കൂറുമാറ്റ വിവാദം: മുഖ്യമന്ത്രി അന്വേഷിച്ചതായി 3 എംഎൽഎമാരും; അന്വേഷണം വേണമെന്ന് എൽഡിഎഫിൽ തന്നെ ആവശ്യം
Mail This Article
തിരുവനന്തപുരം ∙ ബിജെപിക്കൊപ്പമുള്ള എൻസിപിയിലേക്ക് (അജിത് പവാർ പക്ഷം) കൂറുമാറാൻ 50 കോടി രൂപ വീതം വാഗ്ദാനം ലഭിച്ചതിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തങ്ങളോടു ചോദിച്ചിരുന്നതായി എംഎൽഎമാരായ ആന്റണി രാജുവും (ജനാധിപത്യ കേരള കോൺഗ്രസ്) കോവൂർ കുഞ്ഞുമോനും (ആർഎസ്പി –ലെനിനിസ്റ്റ്) സ്ഥിരീകരിച്ചു.
തന്റെ മന്ത്രിസ്ഥാനത്തിനു തടസ്സമായത് കൂറുമാറ്റ ആരോപണമാണെന്ന് തോമസ് കെ.തോമസ് എംഎൽഎയും വാർത്താസമ്മേളനത്തിൽ സമ്മതിച്ചു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി റിപ്പോർട്ട് ചെയ്ത ആരോപണത്തെക്കുറിച്ചുള്ള ഇന്നലത്തെ ‘മനോരമ’ റിപ്പോർട്ട് സജീവ ചർച്ചയായ ദിവസം ഇതു സംബന്ധിച്ചു മുഖ്യമന്ത്രി പ്രതികരിച്ചില്ലെന്നതും ശ്രദ്ധേയം.
കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണം തോമസ് കെ.തോമസ് പൂർണമായും നിഷേധിച്ചു. അതേസമയം, ‘നിങ്ങളുടെ മന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം നിങ്ങൾക്കാണെങ്കിലും ചില ആരോപണങ്ങൾ വന്നതിനാൽ കാത്തിരിക്കണം’ എന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയോടു മുഖ്യമന്ത്രി പറഞ്ഞതായി അദ്ദേഹം സ്ഥിരീകരിച്ചു.
‘ആരോപണം കൊണ്ടല്ലേ താങ്കളുടെ മന്ത്രിസ്ഥാനം നീണ്ടുപോകുന്നത്’ എന്ന ചോദ്യത്തിനു തോമസിന്റെ മറുപടി ഇതായിരുന്നു: ‘അതെ. പക്ഷേ മുഖ്യമന്ത്രിക്കും അത് കെട്ടിച്ചമച്ച ആരോപണമാണെന്നു മനസ്സിലാകും’. പ്രതികരണം വിനയാകുമെന്നു തോന്നിയതോടെ മുഖ്യമന്ത്രി അങ്ങനെ പറഞ്ഞിട്ടില്ലെന്നു തോമസ് പിന്നീടു തിരുത്തി.
തന്റെ കുട്ടനാട് സീറ്റ് ലക്ഷ്യം വച്ച് ആന്റണി രാജു മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നു തോമസ് കെ.തോമസ് ആരോപിച്ചു. അപക്വ പ്രസ്താവനകളാണ് തോമസ് നടത്തുന്നതെന്നും ജനങ്ങൾക്കു സത്യം ബോധ്യപ്പെട്ടുകഴിഞ്ഞെന്നും ആന്റണി രാജു തിരിച്ചടിച്ചു.
ആരോപണം ഗൗരവമുള്ളതാണെന്നും അന്വേഷണം വേണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. ‘ആരോപണം ശരിയാണെങ്കിൽ അങ്ങനെയൊരാൾ എൽഡിഎഫിൽ തുടരരുത്. കാളച്ചന്തയിലെ കാളകളെപ്പോലെ എംഎൽഎമാരെ വിലയ്ക്കു വാങ്ങുന്നത് അപമാനകരമാണ്’– അദ്ദേഹം പറഞ്ഞു. തോമസ് കെ.തോമസും കോവൂർ കുഞ്ഞുമോനും അന്വേഷണം ആവശ്യപ്പെട്ടു. അന്വേഷണം പ്രഖ്യാപിച്ചാൽ സഹകരിക്കുമെന്ന് ആന്റണി രാജുവും വ്യക്തമാക്കി. മുഖ്യമന്ത്രി വിജിലൻസ് അന്വേഷണത്തിനു തയാറാകുമോ എന്നാണ് ഇനി അറിയേണ്ടത്.
‘മനോരമ’ വാർത്തയ്ക്ക് ആധാരമായ വിഷയത്തെക്കുറിച്ചു മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിരുന്നതായി ആന്റണി രാജു സമ്മതിച്ചു. ‘അദ്ദേഹത്തെ സത്യസന്ധമായി കാര്യങ്ങൾ ബോധിപ്പിച്ചു. എപ്പോൾ, എവിടെവച്ചു സംസാരിച്ചെന്നു വെളിപ്പെടുത്തുന്നില്ല. മുന്നണിമര്യാദ പാലിക്കേണ്ടതുണ്ട്. മാധ്യമങ്ങൾക്കു മുന്നിൽ പറയുന്നതിനും പരിമിതിയുണ്ട്. പറയേണ്ട അവസരം വന്നാൽ തീർച്ചയായും പറയും’– അദ്ദേഹം പറഞ്ഞു.
കൊട്ടാരക്കരയിലെത്തിയപ്പോൾ മുഖ്യമന്ത്രി നേരിട്ടു വിളിച്ചുവരുത്തി ചോദിക്കുകയായിരുന്നുവെന്നു കോവൂർ കുഞ്ഞുമോൻ അറിയിച്ചു. തോമസ് കെ.തോമസും ആന്റണി രാജുവും താനുമായി എന്തെങ്കിലും ചർച്ച നടന്നിട്ടുണ്ടോയെന്നാണു മുഖ്യമന്ത്രി ചോദിച്ചത്. അത്തരം ചർച്ച നടന്നിട്ടില്ലെന്നും അന്വേഷിക്കണമെന്നും മുഖ്യമന്ത്രിയോട് താൻ ആവശ്യപ്പെട്ടെന്നും പറഞ്ഞു.
തോമസിനെ മന്ത്രിയാക്കാൻ എൻസിപി തീരുമാനിച്ച സാഹചര്യത്തിൽ, നേരത്തേ ലഭിച്ച രഹസ്യവിവരം ബന്ധപ്പെട്ട എംഎൽഎമാരോടു മുഖ്യമന്ത്രി അന്വേഷിക്കുകയും തുടർന്ന് തോമസിനെ മാറ്റിനിർത്താൻ തീരുമാനിക്കുകയുമായിരുന്നുവെന്നാണ് ഈ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. പാർട്ടി തീരുമാനം അറിയിക്കാനെത്തിയ ചാക്കോയെയും തോമസിനെയും അക്കാര്യം ധരിപ്പിക്കുകയും ചെയ്തു.
വിവാദത്തിൽ പി.സി.ചാക്കോ പ്രതികരിക്കുമെന്നു തോമസ് കെ.തോമസ് അറിയിച്ചെങ്കിലും അദ്ദേഹം നിലപാട് വ്യക്തമാക്കിയില്ല. ഇതു സംബന്ധിച്ച് ഒരു ചർച്ചയും എൽഡിഎഫിൽ നടന്നിട്ടില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രതികരണം.
അക്കാര്യങ്ങൾ മിണ്ടാതെ മുഖ്യമന്ത്രി
ചേലക്കര ∙ എൽഡിഎഫ് സ്ഥാനാർഥി യു.ആർ.പ്രദീപിന്റെ തിരഞ്ഞെടുപ്പു കൺവൻഷൻ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഒന്നര മണിക്കൂർ പ്രസംഗിച്ചെങ്കിലും കോഴ ആരോപണമോ കണ്ണൂർ എഡിഎമ്മിന്റെ ആത്മഹത്യയോ പരാമർശിച്ചില്ല. മാധ്യമങ്ങൾ പുകമറ സൃഷ്ടിക്കുന്നുവെന്ന മുഖവുരയോടെ ആകെ പറഞ്ഞത്, മലപ്പുറം ജില്ലയെക്കുറിച്ചുള്ള പ്രസ്താവനകൾ സംബന്ധിച്ച വിവാദമാണ്.