യുവാവ് ജീവനൊടുക്കി; എക്സൈസ് സംഘം മർദിച്ചത് മൂലമെന്ന് ബന്ധുക്കളുടെ പരാതി
Mail This Article
അടൂർ ∙ കഞ്ചാവു കേസുമായി ബന്ധപ്പെട്ട് എക്സൈസ് സംഘം വീട്ടിലെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞുപോയതിനു പിന്നാലെ യുവാവിനെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അടൂർ പഴകുളം ചാല വിഷ്ണുഭവനിൽ ചന്ദ്രന്റെയും ഉഷയുടെയും മകൻ വിഷ്ണുവിനെയാണ് (27) ഞായറാഴ്ച ഉച്ചയ്ക്ക് കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് എക്സൈസ് സംഘം ഡ്രൈവറായ വിഷ്ണുവിന്റെ വീട്ടിലെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞത്.
എക്സൈസ് സംഘം മർദിച്ചതിലുള്ള മനോവിഷമമാണ് ജീവനൊടുക്കാൻ കാരണമെന്നു കാട്ടി വിഷ്ണുവിന്റെ അമ്മാവൻ സുരേഷ് അടൂർ പൊലീസിൽ പരാതി നൽകി. വിഷ്ണുവിനെ എക്സൈസ് സംഘം മർദിച്ചെന്ന് കൂട്ടുകാരൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. വിഷ്ണുവിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പോസ്റ്റ്മോർട്ടത്തിൽ ശരീരത്തിൽ മർദനത്തിന്റെ പാടുകൾ കണ്ടെത്തിയിട്ടില്ലെന്ന് ഇൻസ്പെക്ടർ ശ്യാം മുരളി പറഞ്ഞു.
സംഭവത്തെക്കുറിച്ച് എക്സൈസ് ഇൻസ്പെക്ടർ അരുൺ അശോക് പറയുന്നത്: 17ന് വിഷ്ണുവിന്റെ വീടിനു സമീപത്തു കണ്ട യുവാവിൽനിന്ന് 10 ഗ്രാം കഞ്ചാവ് പിടികൂടി. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. യുവാവിനെ ചോദ്യം ചെയ്തപ്പോൾ വിഷ്ണുവിനും ഇതിൽ പങ്കുണ്ടെന്ന് പറഞ്ഞിരുന്നു. ഇത് അന്വേഷിക്കാനാണ് വിഷ്ണുവിന്റെ വീട്ടിലെത്തിയത്. വിവരങ്ങൾ ചോദിച്ചപ്പോൾ കയർത്തു സംസാരിച്ചു. പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനാൽ വീട്ടുകാരെ ഫോണിൽ വിളിച്ച് കാര്യങ്ങൾ പറഞ്ഞശേഷമാണ് മടങ്ങിയതെന്നും എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു.