വ്യാജവായ്പ, വ്യാജരേഖ: സഹകരണ സംഘം സെക്രട്ടറി അറസ്റ്റിൽ
Mail This Article
അങ്കമാലി ∙ യുഡിഎഫ് ഭരിക്കുന്ന അങ്കമാലി അർബൻ സഹകരണ സംഘത്തിന്റെ സെക്രട്ടറി ബിജു ജോസിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. വ്യാജ വായ്പ നൽകുന്നതിന് കൂട്ടുനിൽക്കുകയും വ്യാജ രേഖ നിർമിക്കുകയും ചെയ്തെന്നാണു കേസ്. ഇത്തരം എല്ലാ രേഖകളിലും ബിജു ജോസാണ് ഒപ്പിട്ടിട്ടുള്ളത്. ഇപ്പോൾ ബിജു ജോസ് സസ്പെൻഷനിലാണ്. നേരത്തെ അറസ്റ്റിലായ സംഘം അക്കൗണ്ടന്റ് കെ.ഐ. ഷിജു ജയിലിലാണ്.
96 കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് അങ്കമാലി അർബൻ സഹകരണ സംഘത്തിൽ നടന്നിട്ടുള്ളത്. ദീർഘകാലമായി വായ്പ കുടിശിക ഉള്ളതിനാൽ മൂന്നു ബോർഡ് മെംബർമാരെ സഹകരണ സംഘം ജില്ലാ ജോയിന്റ് റജിസ്ട്രാർ അയോഗ്യരാക്കി. ടി.പി. ജോർജ്, എം.വി. സെബാസ്റ്റ്യൻ മാടൻ, വൈശാഖ് എസ്. ദർശൻ എന്നിവരെയാണു സഹകരണ സംഘം ചട്ടം 44 (1) (സി) പ്രകാരം അയോഗ്യരാക്കിയത്.
ടി.പി. ജോർജിനു 2.5 കോടി രൂപയും വൈശാഖിന് 40 ലക്ഷം രൂപയും എം.വി. സെബാസ്റ്റ്യൻ മാടന് 26.5 ലക്ഷം രൂപയുമാണു വായ്പ കുടിശിക ഉള്ളത്.