ADVERTISEMENT

കണ്ണൂർ ∙ എഡിഎം കെ.നവീൻ ബാബുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ബന്ധുക്കൾക്കോ മാധ്യമങ്ങൾക്കോ കിട്ടിയിട്ടില്ലാത്തതിനാൽ മരണ സമയം എപ്പോഴാണെന്നതു സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല.

മരണം നടന്നത് 15ന് പുലർച്ചെ നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലെന്നാണ് റിപ്പോർട്ടിലുള്ളതെന്നാണു സൂചന. ഒരാഴ്ചയായിട്ടും ബന്ധുക്കൾക്ക് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ല. അന്വേഷിച്ചപ്പോൾ കോടതി വഴി ലഭിക്കുമെന്ന വിവരമാണു ലഭിച്ചതെന്നു ബന്ധുക്കൾ പറഞ്ഞു.

കഴുത്തിൽ കയർ മുറുകിയാണു മരണം സംഭവിച്ചത്. ശരീരത്തിൽ മറ്റു മുറിവുകളോ മൂന്നാമതൊരാളുടെ സാന്നിധ്യമോ സംശയിക്കാവുന്ന കാര്യങ്ങളോ ഇല്ലെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിലുണ്ട്. സഹപ്രവർത്തകരായ 2 പേരുടെ വാട്സാപ്പിൽ നവീൻ ബാബു 15ന് പുലർച്ചെ 4.58ന് ഭാര്യയുടെയും മകളുടെയും മൊബൈൽ നമ്പറുകൾ അയച്ചുകൊടുത്തിരുന്നു. ഇതിനു ശേഷമാണു മരണം സംഭവിച്ചതെന്നാണു കരുതുന്നത്.

14ന് വൈകിട്ട് 6 മണിക്ക് റെയിൽവേ സ്റ്റേഷന് 200 മീറ്റർ അകലെ മുനീശ്വരൻ കോവിലിനരികിൽ വാഹനത്തിൽനിന്നിറങ്ങിയ നവീൻ ബാബു സ്റ്റേഷന്റെ പരിസരത്തേക്ക് എത്തിയിട്ടില്ലെന്നാണു സൂചന.

റെയിൽവേ സ്റ്റേഷൻ പരിസരത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങളും നവീൻ ബാബുവിന്റെ ഫോൺ ലൊക്കേഷനും പരിശോധിച്ചാണ് ഈ നിഗമനം. അതേസമയം, അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഇതുവരെ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടില്ല. മുനീശ്വരൻ കോവിലിനരികിൽനിന്ന് 3 കിലോമീറ്റർ അകലെയുള്ള ക്വാർട്ടേഴ്സിലേക്ക് നവീൻ ബാബു എപ്പോൾ, എങ്ങനെ പോയി എന്നതും വ്യക്തമല്ല.

ആത്മഹത്യക്കുറിപ്പു കിട്ടിയിട്ടില്ലെന്നാണു പൊലീസ് പറയുന്നത്. എഡിഎമ്മിന്റെ ഫോൺ പൊലീസ് കസ്റ്റഡിയിലാണ്. അതിൽ എന്തെങ്കിലും സൂചനകളുണ്ടോയെന്നു വ്യക്തമല്ല.

English Summary:

ADM Naveen Babu's death on 15th morning between half past four and five

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com