ADVERTISEMENT

കണ്ണൂർ ∙ എഡിഎം കെ.നവീൻ ബാബു അഴിമതിക്കാരനായ ഉദ്യോഗസ്ഥനാണെന്നു തെളിയിക്കാൻ ഇതുവരെയുള്ള അന്വേഷണത്തിൽ പൊലീസിനു തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്നിരിക്കെ, എഡിഎമ്മിനെ സദുദ്ദേശ്യപരമായി വിമർശിച്ചു നേരെയാക്കാൻ പി.പി.ദിവ്യ ശ്രമിച്ചതാണെന്ന വാദം പൊളിയുന്നു.

എഡിഎമ്മിനെ സംശയമുനയിൽ നിർത്തുംവിധമുള്ള ആരോപണങ്ങൾ ആദ്യദിവസം മുതൽ വരുന്നുണ്ടെങ്കിലും ഒന്നിനും ഒരു ദിവസത്തെ ആയുസ്സ്പോലും കിട്ടുന്നില്ല. എഡിഎം കുറ്റസമ്മതം നടത്തിയെന്ന തരത്തിൽ ഏതെങ്കിലും ഉദ്യോഗസ്ഥരിൽനിന്നു മൊഴി ലഭിക്കുമോയെന്നും പൊലീസ് നോക്കിയിരുന്നുവെന്നാണു വിവരം. 

ആരോപണങ്ങളും അവയ്ക്കു സംഭവിച്ചതും

1 എഡിഎമ്മിനെതിരെ വിജിലൻസിൽ പരാതിയുണ്ടെന്നും അതു സംബന്ധിച്ചുള്ള അന്വേഷണത്തിൽ വേവലാതി പൂണ്ടാണു മരണം വരിച്ചതെന്നുമായിരുന്നു ആദ്യം പുറത്തുവന്ന കഥകളിലൊന്ന്. വിജിലൻസിൽ അത്തരമൊരു പരാതിയില്ലെന്നു വ്യക്തമായി.

2 പെട്രോൾ പമ്പിന് എൻഒസി അനുവദിക്കാൻ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്ക് ടി.വി.പ്രശാന്ത് അയച്ചതായി പറയുന്ന പരാതി. ഇതിൽ പ്രശാന്തിന്റെ പേരും ഒപ്പും വ്യാജമെന്നു വ്യക്തമായി. അത്തരമൊരു പരാതി മുഖ്യമന്ത്രിക്കോ അദ്ദേഹത്തിന്റെ ഓഫിസിലോ ലഭിച്ചതായി ഇതുവരെ തെളിയിക്കാനായിട്ടില്ല.

3 പെട്രോൾ പമ്പിന്റെ എൻഒസിക്കുള്ള ഫയൽ എഡിഎം വച്ചുതാമസിപ്പിച്ചെന്ന ആരോപണം. 6 പ്രവൃത്തി ദിവസം മാത്രമാണ് ഫയൽ എഡിഎമ്മിന്റെ കയ്യിലുണ്ടായിരുന്നത്.

4 എഡിഎമ്മിനെതിരെ ഗംഗാധരൻ എന്നയാൾ വിജിലൻസിനു പരാതി നൽകിയെന്നു ദിവ്യ മുൻകൂർ ജാമ്യ ഹർജിയിൽ പറഞ്ഞു. ആ പരാതി അഴിമതിയോ കൈക്കൂലിയോ സംബന്ധിച്ചല്ലെന്ന് ഗംഗാധരൻ വ്യക്തമാക്കി.

5 ഒക്ടോബർ 6ന് എഡിഎമ്മിന്റെ ക്വാർട്ടേഴ്സിനു സമീപം നവീൻ ബാബുവും പ്രശാന്തും തമ്മിൽ കാണുന്ന സിസിടിവി ദൃശ്യം. കൈക്കൂലിയുടെ സൂചന പോലും എഡിഎം നൽകിയില്ലെന്ന് 7ന് പ്രശാന്ത് പറയുന്ന ഓഡിയോ പുറത്തുവന്നതോടെ ഇത് അപ്രസക്തമായി.

മറുവശത്ത് സംഭവിച്ചത്

1 റവന്യു വകുപ്പ് രഹസ്യമായി തയാറാക്കിയ അഴിമതിരഹിതരുടെ പട്ടികയിൽ ആദ്യ സ്ഥാനക്കാരിലാണ് നവീൻ ബാബു.

2 കാര്യക്ഷമതയോടെയും സഹാനുഭൂതിയോടെയും ഉത്തരവാദിത്തം നിർവഹിച്ച ഉദ്യോഗസ്ഥനായിരുന്നു നവീൻ ബാബുവെന്ന് കുടുംബത്തിനു നൽകിയ കത്തിൽ കലക്ടർ 

3 നവീന് മന്ത്രി കെ. രാജന്റെ ക്ലീൻചിറ്റ്.

4 പ്രശാന്ത് അയച്ചത് വ്യാജ പരാതിയെന്ന് മന്ത്രി വീണാ ജോർജ്

English Summary:

Fabricated complaints against ADM k Naveen Babu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com