‘കാലുമാറുന്നത് രാഷ്ട്രീയം; അവരെ ഉൾക്കൊള്ളുക കമ്യൂണിസ്റ്റ് ചുമതല’: എം.വി.ഗോവിന്ദൻ
Mail This Article
തിരുവനന്തപുരം ∙ ‘കാലുമാറുന്നതിന്റെ’ അടിസ്ഥാനം രാഷ്ട്രീയമാണെന്നും അങ്ങനെ മാറുന്നവരെ ഉൾക്കൊള്ളുക എന്നത് ഏതു കമ്യൂണിസ്റ്റ് പാർട്ടിയുടെയും പ്രധാന ചുമതലയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ആ ചുമതല തങ്ങൾ നിർവഹിക്കുമ്പോൾ അതിൽ കോൺഗ്രസും യുഡി എഫും ബേജാറിയിട്ടു കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിട്ടെത്തിയ പി.സരിന് സിപിഎം സീറ്റ് നൽകിയതു ഗതികേടാണെന്ന കോൺഗ്രസ് വിമർശനം സംബന്ധിച്ചായിരുന്നു പ്രതികരണം.
‘എന്തുകൊണ്ട് കാലുമാറി എന്നതിനാണ് കോൺഗ്രസ് നേതാക്കൾ ഉത്തരം പറയേണ്ടത്. സരിൻ സ്വതന്ത്രനായി മത്സരിക്കുന്നതാണ് നല്ലതെന്നാണ് പാർട്ടി വിലയിരുത്തൽ.കെ.കരുണാകരനും എ.കെ.ആന്റണിയും ഉമ്മൻചാണ്ടിയും ആര്യാടൻ മുഹമ്മദും അടക്കം ഇടതുപക്ഷത്തെ വിമർശിച്ചിട്ടുള്ളവരെല്ലാം പിന്നീട് ഞങ്ങളുടെ ഭാഗമായി മത്സരിച്ചിട്ടുണ്ട്’ – ഗോവിന്ദൻ പറഞ്ഞു.