ADVERTISEMENT

കോഴിക്കോട് ∙ യുനെസ്കോ സാഹിത്യനഗര പദവി നേടിയ കോഴിക്കോടിന്റെ മണ്ണിൽ വായനയുടെയും കലകളുടെയും പുതുവസന്തം തീർക്കാൻ ഹോർത്തൂസ് വരവായി. മലയാള മനോരമ ഒരുക്കുന്ന ഹോർത്തൂസ് കലാ സാംസ്കാരിക സാഹിത്യോത്സവം ഈ മാസം 31 മുതൽ നവംബർ 3 വരെ കോഴിക്കോട് കടപ്പുറത്ത് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ 31ന് വൈകിട്ട് നാലിന് ഉദ്ഘാടനം ചെയ്യും. 

ഒന്നിനു രാവിലെ വിവിധ സംവാദങ്ങൾക്കു തുടക്കമാവും. രാജ്യാന്തരതലത്തിലും ദേശീയതലത്തിലും ശ്രദ്ധേയരായ സാഹിത്യകാരൻമാരും കലാകാരൻമാരുമടക്കം 400 പേരാണ് 130 സെഷനുകളിലായി പങ്കെടുക്കുക.  

ഹോർത്തൂസിനോടനുബന്ധിച്ചുള്ള പുസ്തകമേളയായ ‘പുസ്തകശാല’ 26ന് ആറിന് സാഹിത്യകാരൻ എം.മുകുന്ദൻ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരൻ ലിജീഷ്കുമാർ ആദ്യപുസ്തകം ഏറ്റുവാങ്ങും. ജോയ് ആലുക്കാസ് ഗ്രൂപ്പ് എംഡി ജോയ് ആലുക്കാസ് അധ്യക്ഷനായിരിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ പുസ്തകമേളകളിൽ ഒന്നാകും ഹോർത്തൂസ് പുസ്തകശാല. 

കാണാം, മനോരമയുടെ അക്ഷരപ്രയാണ കഥ  

സ്ഥാപിതമായ 1888 മുതൽ 2024 വരെയുള്ള മലയാള മനോരമയുടെ അക്ഷര പ്രയാണം ചിത്രങ്ങളിലും വാക്കുകളിലും ഒരുക്കുന്ന പ്രദർശനം ഹോർത്തൂസിനോടനുബന്ധിച്ചുണ്ടാവും. കൂടാതെ കൊറിയൻ ഭക്ഷണമൊരുക്കുന്ന കുക്ക് സ്റ്റുഡിയോ, പട്ടം പറത്തൽ, പട്ടം നിർമാണം, ക്വിസ് മത്സരം തുടങ്ങിയവ ഉൾപ്പെടുത്തിയ ചിൽഡ്രൻസ് പവിലിയൻ എന്നിവയും ഉണ്ടാകും.  

   26ന് ആരംഭിക്കുന്ന വിളംബര സന്ധ്യയോടനുബന്ധിച്ച് 60ൽ പരം പുസ്തകങ്ങളുടെ പ്രകാശനം നടക്കും. എല്ലാ ദിവസവും വൈകിട്ടു കലാപരിപാടികളുമുണ്ടാവും.

കൊച്ചി ബിനാലെ കലാപ്രദർശനം

ഹോർത്തൂസിനോടനുബന്ധിച്ചു മേയ്ത്ര ആശുപത്രിയുടെ നേതൃത്വത്തിൽ കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ കലാപ്രദർശനവും നടക്കും. ബോസ് കൃഷ്ണമാചാരി മേൽനോട്ടം വഹിക്കും. പവലിയൻ 28ന് 12ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റർ ജയന്ത് മാമ്മൻ മാത്യു അധ്യക്ഷനായിരിക്കും. മേയ്ത്ര ഹോസ്പിറ്റൽ സിഇഒ നിഹാജ് ജി.മുഹമ്മദ് പ്രസംഗിക്കും. ആർട്ടിസ്റ്റുമാരായ പി.എസ്.ജലജയും എസ്.എൻ.സുജിത്തുമാകും ക്യൂറേറ്റ് ചെയ്യുക.

English Summary:

Horthus book fair starts on October 26

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com