പ്രശാന്തിനെതിരെ മെല്ലെപ്പോക്ക്; പരിയാരം മെഡി. കോളജിന് ഗുരുതര വീഴ്ച
Mail This Article
കണ്ണൂർ ∙ പരിയാരം ഗവ.മെഡിക്കൽ കോളജ് ജീവനക്കാരനായ ടി.വി.പ്രശാന്ത്, പെട്രോൾ പമ്പ് തുടങ്ങാൻ അപേക്ഷ നൽകിയെന്നു സമ്മതിക്കുകയും അതിനായി കൈക്കൂലി നൽകിയെന്ന് അവകാശപ്പെടുകയും ചെയ്തിട്ടും നടപടിയെടുക്കാൻ മടിച്ച മെഡിക്കൽ കോളജ് അധികൃതർക്കു സംഭവിച്ചതു ഗുരുതര വീഴ്ച. പരിയാരം സഹകരണ സൊസൈറ്റി സിപിഎം പിടിച്ചെടുത്ത ശേഷം 2009ലാണ് ഇലക്ട്രിക്കൽ വിഭാഗത്തിൽ പ്രശാന്തിനു ജോലി ലഭിക്കുന്നത്.
ഒരു വർഷത്തിനു ശേഷം ഗൾഫിലേക്കു പോയ പ്രശാന്ത് 2 വർഷത്തിനു ശേഷം നാട്ടിൽ തിരിച്ചെത്തി. ഇലക്ട്രിക്കൽ ഹെൽപർ തസ്തികയിൽ 2012 ൽ വീണ്ടും പരിയാരത്തു ജോലിയിൽ പ്രവേശിച്ചു. സർവീസ് രേഖകളിൽ 2012 മുതലുള്ള കാലയളവാണു രേഖപ്പെടുത്തിയത്. 6 വർഷം മുൻപു സഹകരണ മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്തപ്പോൾ പ്രശാന്ത് ഉൾപ്പെടെ പരിയാരത്തെ ആയിരത്തി അറുന്നൂറോളം ജീവനക്കാർ സർക്കാരിന്റെ ഭാഗമായി. ഇതിൽ പകുതിയോളം പേരുടെ ശമ്പളം, സർക്കാർ ജീവനക്കാർക്കു ശമ്പളം ലഭ്യമാക്കുന്ന സ്പാർക്ക് വഴിയാക്കിയിട്ടുണ്ട്. ബാക്കിയുള്ളവരുടെ ശമ്പളവും സ്പാർക്കിലേക്കു മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പ്രശാന്ത് ഉൾപ്പെടെ നിലവിൽ സ്പാർക്കിലേക്ക് മാറാത്തവർക്ക് ട്രഷറി വഴിയാണു ശമ്പളം ലഭ്യമാക്കുന്നത്.
പ്രശാന്തിനെതിരെ ഈ മാസം 15ന് പരാതി ലഭിച്ചിട്ടും മെഡിക്കൽ കോളജ് അധികൃതർ വിശദീകരണം തേടിയില്ല. പ്രശാന്ത് ജോലിക്കു ഹാജരായില്ലെന്നാണു ന്യായം പറയുന്നത്. എന്നാൽ, അവധി അപേക്ഷ പോലും നൽകാതെ ജോലിക്ക് ഹാജരാകാത്തതിന് എന്തുനടപടിയെടുത്തു എന്ന ചോദ്യത്തിനും ഉത്തരമില്ല. ഇതിനിടെ, പ്രശാന്തും നവീൻ ബാബുവും ഈ മാസം 6ന് തമ്മിൽ കാണുന്ന സിസിടിവി ദൃശ്യം പൊലീസ് ചോർത്തിയെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഡിജിപിക്കു പരാതി ലഭിച്ചു.