ADVERTISEMENT

കൊച്ചി∙ മൊബൈൽ മോഷണക്കേസിൽ പിടിയിലായ മുംബൈയിൽ നിന്നുള്ള സംഘം കൊച്ചിയിലെത്തിയത് അലൻവോക്കർ സഞ്ചരിച്ച അതേ വിമാനത്തിലെന്നു പൊലീസ്. പ്രതികളുടെ മൊബൈൽ ഫോണിൽ വിമാനത്തിനുള്ളിൽ നിന്നും വിമാനത്താവളത്തിൽ നിന്നുമുള്ള ദൃശ്യങ്ങൾ ഉള്ളതായി പൊലീസ് കണ്ടെത്തി. ഇതിൽ അലൻവോക്കറുടെ ദൃശ്യങ്ങളുമുണ്ട്. പ്രതികൾ താമസിച്ച ലോഡ്ജിൽ നിന്നും പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ഇതിൽ പ്രതികളുടെ ദൃശ്യങ്ങൾ ഉണ്ടെന്നും പൊലീസ് പറഞ്ഞു. 

മോഷ്ടിച്ച മൊബൈലുകൾ അപ്പോൾ തന്നെ അഴിച്ചെടുത്തു പാർട്സ് ആയി വിൽക്കുന്നതാണു പ്രതികളുടെ രീതി. ഐഎംഇഐ നമ്പർ മുഖേന ഫോൺ കണ്ടെത്തുന്നത് ഒഴിവാക്കാനാണ് ഇതെന്നാണു പ്രതികളുടെ മൊഴി. മോഷ്ടിച്ചെടുക്കുന്ന ഫോണുകൾ ചാന്ദ്നി ചൗക്കിലെ ചോർ ബാസാറിലുള്ള ചില വ്യാപാരികൾക്കാണു നൽകുക. ഇതിലൊരു വ്യാപാരി 10 ലക്ഷം രൂപയോളം പ്രതികളിലൊരാളുടെ അക്കൗണ്ടിലേക്കു നൽകിയതായും പൊലീസ് കണ്ടെത്തി. ദരിയാഗഞ്ച് മേഖലയിൽ ഡൽഹി ആന്റി ടെററിസ്റ്റ് സ്ക്വാഡിലെ അംഗങ്ങളുടെ സഹായത്തോടെയായിരുന്നു കൊച്ചി പൊലീസിന്റെ തിരച്ചിൽ.

കൊച്ചിയിലെ മോഷണത്തിനു ശേഷം മുംബൈ സംഘം പുണെയിൽ 18ന് നടന്ന അലൻവോക്കർ ഷോയിലും മോഷണം നടത്തിയതിനുള്ള തെളിവുകളും ലഭിച്ചു. ഷോയ്ക്കിടെ 18 മൊബൈൽ ഫോൺ മോഷ്ടിച്ചതായാണു പൊലീസ് പറയുന്നത്. തുടർന്നു വിമാനത്തിലാണു പുണെയിൽ നിന്നു മുംബൈയിലേക്കു പോയത്. പ്രതികൾ മുംബൈയിൽ എത്തുമ്പോൾ മോഷണമുതൽ സഹിതം പിടികൂടാൻ കാത്തിരിക്കുകയായിരുന്നു സിറ്റി പൊലീസ്.

എന്നാൽ, വലയിലാകുമ്പോൾ 3 മൊബൈൽ ഫോൺ ഒഴികെ മറ്റുള്ളവ പ്രതികളുടെ കയ്യിലുണ്ടായിരുന്നില്ല. മൂന്നാമതൊരാൾ കൂടി സംഘത്തിൽ ഉണ്ടായിരുന്നതായും ഇയാൾ മറ്റു മൊബൈൽ ഫോണുകളുമായി വാരാണസിയിലേക്കു പോയതായും പ്രതികൾ പൊലീസിനു മൊഴി നൽകി. ഈ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.

പ്രതിയെ കിട്ടിയത് കട്ടിലിന് അടിയിലെ അറയിൽ നിന്ന്

മൊബൈൽ മോഷണക്കേസിലെ പ്രതിയായ സണ്ണി ഭോല യാദവിനെ പൊലീസ് കണ്ടെത്തിയതു കിടപ്പുമുറിയിലെ കട്ടിലിന്റെ അടിയിലുള്ള സ്റ്റോറേജ് സ്ഥലത്ത് ഒളിച്ചിരിക്കുന്ന നിലയിൽ. സ്റ്റോറേജിൽ ഒളിച്ച ശേഷം കട്ടിലിനു മുകളിൽ ബെഡ് ഇട്ട നിലയിലായിരുന്നു. കണ്ടെത്താൻ അൽപം കൂടി വൈകിയെങ്കിൽ ശ്വാസം മുട്ടി ഇയാളുടെ ജീവൻ അപകടത്തിൽ ആകുമായിരുന്നു എന്നാണു പൊലീസ് പറയുന്നത്. മൊബൈൽ ഫോണുകൾക്കായി ബെഡ് മാറ്റിയ ശേഷം നടത്തിയ തിരച്ചിലിലാണു സണ്ണിയെ കണ്ടെത്തിയത്. 

മുംബൈയിലെത്തിയ സിറ്റി പൊലീസ് അവിടത്തെ പൊലീസിനൊപ്പമാണു താനെയിലെ പ്രതികളുടെ വീട്ടിലെത്തിയത്. ശ്യാം ബരൻവാളിന്റെ വീട്ടിലാണു സണ്ണി ഒളിച്ചിരുന്നത്. പൂട്ടിയിട്ടിരുന്ന വീടിന്റെ വാതിൽ തുറക്കാൻ തയാറാകാതിരുന്നതിനെ തുടർന്നു ചവിട്ടിപ്പൊളിച്ചു പൊലീസ് സംഘം ഉള്ളിൽ കടന്നു. എന്നാൽ, ഉള്ളിൽ ശ്യാം ബരൻവാളും അമ്മയെയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. സണ്ണി വീട്ടിലില്ല എന്ന നിലപാടിലായിരുന്നു ശ്യാം. മോഷ്ടിച്ചെടുത്ത ഫോണുകൾ ഒന്നും കണ്ടെടുക്കാൻ കഴിയാത്തതിനെത്തുടർന്നു വീടു മുഴുവൻ തിരയുന്നതിനിടയിലാണ് കട്ടിലിനടിയിലും പരിശോധിച്ചത്. 

English Summary:

Mobile phone thieves arrived on same flight where Alan Walker travelled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com