കൂറുമാറ്റം സാധ്യം, പക്ഷേ, എളുപ്പമല്ല; രാഷ്ട്രീയ ‘ആത്മഹത്യാപരമായ’ നീക്കം
Mail This Article
തിരുവനന്തപുരം ∙ 2 എംഎൽഎമാർക്കു പാർട്ടി മാറാൻ തോമസ് കെ.തോമസ് എംഎൽഎ കോഴ വാഗ്ദാനം ചെയ്തെന്നാണ് ആക്ഷേപം. കൂറുമാറ്റ നിരോധനനിയമം നിലവിലുള്ളപ്പോൾ ഇതു സാധ്യമോ?
കൂറുമാറ്റം സാധ്യമോ?
ആന്റണി രാജു ജനാധിപത്യ കേരള കോൺഗ്രസിന്റെയും കുഞ്ഞുമോൻ ആർഎസ്പി ലെനിനിസ്റ്റിന്റെയും ഏക എംഎൽഎമാരാണ്. കൂറുമാറ്റ നിരോധന നിയമപ്രകാരം, സ്വതന്ത്ര എംഎൽഎ ഏതെങ്കിലും പാർട്ടിയിൽ ചേർന്നാൽ അയോഗ്യനാകും. ഏതെങ്കിലും പാർട്ടിയുടെ പേരിൽ ജയിച്ച ഏക എംഎൽഎയാണെങ്കിൽ ഈ വ്യവസ്ഥ ബാധകമാകില്ല. ഈ പാർട്ടിയുടെ വിപ്പ് അടക്കം എല്ലാം ഈ എംഎൽഎയാണ്. അതിനാൽ വിപ്പും ബാധകമാകില്ല.
തോമസ് കെ.തോമസിന് പാർട്ടി മാറിക്കൂടേ?
ഒന്നിലധികം എംഎൽഎയുള്ള പാർട്ടിയാണെങ്കിൽ മൂന്നിൽരണ്ടു പേർ പാർട്ടി മാറിയെങ്കിൽ മാത്രമേ അയോഗ്യതയിൽനിന്നു രക്ഷപ്പെടാനാകൂ. എൻസിപിയിൽ തോമസ് കെ.തോമസും എ.കെ.ശശീന്ദ്രനും എംഎൽഎമാരാണ്. അജിത് പവാറിന്റെ പാർട്ടിക്കൊപ്പം പോകണമെന്നു തോമസ് കെ.തോമസിനു തനിച്ചു തീരുമാനിക്കാൻ കഴിയില്ല. ശശീന്ദ്രന്റെ കൂടി സമ്മതം വേണം.
2 എംഎൽഎമാർ വന്നാൽ തോമസിന് എന്തുമെച്ചം?
ആന്റണി രാജുവും കോവൂർ കുഞ്ഞുമോനും എൻസിപിയിൽ ചേർന്നു തോമസ് കെ.തോമസിന് ഒപ്പമെത്തിയാൽ നാലിൽ മൂന്നു ഭൂരിപക്ഷമായി. ഏതു നിലപാടും ഇവർക്കു സ്വീകരിക്കാം. ഈ അംഗബലം വച്ചു തോമസ് കെ.തോമസിനു മന്ത്രിസ്ഥാനത്തിനു വിലപേശുകയും ചെയ്യാം. എന്നാൽ, അതു നിഷേധിക്കപ്പെട്ടാൽ 3 പേർക്കും കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ വലിയ ഭാവിയുണ്ടാകില്ല. രാഷ്ട്രീയമായി ‘ആത്മഹത്യാപരമായ’ നീക്കമെന്നു തന്നെ കരുതാം.