ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിലെ പ്രവാസികൾക്കായി തിരക്കുള്ള സീസണിൽ ചാർട്ടേഡ് വിമാന സർവീസ് നടത്താനുള്ള നീക്കം സംസ്ഥാന സർക്കാർ ഉപേക്ഷിച്ചു. വിമാനക്കമ്പനികളുമായും വ്യോമയാന മന്ത്രാലയവുമായും ചർച്ച നടത്തിയെങ്കിലും കേന്ദ്രാനുമതി ലഭിക്കില്ലെന്നുറപ്പായി. ഇതോടെ, നോർക്ക വഴി നടത്തിയിരുന്ന ചർച്ചകൾ അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. പകരം, ഗൾഫിലേക്കു യാത്രക്കപ്പൽ സർവീസിനു മുൻഗണന നൽകും. രാജ്യാന്തര വിമാന സർവീസ് ഇരു രാജ്യങ്ങൾ തമ്മിലുള്ള ഇടപാടായതിനാൽ സംസ്ഥാനത്തിനു പരിമിതിയുണ്ടെന്നു കേന്ദ്രം അറിയിച്ചു. ചാർട്ടേഡ് വിമാനം ഏർപ്പെടുത്തുന്നത് വിമാനക്കമ്പനികൾക്കു നഷ്ടമുണ്ടാകും എന്നതിനാൽ അവർ മറ്റു സർവീസുകളിൽനിന്നുകൂടി പിന്മാറാൻ സാധ്യതയുണ്ടെന്നുംചൂണ്ടിക്കാട്ടി.

ഗൾഫ് മേഖലയിലെ പ്രവാസികളിൽനിന്ന് ടിക്കറ്റിന് ഉയർന്ന നിരക്ക് ഈടാക്കുന്ന സാഹചര്യത്തിലാണ് ചാർട്ടേഡ് സർവീസ് എന്ന ആശയം വന്നത്. 2023–24ലെ ബജറ്റിൽ പദ്ധതിയും 15 കോടി രൂപയുടെ കോർപസ് ഫണ്ടും പ്രഖ്യാപിച്ചു. ചാർട്ടർ ചെയ്യാനുള്ള ക്വട്ടേഷനുകൾ എയർലൈൻ ഓപ്പറേറ്റർമാരിൽനിന്നു വാങ്ങി ഈ സീറ്റുകളിൽ മിതമായ നിരക്കിൽ ടിക്കറ്റ് നൽകാനായിരുന്നു ഉദ്ദേശ്യം. എയർലൈൻ ഓപ്പറേറ്ററുടെ നഷ്ടം നികത്താനാണ് കോർപസ് ഫണ്ട്. 26% സർക്കാർ ഓഹരിയുമായി ‘എയർ കേരള’ എന്ന പേരിൽ വിമാനക്കമ്പനിആലോചിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല.

ഇനി യാത്രക്കപ്പൽ

∙ ഗൾഫിലേക്കുള്ള യാത്രക്കപ്പൽ പദ്ധതിയിൽ 4 കമ്പനികൾ താൽപര്യം പ്രകടിപ്പിച്ചു. ചെന്നൈയിലെ വൈറ്റ് സീ ഷിപ്പിങ് ലൈൻസ്, കോഴിക്കോട്ടെ ജബൽ വെഞ്ചേഴ്സ് എന്നിവ പദ്ധതിരേഖ കൈമാറി. കപ്പലിന്റെ വിശദാംശം സഹിതം അനുമതിക്കായി ഷിപ്പിങ് ഡയറക്ടറേറ്റിന് അപേക്ഷ നൽകാൻ ഇവരോടു നിർദേശിച്ചിട്ടുണ്ടെങ്കിലും കൂടുതൽ സമയം ചോദിച്ചിരിക്കുകയാണ്.

English Summary:

Chartered flight: No permission from Central government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com