കമ്യൂണിസത്തെ എതിർക്കാൻ മുസ്‌ലിം ലീഗ് ഭീകര പ്രസ്ഥാനങ്ങളെ കൂട്ടുപിടിക്കുന്നു: പിണറായി വിജയൻ
Mail This Article
കോഴിക്കോട് ∙ മുസ്‌ലിം ലീഗ് വർഗീയ ഭീകര പ്രസ്ഥാനങ്ങളുമായി ചേർന്ന് കമ്യൂണിസത്തെ എതിർക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പി.ജയരാജന്റെ ‘കേരളം: മുസ്‌ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്‌ലാം’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘‘മുസ്‌ലിം ലീഗിനെയും ജമാഅത്തെ ഇസ്‌ലാമിയെയും ഒരു കണ്ണടകൊണ്ടു കാണരുത്. സമൂഹ പരിഷ്കരണം ആയിരുന്നു ലീഗിന്റെ ആദ്യ കാഴ്ചപ്പാട്. എന്നാൽ ജമാഅത്തെ ഇസ്‌ലാമി ഖലീഫമാരുടെ പഴയ കാലത്തേക്കു തിരിച്ചുപോകാൻ ആഗ്രഹിക്കുന്നു. മുസ്‌ലിം ലീഗിന് ഇന്ത്യയ്ക്കു പുറത്ത് സഖ്യം ഇല്ല.
ജമാഅത്തെ ഇസ്‌ലാമി ശത്രുക്കളെ ഇല്ലാതാക്കാൻ മടിക്കാത്തവരാണ്. അതിനായി സാമ്രാജ്യത്വ ശക്തികളെ കൂട്ടുപിടിക്കും. ലീഗ് ചെയ്യുന്ന അപരാധം കാണാതിരുന്നുകൂടാ. ഇസ്‌ലാമിലെ ആർഎസ്എസ് ആണ് ജമാഅത്തെ ഇസ്‌ലാമി. എസ്ഡിപിഐയുമായും വർഗീയ സംഘടനകളുമായും കൂട്ടു ചേർന്നു ലീഗ് വലിയ ആപത്ത് ഉണ്ടാക്കുന്നു. ഇത് ലീഗിലെ അണികളെ മതതീവ്രവാദ ശക്തികളിലേക്കു കൊണ്ടുപോകുന്നു. ലീഗിന്റെ അവസരവാദം തുറന്നു കാട്ടണം. ആർഎസ്എസ് ശാഖയ്ക്ക് കാവൽ നിന്നു എന്നു പറയുന്ന കെ.സുധാകരനാണ് മുന്നണി നേതാവ്. അവിടെ നിന്നാണ് ലീഗ് ആർഎസ്എസിനെ എതിർക്കുന്നത്.
ദേശീയതയെ ജമാഅത്തെ ഇസ്‌ലാമി അംഗീകരിക്കുന്നില്ല. ലീഗിന് ഈ നിലപാട് ഉണ്ട് എന്നു പറയാനാവില്ല. മതാടിസ്ഥാനത്തിൽ രാഷ്ട്രങ്ങളെ വേർതിരിക്കുക. പിന്നീട് ഇസ്‌ലാമിക സാമ്രാജ്യം സ്ഥാപിക്കുക എന്നതാണ് ജമാഅത്തെയുടെ പരിപാടി. സംഘപരിവാറിന് ആദ്യത്തേതിനോടു യോജിപ്പാണ്. പിന്നീട് ഹിന്ദു സാമ്രാജ്യം സ്ഥാപിക്കുക എന്നതാണു സംഘ പരിവാർ ലക്ഷ്യം. രണ്ടും ഒരേ തൂവൽ പക്ഷികളാണ്.
എസിഡിപിഐയുമായും ജമാഅത്തെ ഇസ്‌ലാമിയുമായും ഏതു വർഗീയ ഭീകര സംഘടനയുമായും കൂട്ടു ചേരുകയാണ് ലീഗ്. ഭീകര സംഘടനകൾക്കു മാന്യത നൽകുന്ന പരിപാടിയാണ് ലീഗ് കാണിക്കുന്നത്. ലീഗ് അണികളിൽ തന്നെ ഇതിനോട് എതിർപ്പാണ്. മത തീവ്രവാദ ശക്തികളോട് സഹകരിക്കില്ല എന്നു പ്രഖ്യാപിക്കുകയാണ് ലീഗ് ചെയ്യേണ്ടത്. പക്ഷേ, അവർക്ക് അതിനു കഴിയുന്നില്ല.
മലപ്പുറത്തിന്റെ കാര്യത്തിൽ ലീഗ് പ്രചരിപ്പിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണ്. മുസ്‌ലിം ലീഗാണ് മലപ്പുറം ജില്ലയെ അപകീർത്തിപ്പെടുന്നത്. മലപ്പുറം ജില്ലയിലാണ് കൂടുതൽ കേസ് എന്ന് ആരും എവിടെയും പറഞ്ഞിട്ടില്ല. കുറ്റകൃത്യങ്ങൾ കുറവുള്ള ജില്ലയാണ് മലപ്പുറം. ലീഗ് അസത്യം പ്രചരിപ്പിക്കുന്നു. എൽഡിഎഫ് സർക്കാർ അപമാനിക്കുന്നു എന്നു പറഞ്ഞാൽ എങ്ങനെ ശരിയാകും.
മലപ്പുറം ജില്ലയിൽ അസാധാരണമായി ഒന്നും ഇല്ല. മറ്റു ജില്ലകളെ അപേക്ഷിച്ച് ഭേദപ്പെട്ട സ്ഥിതിയാണ്. മലപ്പുറം ജില്ലയിലല്ല കൂടുതൽ കേസുകൾ. എറണാകുളത്തും തിരുവനന്തപുരത്തും ഒരു ലക്ഷത്തിലേറെ കേസുകൾ ഉള്ളപ്പോൾ മലപ്പുറത്ത് 42,676 കേസുകൾ മാത്രമാണ്.
ജനസംഖ്യാനുപാതികമായി നോക്കുമ്പോൾ 10.35% മാത്രമാണു മലപ്പുറത്തെ കേസുകൾ. കുറ്റം ചെയ്തവർക്ക് എതിരെയാണ് കേസ്. പ്രത്യേക വ്യാഖ്യാനം നൽകി കുറ്റവാളികളെ സംരക്ഷിക്കാം എന്നു കരുതേണ്ട. കുറ്റം ചെയ്യാത്തവരെ പരിചയാക്കി കുറ്റവാളികളെ സംരക്ഷിക്കാം എന്നും ആരും കരുതേണ്ട’’– മുഖ്യമന്ത്രി പറഞ്ഞു.
ഇ.പി.ജയരാജൻ അധ്യക്ഷത വഹിച്ചു. സിപിഎം നേതാക്കളായ പാലോളി മുഹമ്മദുകുട്ടി, ടി.കെ.ഹംസ, കെ.ടി.ജലീൽ എംഎൽഎ, മേയർ കെ.ബീനാ ഫിലിപ്പ്, കാസിം ഇരിക്കൂർ, ഡോ.ഹുസൈൻ രണ്ടത്താണി, കെ.ടി.കുഞ്ഞിക്കണ്ണൻ എന്നിവർ പ്രസംഗിച്ചു.