അതിരമ്പുഴയിൽ അക്രമിസംഘം കടകൾ തകർത്തു; പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു
Mail This Article
ഏറ്റുമാനൂർ∙ അതിരമ്പുഴയിൽ അക്രമാസക്തരായ കഞ്ചാവ് മാഫിയ രണ്ടു കടകൾ അടിച്ചുതകർത്തു. ആക്രമണത്തിൽ കടയിലെ 2 ജീവനക്കാർക്കു പരുക്കേറ്റു. പൊലീസിനു നേരെ മുളക് സ്പ്രേ അടിച്ച സംഘം ഉദ്യോഗസ്ഥരെ മർദിച്ചു. അക്രമികളിൽ 3 പേരെ പൊലീസ് സാഹസികമായി കീഴടക്കി. മറ്റുള്ളവർ കടന്നുകളഞ്ഞു. ആക്രമണം നടത്തിയത് കുപ്രസിദ്ധ ഗുണ്ടാ നേതാവ് അച്ചു സന്തോഷിന്റെ കൂട്ടാളികളാണെന്നു നാട്ടുകാർ. സംഭവത്തിൽ നാട്ടുകാരും വ്യാപാരികളും അടക്കം നൂറുകണക്കിനാളുകൾ പ്രതിഷേധവുമായി രംഗത്തെത്തി.
അതിരമ്പുഴ ജംക്‌ഷനു സമീപം പ്രവർത്തിക്കുന്ന അഞ്ജലി സ്റ്റോഴ്സ്, സമീപത്തെ മൊബൈൽ കെയർ എന്നീ സ്ഥാപനങ്ങളിലാണ് ആക്രമണം നടന്നത്. അതിരമ്പുഴ പഞ്ചായത്ത് അംഗം അഞ്ജലി ജോസിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് ഇത്. ആക്രമണത്തിൽ മൊബൈൽ കെയറിലെ ജീവനക്കാരായ അമൽ, യദു എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി എട്ടിനാണ് സംഭവങ്ങൾക്കു തുടക്കം. അതിരമ്പുഴ സ്വദേശിയായ യാസ്മിന്റെ ഉടമസ്ഥതയിലുള്ള മൊബൈൽ കെയർ എന്ന കടയിൽ മൂന്നംഗ സംഘം എത്തുകയും സാധനങ്ങളുടെ വില സംബന്ധിച്ചു തർക്കമുണ്ടാക്കുകയുമായിരുന്നു. കടയിലെ ജീവനക്കാരെ അസഭ്യം പറഞ്ഞ സംഘം പോയ ശേഷം കൂടുതൽ ആളുകളുമായി എത്തി ആക്രമണം നടത്തുകയായിരുന്നു.അക്രമി സംഘത്തിൽ പതിനഞ്ചോളം പേരുണ്ടായിരുന്നതായി കെട്ടിട ഉടമ പറയുന്നു. കടയുടെ മുന്നിലെ ഗ്ലാസ് എറിഞ്ഞു തകർത്തു. കല്ലുകൊണ്ടും മറ്റുമാണ് ജീവനക്കാരെ മർദിച്ചത്. തുടർന്നു പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം സമീപത്തെ അഞ്ജലി സ്റ്റോഴ്സിൽ എത്തി അവിടെയും ആക്രമണം നടത്തുകയായിരുന്നു.
വ്യാപാരികളും നാട്ടുകാരും വിവരമറിയിച്ചതിനെ തുടർന്ന് ഏറ്റുമാനൂർ പൊലീസ് സ്ഥലത്തെത്തിയിരുന്നു. അക്രമിസംഘത്തെ കീഴ്പ്പെടുത്താൻ ശ്രമിച്ച പൊലീസിനു നേരെ അവർ മുളകുസ്പ്രേ അടിക്കുകയും തുടർന്ന് ആക്രമിക്കുകയും ചെയ്തു. അക്രമികളെ ജീപ്പിലേക്കു കയറ്റുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ഇവർ വീണ്ടും ആക്രമിക്കുകയും കടിച്ച് പരുക്കേൽപിക്കുകയും ചെയ്തു. രണ്ട് ഉദ്യോഗസ്ഥർക്ക് അക്രമികളുടെ കടിയേറ്റ് പരുക്കേറ്റിട്ടുണ്ട്. സ്ഥിരം കുറ്റവാളിയായ നിഖിലും കൂട്ടാളികളുമാണ് പിടിയിലായതെന്നും മറ്റുള്ളവർക്കായി തിരച്ചിൽ ഊർജിതമാക്കിയെന്നും ഏറ്റുമാനൂർ പൊലീസ് അറിയിച്ചു. സംഭവത്തിൽ അതിരമ്പുഴ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ജോയിസ് ആൻഡ്രൂസ് മൂലേക്കരി, സെക്രട്ടറി പ്രകാശ് കാരാടിയിൽ എന്നിവർ പ്രതിഷേധിച്ചു.