മുൻവിധിയോടെ കേസന്വേഷണം; ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വരുന്നതുവരെ പൊലീസ് നടപടിയില്ല
Mail This Article
തിരുവനന്തപുരം ∙ എഡിഎം കെ.നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിസ്ഥാനത്തുള്ള മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയ്ക്കെതിരായ ആത്മഹത്യാ പ്രേരണക്കുറ്റം തെളിയിക്കുക എളുപ്പമല്ലെന്ന മുൻവിധിയോടെ കേസന്വേഷണത്തിൽ പൊലീസിന്റെ മെല്ലെപ്പോക്ക്. ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് വരുന്നതിനു മുൻപു തിടുക്കപ്പെട്ടു നടപടി വേണ്ടെന്നാണു തീരുമാനം. ജാമ്യമില്ലാ വകുപ്പ് ചുമത്തിയെങ്കിലും ദിവ്യയെ ചോദ്യംചെയ്യാനോ അറസ്റ്റ് ചെയ്യാനോ മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പിൽനിന്നു പൊലീസിനു മേൽ സമ്മർദവുമില്ല.
-
Also Read
ലാൽ വർഗീസ് കൽപകവാടിയുടെ സംസ്കാരം ഇന്ന്
സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. ദിവ്യയ്ക്കു മുഖ്യമന്ത്രി നൽകുന്നത് നിശ്ശബ്ദ പിന്തുണയായിരിക്കുമെന്ന് അനുമാനിച്ച് ആ ‘കരുതൽ’ ഉറപ്പാക്കിയാണ് പൊലീസിന്റെ ഇതുവരെയുള്ള നടപടികൾ. യാത്രയയപ്പ് ചടങ്ങിൽ ദിവ്യ നടത്തിയ പ്രസംഗത്തിനു പിന്നാലെയാണു നവീനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. നവീന്റെ മരണത്തിലേക്കു നയിച്ച പ്രേരണക്കുറ്റം തെളിയിക്കാൻ ഇതുമാത്രം മതിയാവില്ലെന്ന സൂചനയാണു പൊലീസ് നൽകുന്നത്.
നവീനെതിരെ പരാതി നൽകിയ സംരംഭകൻ ടി.വി.പ്രശാന്തിന്റെ മൊഴിയെടുത്ത പൊലീസ്, കൈക്കൂലി സംബന്ധിച്ച ആരോപണങ്ങളിലാണു ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ദിവ്യയ്ക്കെതിരായ ആത്മഹത്യാ പ്രേരണക്കുറ്റം പരിശോധിക്കുന്നതിനു മുൻപ് കൈക്കൂലി ആരോപണത്തിൽ വ്യക്തത വരണമെന്നാണു പൊലീസിന്റെ വാദം. കൈക്കൂലി ആരോപണം തെളിയിക്കപ്പെട്ടാൽ, ദിവ്യയുടെ വിവാദ പ്രസംഗം സദുദ്ദേശ്യപരമായിരുന്നുവെന്ന നിലപാടുമായി സിപിഎം വീണ്ടും രംഗത്തിറങ്ങും. അവർക്കെതിരായ കേസും അതോടെ ദുർബലമാകുമെന്നു പൊലീസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.