സ്റ്റാർട്ട്, സാധു, ആക്ഷൻ; കൊമ്പൻ പുതുപ്പള്ളി സാധു ഷൂട്ടിങ് സൈറ്റിൽ
Mail This Article
കാഞ്ഞിരപ്പള്ളി ∙ പുതുപ്പള്ളി സാധു വീണ്ടും ഷൂട്ടിങ് ലൊക്കേഷനിലെത്തി. മുണ്ടക്കയം പുലിക്കുന്ന് വനമേഖലയിലെ തേക്ക് പ്ലാന്റേഷനിലാണു പുതുപ്പള്ളി സാധു എന്ന ആന വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തിയത്. കോതമംഗലത്തു തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെ രണ്ടാഴ്ച മുൻപു സാധു കാട്ടിലേക്ക് ഓടിപ്പോയിരുന്നു. മറ്റൊരു നാട്ടാന പിന്നിൽനിന്നു കുത്തിയതായിരുന്നു കാരണം. പിന്നീടു കാട്ടിനുള്ളിൽനിന്നു കണ്ടെത്തി തിരികെക്കൊണ്ടുവരികയായിരുന്നു.
എ.ജെ.വർഗീസ് സംവിധാനം ചെയ്ത് ഷൈൻ ടോം ചാക്കോ, ബാബു ആന്റണി, ബൈജു തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനാണു സാധു പുലിക്കുന്നിലെത്തിയത്. പുലിക്കുന്നിനും കുളമാക്കലിനും ഇടയിലുള്ള തേക്ക് പ്ലാന്റേഷനിലാണു സിനിമയുടെ ചിത്രീകരണം നടക്കുന്നത്. വനത്തിനുള്ളിലെ ആദിവാസിക്കുടിലുകൾ നശിപ്പിക്കുന്ന കാട്ടാനയുടെ റോളാണു സിനിമയിൽ സാധുവിന്. ഇതിനായി പ്ലാന്റേഷനിൽ താൽക്കാലിക കുടിലുകളും ഒരുക്കിയിരുന്നു. ഇത്തവണ സാധു കാടുകയറിപ്പോകാതിരിക്കാൻ പാപ്പാന്മാരും സിനിമാപ്രവർത്തകരും മുൻകരുതലെടുത്തിട്ടുണ്ട്.