ADVERTISEMENT

ഇരുപതു വയസ്സുള്ള മകനെ തോളിലെടുത്ത് കംപ്യൂട്ടർ സെന്ററിന്റെ മൂന്നാംനിലയിലേക്കു പടികയറുമ്പോൾ പ്രീതിക്ക് അവനൊരു ഭാരമായി തോന്നാറേയില്ല. എന്നാലും കിതപ്പടങ്ങുമ്പോൾ പ്രീതി പറയും– ഒരൊറ്റ കംപ്യൂട്ടർ സെന്റർ പോലും താഴത്തെ നിലയിൽ പ്രവർത്തിക്കുന്നില്ല.

ഹൈഡ്രോസെഫാലസ് രോഗം ബാധിച്ച മകനെന്നല്ല, ഒന്നുമൊരു ഭാരമല്ല പ്രീതിക്ക്. അതുകൊണ്ടാണല്ലോ ബ്യൂട്ടി പാർലറും സ്റ്റിച്ചിങ് സെന്ററും ഒരു കൊച്ചു ചായക്കടയും ഒരുമിച്ചു കൊണ്ടുപോകുന്നത്. മകനെ എടുത്തും കാറോടിച്ചും വീൽചെയറിലുമൊക്കെയായി സ്കൂളിലും കോളജിലുമെത്തിക്കുന്നത്.

ഭർത്താവിനൊപ്പം ചേർന്ന്, പണിക്കാരെ നിർത്താതെ, സ്വന്തമായി ഒരു വീടുപണിതത്. ഹൃദ്രോഗം ബാധിച്ച ഭർത്താവിനും മകൾക്കും തുണയാകുന്നത്. നെടുങ്കണ്ടം വേഴപ്പറമ്പിൽ പ്രീതി ബാബു (41) നാടിന് അദ്ഭുതമാണ്; ഇല്ലായ്മകളെക്കുറിച്ച് പരാതിപ്പെടുന്നവർക്കു മുൻപിലൊരു പാഠപുസ്തകമാണ്.

ആദ്യ കുഞ്ഞ് ക്രിസ്റ്റോയുടെ ജനനം മുതൽക്കാണ് പ്രീതിയുടെ ജീവിതം മാറിയത്. തലയിൽ വെള്ളം കെട്ടിനിൽക്കുന്ന ഹൈഡ്രോസെഫാലസ് രോഗമാണ് കുഞ്ഞിനെന്നു ഡോക്ടർമാർ കണ്ടെത്തി. പിറന്ന് മൂന്നാം നാൾ ക്രിസ്റ്റോയ്ക്ക് 2 സർജറികൾ നടത്തി. രണ്ടും പരാജയപ്പെട്ടു. 15–ാം നാൾ വീണ്ടും 2 ശസ്ത്രക്രിയകൾ. അതും പരാജയപ്പെട്ടു. മുപ്പതാം നാൾ വീട്ടിലേക്കു വിട്ടു. ഇതിനിടെ മെനിഞ്ചൈറ്റിസ് വന്ന് വീണ്ടും ആശുപത്രിയിലേക്ക് ഓട്ടം. കുറച്ചുനാളത്തെ ചികിത്സയ്ക്കു ശേഷം ഡോക്ടർമാർ വീട്ടിലേക്കു പറഞ്ഞയച്ചു– വലിയ പ്രതീക്ഷയൊന്നും വേണ്ടെന്ന മുന്നറിയിപ്പോടെ. 

ക്രിസ്റ്റോയ്ക്ക് 9 മാസമായപ്പോൾ മറ്റൊരു ആശുപത്രിയിലായി ചികിത്സ. നട്ടെല്ലിലെ മുഴ നീക്കം ചെയ്യുന്നതും കാലുകൾ നിവർക്കുന്നതും ഉൾപ്പെടെ ഇതുവരെ നടത്തിയത് 17 സർജറികൾ! എന്നിട്ടും അവന്റെ കാലുകൾ ഉറച്ചില്ല. കൈകളിൽനിന്ന് സാധനങ്ങൾ വഴുതിവീണു. ഇതിനിടെ ക്രിസ്റ്റോ വളർന്നുകൊണ്ടേയിരുന്നു. ശാരീരികമായല്ല, ബുദ്ധിപരമായി. എസ്എസ്എൽസി പരീക്ഷയിൽ ഒന്നൊഴികെ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്. പ്ലസ് ടുവിൽ 4 എ പ്ലസ്, 2 എ. ക്വിസ് മത്സരത്തിൽ സ്ഥിരം വിജയി. 

നെടുങ്കണ്ടം എംഇഎസ് കോളജിൽ ബിഎ ഹിസ്റ്ററി എടുത്തായിരുന്നു പഠനം. അതുവരെ പരീക്ഷ പറഞ്ഞെഴുതിക്കാൻ സഹായിയായി (സ്ക്രൈബ്) ജൂനിയർ വിദ്യാർഥികളെയാണ് നൽകിയിരുന്നത്. ഡിഗ്രി ആദ്യ സെമസ്റ്ററിനു ശേഷം സ്ക്രൈബായി ആരെയും കിട്ടിയില്ല. അമ്മയ്ക്ക് സ്ക്രൈബായി പരീക്ഷയെഴുതാം എന്നാണു ചട്ടം. അതോടെ ക്രിസ്റ്റോയുടെ സ്ക്രൈബായി പ്രീതി ഇരുന്നു. ഉത്തരങ്ങൾ പറഞ്ഞുകൊടുക്കുന്നതിനിടെ വരുന്ന ഒരു അക്ഷരത്തെറ്റു പോലും അവൻ അമ്മയെക്കൊണ്ടു തിരുത്തിയെഴുതിച്ചു. 

അവസാന സെമസ്റ്റർ പരീക്ഷാസമയം. ഉത്തരങ്ങൾ പറയുന്നതിനിടെ ക്രിസ്റ്റോയുടെ കണ്ണുകൾ അടഞ്ഞുപോകുന്നപോലെ. പറഞ്ഞ ഉത്തരം മുഴുമിപ്പിക്കാതെ അവൻ തളർന്നുവീണു. വീണ്ടും  ആശുപത്രിയിലേക്ക്. തലച്ചോറിൽ രക്തസ്രാവമെന്നു കണ്ടെത്തി. പക്ഷേ സർജറി നടത്തിയില്ല. ഇനിയും അധികം ചികിത്സിക്കാനില്ലാത്ത പോലെ. അതോടെ ഇടുക്കി മെഡിക്കൽ കോളജിലേക്കു മാറ്റി. 2 ദിവസം വെന്റിലേറ്ററിലും 2  മാസം കിടത്തിച്ചികിത്സയുമായി വേദനയുടെയും അനിശ്ചിതത്വത്തിന്റെയും നാളുകൾ.

മരുന്നുകളുടെ പാർശ്വഫലമായി ഇതിനിടെ വൃക്കകൾ തകരാറിലായി. ആഴ്ചയിൽ 3 ഡയാലിസിസ് വീതം ചെയ്യണം. 40 കിലോമീറ്റർ അകലെ, ഇടുക്കി മെഡിക്കൽ കോളജിലേക്ക് ക്രിസ്റ്റോയ്ക്കൊപ്പം ഇലക്ട്രിക് ഓട്ടോയിൽ ബാബുവിന്റെയും പ്രീതിയുടെയും യാത്രകൾ അങ്ങനെ തുടരുന്നു. ക്രിസ്റ്റോയുടെ മുടങ്ങിയ പരീക്ഷകൾ ഇനി ഡിസംബറിലേ എഴുതിയെടുക്കാനാവൂ. അതിനിടയ്ക്കുള്ള സമയമാണ് കംപ്യൂട്ടർ പഠനത്തിനായി മാറ്റിവച്ചത്.

സ്വപ്നവീട് 

നെടുങ്കണ്ടത്ത് ഒരു കുത്തിറക്കത്തിലായിരുന്നു വീട്. അവിടെനിന്ന് ക്രിസ്റ്റോയെ തോളിലെടുത്ത് റോഡിലെത്തിച്ച് പിന്നെ കാറിൽ കയറ്റിയായിരുന്നു സ്കൂളിൽ എത്തിച്ചിരുന്നത്. മഴക്കാലത്ത് ദുരിതം കൂടും. തങ്ങൾ ഇല്ലാതായാലും മകന് സ്വന്തമായി വീൽചെയറിൽ നടക്കാൻ കഴിയുന്ന സൗകര്യം ഉണ്ടാക്കണമെന്ന ആഗ്രഹത്തിലാണ്  വീടു പണിയാൻ ശ്രമം തുടങ്ങിയത്. ചികിത്സച്ചെലവുതന്നെയായിരുന്നു പ്രധാന വെല്ലുവിളി. തനിയെ പണിതാൽ പണിക്കൂലി ലാഭിക്കാം. ഗൾഫിൽ ഇലക്ട്രിഷ്യനായി ജോലിചെയ്ത ബാബുവിന്റെ അനുഭവസമ്പത്ത് തുണയായുണ്ട്. 

ക്രിസ്റ്റോയ്ക്ക് കിട്ടിയ അവാർഡ് തുകയായ 2 ലക്ഷം രൂപയായിരുന്നു ആദ്യമൂലധനം. ബാങ്ക് വായ്പയുമെടുത്തു. ബാബുവും പ്രീതിയും ചേർന്ന് മണ്ണും കല്ലും ചുമന്നു. ചാന്തു കൂട്ടി ഇഷ്ടിക ഓരോന്നായി ഉറപ്പിച്ച് വീടെന്ന സ്വപ്നം കെട്ടിപ്പൊക്കി. പ്ലമിങ്, ഫ്ലോറിങ്, ഇലക്ട്രിക് വർക്ക്, പെയ്ന്റിങ് ഉൾപ്പെടെ എല്ലാം ബാബു ചെയ്തു. കോൺക്രീറ്റിങ്ങിനു മാത്രമാണ് ആളെ നിർത്തിയത്. അങ്ങനെ 2 വർഷവും 7 മാസവും കൊണ്ട് ആ വീട്ടിൽ സന്തോഷത്തിന്റെ പാൽമണം തൂവി. 

ഹൃദയപൂർവം

ജനിച്ച് മൂന്നാം മാസത്തിലാണ് മകൾ ക്രിസ്റ്റീനയ്ക്ക് ഹൃദയവാൽവിൽ സുഷിരം കണ്ടെത്തിയത്. ശുദ്ധരക്തവും അശുദ്ധരക്തവും കൂടിക്കലരുന്ന അവസ്ഥ. നേരെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓപ്പൺ ഹാർട്ട് സർജറിയാണ് ഡോക്ടർമാർ നിർദേശിച്ചത്. ഒരു മാസം ആശുപത്രിയിലും 3 മാസം പുറത്തും താമസിച്ചു ചികിത്സ നടത്തി. ഒടുവിൽ ക്രിസ്റ്റീന ജീവിതത്തിലേക്കു പിച്ചവച്ചു. 

2018ലെ പ്രളയകാലത്താണ് ബാബുവിന് ഹൃദയാഘാതം ഉണ്ടായത്. മണ്ണിടിഞ്ഞും ഉരുൾപൊട്ടിയും കിടക്കുന്ന വഴിയിലൂടെ കാറോടിച്ച് പ്രീതിയാണ് ബാബുവിനെ 17 കിലോമീറ്റർ അകലെ കട്ടപ്പനയിലെ ആശുപത്രിയിലെത്തിച്ചത്. 3 മേജർ ബ്ലോക്കുകളാണ് കണ്ടെത്തിയത്. 2 എണ്ണം ആൻജിയോപ്ലാസ്റ്റി ചെയ്തു. അവശേഷിക്കുന്ന ബ്ലോക്ക് നീക്കാൻ ബൈപാസ് സർജറി ചെയ്യണം. ഇത്രയധികം ആരോഗ്യപ്രശ്നങ്ങൾക്കിടയിലാണ് ബാബു ഒറ്റയ്ക്കു വീടുപണി നടത്തിയത്. ഈ വീട്ടിൽ കുസൃതിക്കുടുക്കയായി ഒരാൾകൂടിയുണ്ട്. പ്ലസ് വൺ വിദ്യാർഥി ക്രിസ്ബിൻ.

പ്രീതി കുറച്ചുകാലം ബഹ്റൈനിൽ ബ്യൂട്ടിഷ്യനായി ജോലി ചെയ്തിരുന്നു. ഇപ്പോൾ നെടുങ്കണ്ടത്ത് പിങ്ക് ഡയമണ്ട് എന്ന ബ്യൂട്ടി പാർലർ ആൻഡ് സ്റ്റിച്ചിങ് സെന്റർ നടത്തുന്നു. ആഴ്ചയിലെ 3 ഡയാലിസിസ് യാത്രകളും മകന്റെ കംപ്യൂട്ടർ പഠനവും വീട്ടുകാര്യങ്ങളും കഴിഞ്ഞുള്ള സമയം പ്രീതി തയ്യൽമെഷീൻ ചവിട്ടിത്തുടങ്ങും. നാളേക്കുള്ള കരുതൽ പോലെ. 

English Summary:

A mother in Kerala build busines and supports son with disability

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com