ആനന്ദം, മധുരതരം
Mail This Article
തിരുവനന്തപുരം ∙ വീടിനു പുറത്ത് പ്രിയപ്പെട്ട പാലക്കാട്ടെയും കാസർകോട്ടെയും സഖാക്കൾ പായസവും ലഡുവും വിതരണം ചെയ്ത് തന്റെ 101–ാം പിറന്നാൾ ആഘോഷമാക്കിയപ്പോൾ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ ഏതാനും വർഷങ്ങളായി പതിവുള്ളതുപോലെ വീടിനുള്ളിൽ അടുത്ത ബന്ധുക്കളുടെ പരിചരണയിൽ ആഘോഷമൊതുക്കി.
വിവിധ സ്ഥലങ്ങളിൽ നിന്നുള്ള സിപിഎം പ്രവർത്തകരും വിഎസ് ആരാധകരും രാവിലെതന്നെ തലസ്ഥാനത്ത് വിഎസിന്റെ വസതിക്കു മുന്നിലെത്തിയിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ കാരണം വിഎസിന് അരികിലേക്ക് സന്ദർശകരെ അനുവദിക്കാറില്ലെങ്കിലും രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖർ ആശംസയുമായി വസതിയിലെത്തി ബന്ധുക്കളെ സന്ദർശിച്ചു.
ഭാര്യ വസുമതി, മക്കൾ ഡോ. വി.എ.അരുൺ കുമാർ, ഡോ. വി.വി.ആശ, മരുമക്കൾ ഡോ. രജനി, ഡോ. ടി.തങ്കരാജ്, പേരക്കുട്ടികളായ അർജുൻ, അരവിന്ദ് തുടങ്ങിയവർ ചേർന്നു പിറന്നാൾ കേക്ക് മുറിച്ചു. വീട്ടിൽ പായസം വച്ചെങ്കിലും അതിനു മുൻപുതന്നെ പുറത്ത് പാലക്കാട്ടെയും കാസർകോട്ടെയും സഖാക്കൾ പായസം വിതരണം ചെയ്തിരുന്നു.
ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള, മുതിർന്ന സിപിഎം നേതാക്കളായ എസ്.രാമചന്ദ്രൻപിള്ള, പി.കെ.ഗുരുദാസൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രിമാരായ വി.ശിവൻകുട്ടി, കെ.എൻ.ബാലഗോപാൽ, ജി.ആർ.അനിൽ, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ബിജെപി സെക്രട്ടറി ജെ.ആർ.പത്മകുമാർ, ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ തുടങ്ങിയവർ വസതിയിലെത്തി വിഎസിന് പിറന്നാൾ ആശംസകൾ നേർന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ സമൂഹമാധ്യമത്തിലൂടെയും മഹാരാഷ്ട്ര ഗവർണർ സി.പി.രാധാകൃഷ്ണൻ, മുൻ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ പത്നി ശാരദ ടീച്ചർ, മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, മന്ത്രിമാരായ പി.രാജീവ്, കെ.കൃഷ്ണൻകുട്ടി, ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ്, സിപിഎം നേതാവ് എസ്.ശർമ തുടങ്ങിയവർ ഫോണിലൂടെയും വിഎസിന് പിറന്നാൾ ആശംസകൾ അറിയിച്ചു.