'എഡിഎം സ്വീകരിച്ചത് നിയമപരമായ നടപടി': ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ കണ്ടെത്തൽ
Mail This Article
തിരുവനന്തപുരം ∙ പെട്രോൾ പമ്പിന് എതിർപ്പില്ലാരേഖ (എൻഒസി) നൽകുന്നതു സംബന്ധിച്ച ഫയലുകളിൽ കണ്ണൂർ എഡിഎം കെ.നവീൻ ബാബു നിയമപരമായ നടപടികളാണു സ്വീകരിച്ചതെന്നു ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എ.ഗീതയുടെ അന്വേഷണത്തിൽ കണ്ടെത്തിയതായി സൂചന.
അപേക്ഷകനായ ടി.വി.പ്രശാന്തിനെ നിയമപരമായി സഹായിക്കുന്ന നിലപാടാണ് എഡിഎം സ്വീകരിച്ചതെന്ന് ഫയൽ പരിശോധനയിലും ജീവനക്കാരിൽ നിന്നു ശേഖരിച്ച വിവരങ്ങളിൽ നിന്നുമാണ് വ്യക്തമായത്. റിപ്പോർട്ട് ഇന്നോ നാളെയോ റവന്യു വകുപ്പിനു കൈമാറും.
കൈക്കൂലി ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകളൊന്നും കണ്ടെത്താനായില്ല. മുഖ്യമന്ത്രിക്കു പരാതി നൽകിയെന്നു പറയുന്ന പ്രശാന്തിൽ നിന്നും വിവരങ്ങൾ ആരാഞ്ഞു. പൊലീസ്, പൊതുമരാമത്ത്, അഗ്നിശമനസേന, ടൗൺ പ്ലാനിങ് തുടങ്ങിയവയിൽ നിന്നുള്ള എൻഒസി ലഭിച്ചാൽ മാത്രമേ അന്തിമ എൻഒസി നൽകാനാവൂ എന്നതിനാൽ ഫയൽ പിടിച്ചു വച്ചുവെന്ന ആരോപണങ്ങളും തെളിയിക്കാനായിട്ടില്ല.
ദിവ്യയുടെ മൊഴി എടുത്തില്ല
കണ്ണൂർ ∙ എഡിഎമ്മിന് എതിരെ ആരോപണം ഉന്നയിച്ച സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി.ദിവ്യയിൽ നിന്നു ജോയിന്റ് കമ്മിഷണർക്കു വിവരങ്ങൾ ശേഖരിക്കാനായില്ല. നോട്ടിസ് നൽകിയെങ്കിലും ദിവ്യ സഹകരിച്ചില്ല. നിയമപരമായി ദിവ്യയെ വിളിച്ചു വരുത്താൻ ജോയിന്റ് കമ്മിഷണർക്ക് അധികാരമില്ലെങ്കിലും പെട്രോൾ പമ്പ് അപേക്ഷകനു വേണ്ടി ഇടപെട്ട് ആരോപണം ഉന്നയിച്ച വ്യക്തിയെന്ന നിലയിലാണ് വിവരങ്ങൾ ആരായാൻ ശ്രമിച്ചത്.