വയനാട് ഉരുൾപൊട്ടൽ: ദുരന്തബാധിതർക്ക് എസ്ഡിആർഎഫ് ഫണ്ട് ഉപയോഗിക്കാം
Mail This Article
കൊച്ചി ∙ വയനാട് ഉരുൾപൊട്ടലിൽ ദുരന്തബാധിതരുടെ സഹായത്തിനായി നിലവിൽ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലുള്ള (എസ്ഡിആർഎഫ്) 782.99 കോടി രൂപ ഉപയോഗിക്കാമെന്നും സംസ്ഥാനം വിശദമായ മെമ്മോറാണ്ടം നൽകുന്നതിന്റെ അടിസ്ഥാനത്തിൽ അധിക തുക അനുവദിക്കുന്നതു പരിഗണിക്കുമെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഇക്കാര്യത്തിൽ മറുപടി നൽകാൻ സർക്കാരിനോടും അമിക്കസ് ക്യൂറിയോടും കോടതി നിർദേശിച്ചു. ദുരന്ത ബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട ഹർജികളാണു ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. വിഷയം 25ന് വീണ്ടും പരിഗണിക്കും.
ദുരന്തത്തെ തുടർന്ന് ജൂലൈ 31 നും ഈ മാസം ഒന്നിനും 145.60 കോടി രൂപ വീതം കേന്ദ്രസർക്കാർ വിഹിതമായി മുൻകൂർ നൽകിയെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. മാർച്ച് 31 ലെ കണക്കു പ്രകാരം എസ്ഡിആർഎഫ് അക്കൗണ്ടിൽ 394.99 കോടി രൂപ ബാക്കിയുണ്ട്. ഇതു പ്രകാരം കേന്ദ്രസർക്കാരിന്റെ വിഹിതമായി 291.20 കോടി രൂപ, സംസ്ഥാന വിഹിതം 96.80 രൂപ, ബാക്കിയുള്ള തുക 394.99 കോടി എന്നിവ അനുസരിച്ചു 782.99 കോടി രൂപ എസ്ഡിആർഎഫിലുണ്ടെന്നാണു കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശൻ അറിയിച്ചത്. സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് വിശദീകരണത്തിനു സമയം തേടി.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് അടിയന്തര സഹായമായി സംസ്ഥാന സർക്കാർ 214.68 കോടി രൂപ ഓഗസ്റ്റ് 19 ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കേന്ദ്രസർക്കാരിന്റെ പരിഗണനയിലാണെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ അറിയിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം അനുവദിക്കുന്നതും പരിഗണനയിലാണ്. ദേശീയ ദുരന്ത പ്രതികരണ നിധിയിൽനിന്നുള്ള (എൻഡിആർഎഫ്) കൂടുതൽ സഹായം അനുവദിക്കുന്നതിനുള്ള അപേക്ഷ ഉന്നത സമിതിയുടെ പരിഗണനയിലാണ്. വൻ ദുരന്തങ്ങളിൽ ദീർഘകാല നടപടികൾക്ക് അധിക സഹായത്തിനായി വിവിധ മേഖലകളിൽനിന്നുള്ളവരെ ഉൾപ്പെടുത്തി സംസ്ഥാനം സമിതി രൂപീകരിച്ച് ആവശ്യത്തെക്കുറിച്ചു പഠനം നടത്തി റിപ്പോർട്ട് നൽകണം. കേരളത്തിൽനിന്ന് ഇതു ലഭിച്ചാൽ പരിഗണിക്കും.
ദുരന്തബാധിതർക്കായി പബ്ലിക് ലൈഫ് ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതിൽ പ്രായോഗിക പ്രശ്നമുണ്ട്. ബാങ്ക് വായ്പയ്ക്ക് മൊറട്ടോറിയം അനുവദിക്കുന്നതുൾപ്പെടെയുള്ള വിഷയത്തിൽ നിലപാട് അറിയിക്കാമെന്നും വിശദീകരിച്ചു. എന്നാൽ ബാങ്ക് വായ്പയുടെ കാര്യം കേന്ദ്ര സർക്കാരിന് ഒരു സർക്കുലറിലൂടെ പരിഹരിക്കാവുന്ന വിഷയമാണെന്നു കോടതി അഭിപ്രായപ്പെട്ടു. ദുരന്ത ബാധിതരെല്ലാം കർഷകരാണെന്നും വായ്പയിൽ ഇളവ് അനിവാര്യമാണെന്നും പറഞ്ഞു.
മുണ്ടക്കൈ, ചൂരൽമല, വിലങ്ങാട്: പുനരധിവാസം വേഗത്തിൽ ആക്കണമെന്ന് കെസിബിസി
കോട്ടയം ∙ പ്രകൃതിദുരന്തമുണ്ടായ വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാട്ടും പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നു കേരള കത്തോലിക്കാ മെത്രാൻ സമിതി (കെസിബിസി).
വിഷയത്തിൽ മന്ത്രി കെ.രാജനുമായി കെസിബിസി ജസ്റ്റിസ് പീസ് ആൻഡ് ഡവലപ്മെന്റ് കമ്മിഷൻ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി. പുനരധിവാസ പദ്ധതികളിൽ സഭയുടെ പങ്കാളിത്ത സന്നദ്ധത കെസിബിസി പ്രസിഡന്റ് മേജർ ആർച്ച് ബിഷപ് കർദിനാൾ ബസേലിയോസ് മാർ ക്ലീമീസ് കാതോലിക്കാ ബാവാ സർക്കാരിനെ അറിയിച്ചു.
അടിയന്തര ആശ്വാസമായി കത്തോലിക്കാ സഭ, കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തിൽ 9500 രൂപ വീതം വയനാട്ടിലെ 925 കുടുംബങ്ങൾക്കു കൈമാറി. വിലങ്ങാട്ടെ പുനരധിവാസ പ്രവർത്തനങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണമെന്നു കെസിബിസി ജസ്റ്റിസ് പീസ് ആൻഡ് ഡവലപ്മെന്റ് കമ്മിഷൻ ചെയർമാൻ മാർ ജോസ് പുളിക്കൽ ആവശ്യപ്പെട്ടു.