മഅദനിയുടെ പിന്തുണയും ഇഎംഎസിന്റെ ഉപമയും ജയരാജൻ മറന്നോ?: പിഡിപി
Mail This Article
കൊച്ചി∙ 1993 ലെ ഒറ്റപ്പാലം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എസ്.ശിവരാമനു വേണ്ടി അബ്ദുൽ നാസർ മഅദനി തിരഞ്ഞെടുപ്പു പര്യടനം നടത്തിയതും ഇഎംഎസ് മഅദനിയെ ഗാന്ധിജിയോട് ഉപമിച്ചതും സിപിഎം നേതാവ് പി.ജയരാജൻ പുസ്തകത്തിൽ കുറിക്കാൻ മറന്നതിന്റെ കാരണമെന്ത് എന്ന ചോദ്യവുമായി പിഡിപി.
മഅദനി ഇസ്‌ലാമിക യുവജന സന്നദ്ധ സംഘടനയുടെ നേതാവായിരിക്കെയാണു ബാബറി മസ്ജിദ് തകർക്കപ്പെട്ടത്. അതിനു ശേഷം അദ്ദേഹം നടത്തിയ പ്രഭാഷണങ്ങളിൽ തീവ്രവാദ ചിന്ത ഉടലെടുത്തു എന്നു പറയുന്നവർ തെളിവു നൽകണം. അതേ കാലഘട്ടത്തിലാണ് അദ്ദേഹം എൽഡിഎഫിനു വേണ്ടി ഒറ്റപ്പാലത്തു പ്രചാരണം നടത്തിയത്. മുസ്‌ലിം ചെറുപ്പക്കാരിൽ തീവ്രവാദ ചിന്ത വളർത്തിയതിൽ മഅദനിക്കു പങ്കുണ്ടെന്നു ജയരാജൻ പുസ്തകത്തിൽ പരാമർശിച്ചത് അന്ധൻ ആനയെ കണ്ടതു പോലെയാണ്.
ആയുധശേഖരം കണ്ടെത്തിയതിനോ ആയുധ പരിശീലനം നടത്തിയതിനോ കേരളത്തിൽ എവിടെയും മഅദനിയുടെ പേരിൽ കേസെടുക്കുകയോ കുറ്റം തെളിയിക്കപ്പെടുകയോ ചെയ്തിട്ടില്ല എന്നിരിക്കെ അനവസരത്തിലെ ആരോപണം അവജ്ഞയോടെ തള്ളുന്നു. പ്രകോപനപരമായ പ്രസംഗത്തിന്റെ പേരിൽ പൊലീസ് പ്രതിചേർത്ത എല്ലാ കേസുകളിലും അദ്ദേഹം നിരപരാധിയെന്നാണു കോടതികൾ വിധിച്ചത്.
സംഘപരിവാറിനും ഫാഷിസത്തിനുമെതിരെ ഇന്നു മതനിരപേക്ഷ കക്ഷികളും നേതാക്കളും ഉയർത്തുന്ന പ്രതികരണമാണ് അന്നു മഅദനി ഉറക്കെ പറഞ്ഞത്. അതുകൊണ്ടാണു സംഘപരിവാർ അദ്ദേഹത്തിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടിരുന്നത്. ജയരാജൻ അതേറ്റു പിടിക്കുന്നത് അടിസ്ഥാനരഹിതമാണ്– പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ വി.എം.അലിയാർ, മുഹമ്മദ് റജീബ്, മജീദ് ചേർപ്പ്, ടി.എ.മുജീബ് റഹ്മാൻ എന്നിവർ പറഞ്ഞു.