കവിതയുടെ പാചകശാലയിലെ രുചി പകർന്ന് ഹോർത്തൂസ് വായന
Mail This Article
പാലക്കാട് ∙ കെ.കാർത്തിക്കിന്റെ ‘ക്ലിങ്’ എന്ന കവിത കവി പി.കുഞ്ഞിരാമൻ നായർ വായിച്ചാൽ അദ്ദേഹം അന്തംവിട്ടുപോകുമെന്നും കവിത മറ്റു സാഹിത്യ ധാരകളേക്കാൾ ചലനാത്മകമായതിനാൽ അതിൽ വരുന്ന മാറ്റം വളരെ വലുതാണെന്നും കവി പി.രാമൻ പറഞ്ഞു. മാനായും മയിലായും പകർന്നാടാനും വെള്ളം പോലെ പകരുന്ന പാത്രത്തിന്റെ രൂപം സ്വീകരിക്കാനും കവിതകൾക്കു കഴിയുമെന്നും കവി ലോപാമുദ്ര കൂട്ടിച്ചേർത്തു.
മലയാള മനോരമ ഹോർത്തൂസ് സാഹിത്യ സാംസ്കാരികോത്സവത്തിനു മുന്നോടിയായി പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ.സംസ്കൃത കോളജിൽ നടത്തിയ ഹോർത്തൂസ് വായനയിൽ ‘കവിതയുടെ പാചകശാല’ എന്ന വിഷയം ചർച്ചചെയ്യുകയായിരുന്നു ഇരുവരും.
എന്താണു കവിത എന്ന ചോദ്യത്തിന്, കവി ദിവസവും സ്വയം ചോദിക്കേണ്ട ചോദ്യമാണിത് എന്നായിരുന്നു പി.രാമന്റെ മറുപടി. ഭാഷ, കവിയുടെ നോട്ടനില എന്നീ ഘടകങ്ങൾ കൂടി ചേരുമ്പോഴാണു കവിത പിറക്കുന്നത്.
വാക്കുകൾ സൂക്ഷിച്ച്, കൂർപ്പിച്ച് ഉപയോഗിക്കാനാണു കവികൾ പഠിക്കേണ്ടതെന്നു ലോപാമുദ്ര പറഞ്ഞു. പട്ടാമ്പി ഗവ.സംസ്കൃത കോളജ് മലയാള വിഭാഗം മേധാവി ഡോ.എച്ച്.കെ.സന്തോഷ്, അസോഷ്യേറ്റ് പ്രഫസർ ഡോ.എൻ.കെ.ജലീൽ അഹമ്മദ്, മലയാള മനോരമ സീനിയർ കോഓർഡിനേറ്റിങ് എഡിറ്റർ സുരേഷ് ഹരിഹരൻ, അസിസ്റ്റന്റ് എഡിറ്റർ ജിജീഷ് കൂട്ടാലിട എന്നിവർ പ്രസംഗിച്ചു.