അഭയമായിരുന്നു അച്ഛനെന്ന് നിരഞ്ജനയും നിരുപമയും; ആ കിളികൾ പറന്നുയരും, മാനം മുട്ടെ
Mail This Article
പത്തനംതിട്ട ∙ ‘സ്വയംപര്യാപ്തരായ രണ്ടു കിളികളായി ഞങ്ങൾ ഉയരങ്ങൾ കീഴടക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. അതിനുള്ള പ്രോൽസാഹനവും അവസരങ്ങളും അച്ഛൻ തന്നിരുന്നു. അദ്ദേഹത്തിന്റെ ജീവിതമാണു ഞങ്ങൾക്കു മാതൃകയും പ്രചോദനവും’– ഇതു പറയുമ്പോൾ നവീൻ ബാബുവിന്റെ മൂത്തമകൾ നിരഞ്ജന എൻ.നായരുടെ കണ്ണുകൾ ഈറനണിഞ്ഞു. മക്കൾക്ക് എന്തു വിഷമവും തുറന്നുപറയാനുള്ള അഭയകേന്ദ്രമായിരുന്നു നവീൻ ബാബു. പറയുന്നതൊക്കെ ക്ഷമയോടെ കേട്ടിരുന്ന നല്ല ‘ലിസണർ’ ആയാണ് നിരഞ്ജനയും അനുജത്തി നിരുപമയും അച്ഛനെ വിശേഷിപ്പിക്കുന്നത്.
കണ്ണൂരിൽനിന്ന് അച്ഛൻ നാട്ടിലെത്തുമ്പോൾ കൂട്ടിക്കൊണ്ടുവരാൻ അമ്മ മഞ്ജുഷയ്ക്കൊപ്പം നിരഞ്ജനയും നിരുപമയും റെയിൽവേ സ്റ്റേഷനിലേക്കു പോകുമായിരുന്നു. അവരാണു വാഹനമോടിച്ചിരുന്നത്. 18 വയസ്സായപ്പോൾത്തന്നെ ലൈസൻസ് എടുപ്പിച്ചു. ഡ്രൈവിങ് പരിശീലിപ്പിച്ചതും അച്ഛനാണ്.
‘ആൺകുട്ടികളെപ്പോലെത്തന്നെ പെൺകുട്ടികളും സ്വാതന്ത്ര്യത്തോടെ വളരണമെന്ന കാഴ്ചപ്പാടോടെയാണ് അച്ഛൻ ഞങ്ങളെ വളർത്തിയത്. എല്ലാ കാര്യങ്ങളിലും അഭിപ്രായസ്വാതന്ത്ര്യം നൽകിയിരുന്നു’– നിരുപമ പറഞ്ഞു.
‘18–ാം വയസ്സിൽ പിഎസ്‌സി പരീക്ഷയെഴുതി പാസായി 23–ാം വയസ്സിൽ സർവീസിൽ പ്രവേശിച്ച ശേഷവും പഠനവും വായനയും അദ്ദേഹം തുടർന്നിരുന്നു. എന്തു വിഷയത്തിലും സംശയം ചോദിച്ചിരുന്നത് അച്ഛനോടാണ്’ – നിരഞ്ജന പറഞ്ഞു.
‘വായനയിൽ വലിയ താൽപര്യമുള്ള ആളായിരുന്നു അച്ഛൻ, എന്തുകിട്ടിയാലും ശ്രദ്ധാപൂർവം വായിക്കുമായിരുന്നു’– മക്കൾ പറഞ്ഞു. കാരുവള്ളിൽ വീട്ടിലെ അലമാരയിൽ വായിച്ചുതീരാത്ത പുസ്തകങ്ങൾ അദ്ദേഹത്തെ കാത്തിരിക്കുന്നു, ഇനി വരില്ലെന്നറിയാതെ.