പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് പത്തടിയോളം ആഴമുള്ള കിണറ്റിൽ വീണു; നാലു മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി
Mail This Article
നെടുങ്കണ്ടം ∙ പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റിൽ വീണു; മണിക്കൂറുകൾക്ക് ശേഷം അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി. വെള്ളിയാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം.
നെടുങ്കണ്ടം - കൈലാസപ്പാറ റോഡിൽ ലഹരി വസ്തുക്കൾ കടത്തുന്നെന്ന വിവരത്തെ തുടർന്ന് വാഹനപരിശോധന നടത്തുകയായിരുന്നു പൊലീസ് സംഘം. ഇതിനിടെ, പ്രദേശവാസികളായ ശ്രീക്കുട്ടനും നജ്മലും ബൈക്കിൽ ഇവിടെയെത്തി. പൊലീസ് ഇവരുടെ വാഹനം തടഞ്ഞതോടെ ബൈക്കിന് പിന്നിലിരുന്ന നജ്മൽ സമീപത്തെ കൃഷിയിടത്തിലേക്ക് ഓടി. തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതേസമയം പത്തടിയോളം ആഴമുള്ള കിണറ്റിൽ മോട്ടറിന്റെ പൈപ്പിൽ പിടിച്ചു കിടക്കുകയായിരുന്നു യുവാവ്.
മണിക്കൂറുകൾക്കു ശേഷം നജ്മലിന്റെ കരച്ചിൽ കേട്ട പ്രദേശവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് പന്ത്രണ്ടരയോടെയാണ് യുവാവിനെ പുറത്തെടുത്തത്. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് ശേഷം രക്ഷിതാക്കളെ വിളിച്ചുവരുത്തി നജ്മലിനെ പറഞ്ഞയച്ചു. ശ്രീക്കുട്ടനെതിരെ കഞ്ചാവ് കൈവശം വച്ചതിന് പൊലീസ് കേസെടുത്തിട്ടുണ്ട്.