അഞ്ചര മണിക്കൂർ വൈദ്യുതി മുടങ്ങിയെന്ന് ഭക്തർ, 40 മിനിറ്റെന്ന് ദേവസ്വം ബോർഡ്; തീർഥാടകർ ശബരിമല കയറിയത് കൂരിരുട്ടിൽ
Mail This Article
തിരുവനന്തപുരം∙ മിന്നലിനെ തുടർന്നാണ് ശബരിമല കാനനപാതയിൽ രാത്രി വൈദ്യുതി മുടങ്ങിയതെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ്. നീലിമല മുതൽ അപ്പാച്ചിമേട് വരെ 19ന് വൈകിട്ട് 7 മണി മുതൽ 12.30 വരെ അഞ്ചര മണിക്കൂർ വൈദ്യുതി മുടങ്ങിയെന്നാണു ഭക്തരുടെ പരാതി. മൊബൈൽ ടോർച്ചിന്റെ വെളിച്ചമായിരുന്നു പലർക്കും ആശ്രയം. എന്നാൽ വൈദ്യുതി നിലച്ചത് 40 മിനിറ്റ് മാത്രമാണെന്നാണ് ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞത്.
പമ്പയിലെ ട്രാൻസ്ഫോമറിലുണ്ടായ തകരാറു മൂലം പകരം സംവിധാനം ഏർപ്പെടുത്താനും കഴിഞ്ഞില്ല. തുലാമാസ പൂജയ്ക്കായി ഒരു ലക്ഷത്തോളം ഭക്തരും അടിസ്ഥാന ആവശ്യങ്ങൾക്കായി ശബരിമലയിൽ കഴിയുന്ന 15.000 ത്തോളം പേരുമായതോടെ പ്രതീക്ഷിച്ചതിലേറെ വലിയ ജനസഞ്ചയം സന്നിധാനത്ത് രൂപപ്പെട്ടു. നവംബർ പത്തിനകം മണ്ഡല മകര വിളക്കിനായുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കും. 7 നടപ്പന്തലുകൾ പൂർത്തിയാകുന്നതോടെ 3500 പേർക്ക് വരി നിൽക്കാനാകും. പ്രളയത്തിൽ ഒലിച്ചുപോയ രാമമൂർത്തി മണ്ഡപത്തിനു പകരം മറ്റൊരു പന്തൽ നിർമിക്കുകയാണ്.