംഗങ്ങൾ തയാറായിരുന്നില്ല. തുടർന്നാണു മടക്കയാത്രയ്ക്കിടെ കത്തെഴുതി വീട്ടിലെത്തിച്ചത്. കത്തിൽ തൃപ്തരല്ലെന്നു കുടുംബം പറയുന്നു.
കലക്ടറുടെ മൊഴി ഉടൻ
എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച കേസിൽ കലക്ടർ അരുൺ കെ.വിജയന്റെ മൊഴി ഉടൻ രേഖപ്പെടുത്തും. നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച ടി.വി.പ്രശാന്തന്റെ മൊഴി ഇന്നലെ രേഖപ്പെടുത്തി. യാത്രയയപ്പുയോഗത്തിൽ പങ്കെടുത്ത ജീവനക്കാരുടെ മൊഴിയെടുപ്പു തുടരുകയാണ്. എഡിഎമ്മിന്റെ ബന്ധുക്കളുടെ മൊഴിയെടുപ്പു പൂർത്തിയായി.