ശബരിമല: തെറ്റിദ്ധാരണപരത്താനുള്ള ശ്രമം സജീവമെന്ന് മുഖ്യമന്ത്രി
Mail This Article
തിരുവനന്തപുരം∙ ശബരിമലയെക്കുറിച്ചു വിശ്വാസികൾക്കിടയിലും പൊതുസമൂഹത്തിലും തെറ്റിദ്ധാരണ പരത്താനുള്ള ശ്രമം സജീവമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിൽ സർക്കാർ നടത്തുന്ന ഇടപെടലുകളെക്കുറിച്ചു ബോധ്യമുള്ളവർ ഇതിൽ വീഴില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പറഞ്ഞു. മണ്ഡല, മകരവിളക്ക് കാലത്തിനായി നിലയ്ക്കലിൽ രണ്ടായിരത്തോളം വാഹനങ്ങൾ പാർക്ക് ചെയ്യാൻ അധിക സൗകര്യമൊരുക്കി. അരവണ സുഗമമായി ലഭിക്കാൻ സജ്ജീകരണമായി. പുതിയ ഗെസ്റ്റ് ഹൗസുകൾ നിർമിച്ചു വരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
സായിഗ്രാമവുമായി ചേർന്നുളള സൗജന്യ ഡയാലിസിസ് കേന്ദ്രങ്ങളുടെ ഉദ്ഘാടനവും സമ്പൂർണ ഡിജിറ്റൈസേഷൻ പ്രഖ്യാപനവും നിർവഹിച്ചു. വയനാടിനുള്ള ദേവസ്വം ബോർഡ് സഹായമായ ഒരു കോടി രൂപയുടെ ചെക്ക് ഏറ്റുവാങ്ങി. കിഫ്ബി പദ്ധതിയിലൂടെ 130 കോടി രൂപ ചെലവിട്ട് 4 ഇടത്താവളങ്ങൾ പൂർത്തിയായി വരികയാണെന്ന് അധ്യക്ഷത വഹിച്ച മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.