ഉപതിരഞ്ഞെടുപ്പ് ചൂടിലേക്ക് സംസ്ഥാന രാഷ്ട്രീയം; നിർണായക ബലപരീക്ഷണം, കളംനിറഞ്ഞ് മുന്നണികൾ
Mail This Article
തിരുവനന്തപുരം∙ സ്ഥാനാർഥി ചിത്രം തെളിയുകയും പ്രചാരണ പ്രവർത്തനങ്ങളുമായി മുന്നണികൾ രംഗത്തിറങ്ങുകയും ചെയ്തതോടെ സംസ്ഥാന രാഷ്ട്രീയം ഉപതിരഞ്ഞെടുപ്പ് പോരാട്ടച്ചൂടിലായി. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കു മുൻപുള്ള രാഷ്ട്രീയ ബലപരീക്ഷണം എന്ന നിലയിൽ പാലക്കാട്, ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലം മുന്നണികൾക്ക് നിർണായകം. വയനാട്ടിൽ രാഹുൽഗാന്ധി നേടിയ ഭൂരിപക്ഷം പ്രിയങ്ക ഗാന്ധി വർധിപ്പിക്കുമോ സത്യൻ മോകേരിക്ക് അതു കുറയ്ക്കാൻ സാധിക്കുമോ എന്നതാണു ചോദ്യം.
സ്ഥാനാർഥികളെ ആദ്യം പ്രഖ്യാപിച്ച യുഡിഎഫ് പാലക്കാടും ചേലക്കരയും മണ്ഡലം കൺവൻഷനുകൾ വിളിച്ചു ചേർത്ത് പ്രചാരണ രംഗത്തെ മേൽക്കൈ നിലനിർത്തി. എൽഡിഎഫ് കൺവൻഷനുകൾ 25ന് നടക്കും. ചേലക്കരയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പാലക്കാട്ട് റോഡ് ഷോയുമായി കളം നിറഞ്ഞ ബിജെപിയുടെ മണ്ഡലം കൺവൻഷൻ തീയതികളാകുന്നതേയുള്ളൂ.
കോൺഗ്രസിന്റെ ഡിജിറ്റൽ മീഡിയ കൺവീനറായ ഡോ.പി.സരിനെ പൊടുന്നനെ പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥിയായി സിപിഎം അവതരിപ്പിച്ചതാണ് ചർച്ചാവിഷയം. കഴിഞ്ഞ രണ്ടു തവണയും സിപിഎം മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ട പാലക്കാട്ട് രണ്ടും കൽപിച്ചു രാഷ്ട്രീയ നീക്കം നടത്തുകയാണ് അവർ ചെയ്തത്. വിവാദ പരമ്പരകളിൽ പെട്ട് പ്രതിരോധത്തിൽ നിൽക്കുന്ന സാഹചര്യം മറികടക്കാനായി കോൺഗ്രസിലെ വിമത ശബ്ദത്തെ പ്രയോജനപ്പെടുത്താനുള്ള ശ്രമമാണ് പാർട്ടിയുടേത്. അതേസമയം സരിന്റെ സ്ഥാനാർഥിത്വം കോൺഗ്രസിൽ വാശിയും ഐക്യവും ശക്തിപ്പെടുത്തിയെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ച സർക്കാർ വിരുദ്ധ വികാരം കൂടുതൽ തീവ്രതയോടെ ഉപതിരഞ്ഞെടുപ്പിലും തുടരുമെന്നും പാലക്കാട് നിലനിർത്തുന്നതിനൊപ്പം ചേലക്കര കൂടി പിടിച്ചെടുക്കാമെന്നുമാണ് പ്രതീക്ഷ. സുരക്ഷിത സീറ്റായി കണക്കാക്കുന്ന ചേലക്കര സിപിഎം ഉറപ്പിക്കുന്നു. പാലക്കാട്ടെ മൂന്നാം സ്ഥാനത്തെന്ന സ്ഥിതി മാറ്റിയെടുക്കാനും അവർ ശ്രമിച്ചേക്കും. ബിജെപിയെ തോൽപിക്കാനായി എൽഡിഎഫ് വോട്ടുകൾ 2021ൽ കോൺഗ്രസിനു മറിഞ്ഞുവെന്ന ഇടതുസ്ഥാനാർഥിയുടെ സമ്മതം സിപിഎമ്മിനെ കുഴപ്പത്തിലാക്കുന്നതാണ്.
പാലക്കാട് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും രണ്ടാം സ്ഥാനത്ത് എത്തിയതു കൊണ്ടു തന്നെ അട്ടിമറി മോഹത്തിലാണ് ബിജെപി. തൃശൂർ ലോക്സഭാ സീറ്റിലും ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലും നേടാനായ ജയം ആവേശമാകുമെന്നാണ് അവരുടെ പ്രതീക്ഷ.
യുഡിഎഫിന് സ്ഥിരമായി വൻ ഭൂരിപക്ഷം ലഭിക്കുന്ന വയനാട് മണ്ഡലത്തിൽ 2014 ൽ അത് 20,870 ആയി കുറയ്ക്കാൻ കഴിഞ്ഞ സ്ഥാനാർഥി എന്ന നിലയിലാണ് സത്യൻ മോകേരിയെ സിപിഐ വീണ്ടും നിശ്ചയിച്ചത്. എന്നാൽ ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽഗാന്ധി നേടിയ 3.64 ലക്ഷം ഭൂരിപക്ഷം പ്രിയങ്കയ്ക്ക് അഞ്ചു ലക്ഷമാക്കി വർധിപ്പിക്കുക എന്നതാണ് കോൺഗ്രസ് ലക്ഷ്യം. ഇന്ന് പത്രിക നൽകുന്ന പ്രിയങ്ക വരും ദിവസങ്ങളിൽ ചേലക്കരയിലും പാലക്കാട്ടും കൂടി പ്രചാരണത്തിന് സമയം കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് പാർട്ടി.
വിമത ശല്യം ബാധിക്കില്ല: വേണുഗോപാൽ
കോടഞ്ചേരി (കോഴിക്കോട്) ∙ ഒരു വിമത ശല്യവും കോൺഗ്രസിനെ ബാധിക്കില്ലെന്നും ഉപതിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി പറഞ്ഞു. വയനാട് പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം യുഡിഎഫ് കോടഞ്ചേരി പഞ്ചായത്ത് കൺവൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.
സരിന്റെ ആരോപണങ്ങൾക്കു മറുപടി പറയേണ്ട ആവശ്യമില്ല. പാലക്കാട് സ്വന്തം വോട്ടു കൊണ്ടാണ് യുഡിഎഫ് വിജയിച്ചിട്ടുള്ളത്. പാലക്കാട് പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലാണ്. തിരഞ്ഞെടുപ്പു കാലത്ത് ആരു പിന്തുണയ്ക്കാൻ വന്നാലും സ്വീകരിക്കുമെന്നും ചേലക്കര യുഡിഎഫ് തിരിച്ചു പിടിക്കുമെന്നും വേണുഗോപാൽ പറഞ്ഞു.