വയനാട് പുനരധിവാസം: പെരുമാറ്റച്ചട്ടം ബാധകമാകില്ലെന്ന് ഹൈക്കോടതി
Mail This Article
കൊച്ചി ∙ വയനാട് ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാകില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലുളള ഹർജിയിലാണ് ജസ്റ്റിസ് ഡോ. എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി.എം.ശ്യാം കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്.
വയനാട് ലോക്സഭ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത് കണക്കിലെടുത്താണ് പ്രത്യേക നിർദേശം. വയനാട് പരിസ്ഥിതി ദുർബല മേഖലയാണെന്നത് കണക്കിലെടുക്കണമെന്നും പ്രചാരണത്തിന് ഗ്രീൻ പ്രോട്ടോക്കോൾ ഉറപ്പാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനും നിർദേശം നൽകിയിട്ടുണ്ട്.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ പെരുമാറ്റ ചട്ടം ബാധകമാകില്ലെന്നു കോടതി വ്യക്തത വരുത്തണമെന്ന് അമിക്കസ് ക്യൂറി രഞ്ജിത് തമ്പാൻ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണു നിർദേശം. 30ന് ഹർജി വീണ്ടും പരിഗണിക്കും.
കേന്ദ്രം ഇതുവരെ അടിയന്തര സഹായം നൽകിയിട്ടില്ല
കൊച്ചി ∙ 251 പേർ മരിക്കുകയും 47 പേരെ കാണാതാവുകയും ചെയ്ത വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്നു കേരളത്തിന് അടിയന്തര ദുരിതാശ്വാസ സഹായമൊന്നും കേന്ദ്രം നൽകിയിട്ടില്ലെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളണമെന്ന ആവശ്യം കേന്ദ്രസർക്കാരിൽ ഉന്നയിച്ചിട്ടുണ്ട്.
ബിസിനസ് സ്ഥാപനങ്ങളുടെ വൻ വായ്പകൾ കേന്ദ്രസർക്കാർ എഴുതി തള്ളിയെന്ന വാർത്തകളുണ്ട്. വയനാട്ടിലെ ദുരന്തബാധിതരുടെ വായ്പ ഇതനുസരിച്ചു നോക്കുമ്പോൾ വളരെ ചെറുതാണെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെംബർ സെക്രട്ടറി ഡോ.ശേഖർ എൽ.കുര്യാക്കോസ് നൽകിയ വിശദീകരണ പത്രികയിൽ പറയുന്നു.
കേരളം ഉന്നയിച്ച മൂന്നാവശ്യങ്ങളിൽ കേന്ദ്രസർക്കാരിന്റെ തീരുമാനം കാത്തിരിക്കുകയാണെന്നും സർക്കാർ അറിയിച്ചു. വയനാട്ടിലേത് തീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് ഒരാവശ്യം. രാജ്യാന്തര തലത്തിൽ ഉൾപ്പെടെ പുനരധിവാസത്തിനായി ഫണ്ട് ശേഖരണം നടത്താൻ കേരളത്തിന് ഇതുവഴി കഴിയും.
ദുരന്തത്തിന് ഇരയായ കുടുംബങ്ങളുടെ വ്യക്തിഗത വായ്പകൾ, മോട്ടർ വാഹന, ഭവന വായ്പകൾ തുടങ്ങിയവ ഡിസാസ്റ്റർ മാനേജ്മെന്റ് നിയമത്തിന്റെ 13ാം വകുപ്പ് പ്രകാരം ദേശീയ ദുരന്തനിവാരണ അതോറിറ്റി എഴുതിതള്ളുന്നത് പരിഗണിക്കണം.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കേന്ദ്രം കൂടുതൽ സഹായം നൽകണം. ദുരന്തപ്രതികരണ നിധി വ്യവസ്ഥകൾ പ്രകാരം, പൂർണമായും തകർന്ന വീടിനു 1.30 ലക്ഷം രൂപയും കുന്നിൻപ്രദേശത്തെ തകർന്ന റോഡിനു കിലോമീറ്ററിന് 75,000 രൂപയുമാണ്. നിധിയിൽ നിന്നുള്ള പണം ചെലവാക്കാൻ ഇത്തരത്തിൽ പരിധിയുള്ളതിനാൽ പുനരധിവാസ പ്രവർത്തനങ്ങൾ മതിയായി നടപ്പാക്കാനാകില്ല.
കിലോമീറ്ററിന് 75,000 രൂപയ്ക്ക് ഗ്രാമീണ റോഡുകൾ കൃത്യമായി നന്നാക്കാനാകില്ല. ദേശീയ ദുരന്തനിവാരണ നിധിയിൽനിന്നു കൂടുതൽ ധനസഹായം പെട്ടെന്നു ലഭിച്ചിരുന്നെങ്കിൽ നിയമപ്രകാരം വേഗം ദുരിതാശ്വാസ നടപടികൾ സ്വീകരിക്കാമായിരുന്നെന്നും സർക്കാർ അറിയിച്ചു.
സംസ്ഥാന സർക്കാർ കേന്ദ്ര മന്ത്രിതല സംഘത്തോടു (ഐഎംസിടി) ചർച്ച ചെയ്താണു ചെലവ് സംബന്ധിച്ച മെമ്മോറാണ്ടത്തിന്റെ കരടിൽ മാറ്റം വരുത്തി സമർപ്പിച്ചത്. അടിയന്തരമായി നൽകിയതിനാൽ ചില ചെലവിൽ വ്യക്തതയുണ്ടാകണമെന്നില്ല. ഇത് വീണ്ടും സമർപ്പിക്കേണ്ടതുണ്ട്.
സാഹചര്യങ്ങൾക്ക് സാക്ഷിയായ ഐഎംസിടി സർക്കാരിന്റെ മുന്നിലെ ഭീമമായ ദൗത്യത്തെക്കുറിച്ചു മനസ്സിലാക്കി സമയം അനുവദിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. സഹായത്തിനു വ്യവസ്ഥകൾ നിർദേശിച്ച് ഈയിടയ്ക്ക് നടപ്പാക്കിയ പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസസ്മെന്റ് മാനദണ്ഡം അനുസരിച്ചുള്ള കാര്യങ്ങൾ സർക്കാർ അന്തിമമാക്കുകയാണെന്നും അറിയിച്ചു.
വിനോദ സഞ്ചാരി പഠനം
സംസ്ഥാനത്തെ ഹിൽ സ്‌റ്റേഷനുകളിലുള്ള ടൂറിസം സെന്ററുകൾക്ക് എത്ര പേരെ ഉൾക്കൊള്ളാനാകും എന്നത് സംബന്ധിച്ചുള്ള പഠനം ഉൾപ്പെടെ നടത്തുമെന്ന് വിശദീകരിച്ചു പരിസ്ഥിതി സെക്രട്ടറി ഡോ.രത്തൻ യു.ഖേൽക്കറും സത്യവാങ്മൂലം നൽകി.
37 ഹിൽ സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്. ദിവസവും എത്തുന്നവരുടെ എണ്ണം നിലവിൽ ശേഖരിക്കുന്നില്ല. ഇത്തരം മേഖലകളിൽ എത്ര പേരെ ഉൾക്കൊളളാനാകും എന്ന പഠനം പൂർത്തിയാക്കാൻ സമയം വേണം. മൂന്നാർ,വൈത്തിരി പൂക്കോട് തടാകം,തേക്കടി,വാഗമൺ എന്നിവിടങ്ങളിലാണ് ഏറ്റവുമധികം വിനോദ സഞ്ചാരികൾ എത്തുന്നതെന്നും സർക്കാർ അറിയിച്ചു.