പൊലീസുകാരിലെ മാനസിക സമ്മർദം കണ്ടെത്താൻ സർവേ
Mail This Article
തിരുവനന്തപുരം∙ മാനസിക സമ്മർദം നേരിടുന്ന ഉദ്യോഗസ്ഥരുടെ കണക്കെടുക്കാൻ വകുപ്പുതല സർവേയുമായി പൊലീസ്. മാനസിക സമ്മർദം കുറയ്ക്കാൻ ലക്ഷ്യമിട്ട് പൊലീസ് തുടക്കമിട്ട ഹാറ്റ്സ് (ഹെൽത്ത് ആൻഡ് അസിസ്റ്റൻസ് ടു ടാക്ക്ൾ സ്ട്രെസ്) പദ്ധതിയുടെ ഭാഗമായാണു വിവരശേഖരണം നടത്തുന്നത്.
പൊലീസുകാർക്കിടയിൽ മാനസിക സമ്മർദവും ആത്മഹത്യയും വർധിക്കുന്നതിനു പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണു കണക്കെടുപ്പ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഓൺലൈനായി ശേഖരിക്കാനുള്ള ഗൂഗിൾ ഫോം കഴിഞ്ഞയാഴ്ച യൂണിറ്റ് മേധാവികൾക്കു ലഭ്യമാക്കി. നാളെയാണ് വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി.
മാനസിക സമ്മർദം അനുഭവിക്കുന്നുണ്ടോ, അതിന്റെ കാരണങ്ങൾ, സമ്മർദം ജീവിതത്തെ എങ്ങനെ ബാധിക്കുന്നു തുടങ്ങിയ ചോദ്യങ്ങളാണു ഫോമിലുള്ളത്. വിവരങ്ങൾ വിലയിരുത്തിയ ശേഷം, പരിഹാരനടപടികൾക്കു രൂപം നൽകുമെന്നു പൊലീസ് വൃത്തങ്ങൾ പറഞ്ഞു. സ്വകാര്യ വിവരങ്ങൾ ശേഖരിക്കുകയല്ല ലക്ഷ്യമെന്ന് ഹാറ്റ്സ് പദ്ധതിയുടെ ചുമതലയുള്ള സോഷ്യൽ പൊലീസിങ് ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും വ്യക്തിവിവരങ്ങളടക്കം ഫോമിൽ നൽകണം. മേലുദ്യോഗസ്ഥരിൽ നിന്നുള്ള കടുത്ത നടപടികളും പീഡനങ്ങളും മാനസികസമ്മർദത്തിന്റെ മുഖ്യകാരണമാണെന്നിരിക്കെ, അക്കാര്യം സർവേയിലൂടെ വെളിപ്പെടുത്തുന്നത് സർവീസിൽ ദോഷം ചെയ്യുമെന്ന ആശങ്ക ഉദ്യോഗസ്ഥർക്കിടയിലുണ്ട്.
എഡിജിപി എം.ആർ.അജിത്കുമാർ ക്രമസമാധാനത്തിന്റെ ചുമതലയിലിരിക്കെ, പൊലീസുദ്യോഗസ്ഥരുടെ മാനസിക സമ്മർദം കുറയ്ക്കുന്നതിനുള്ള നടപടികൾ നിർദേശിച്ച് സർക്കുലർ ഇറക്കിയത് വിവാദമായിരുന്നു. താൻ വിദേശത്തായിരുന്ന സമയത്ത് സർക്കുലർ ഇറക്കിയത് പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് ചോദ്യംചെയ്തത് ഇരുവരും തമ്മിലുള്ള പോരിനും വഴിവച്ചു.